രാജകുമാരി∙ തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും പരിഹാരം കണ്ടെത്താൻ കഴിയാതെ അധികൃതർ. കഴിഞ്ഞ ദിവസം രാജാക്കാട് മേഖലയിലെ എയ്ഡഡ് സ്കൂളിൽ രണ്ടാം ക്ലാസുകാരിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
2022ൽ പ്രഖ്യാപിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്റർ ഇതുവരെ യാഥാർഥ്യമാകാത്തതാണ് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണം.
ജില്ലയുടെ പല ഭാഗത്തും അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി എബിസി സെന്ററിലെത്തിച്ച് വന്ധ്യംകരിച്ച് പരിപാലിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എബിസി സെന്റർ നിർമിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലം വിട്ടുനൽകിയിരുന്നു. 3.20 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി ആദ്യഘട്ടത്തിൽ ഒന്നര കോടി രൂപയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം.
പഞ്ചായത്തുകൾ 4 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും 8 ലക്ഷം രൂപ വീതവും പദ്ധതിക്കായി നീക്കിവയ്ക്കാനാണ് നിർദേശം.
പെരുകുന്ന തെരുവുനായ്ക്കൾ
കഴിഞ്ഞ വർഷം ജില്ലയിലെ തെരുവുനായ്ക്കളുടെ കണക്കെടുപ്പ് നടത്തിയെങ്കിലും എണ്ണം പുറത്തുവിട്ടിട്ടില്ല. ഇതിനു മുൻപ് 2019ൽ നടത്തിയ കണക്കെടുപ്പിൽ ജില്ലയിലാകെ 7375 തെരുവുനായ്ക്കളുണ്ടെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ.
എബിസി സെന്ററുകളില്ലാത്തതിനാലും വന്ധ്യംകരണ തോത് കുറവായതിനാലും തെരുവുനായ്ക്കളുടെ എണ്ണം ഇതിന്റെ പല മടങ്ങ് വർധിക്കാനാണ് സാധ്യത. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ചിന്നക്കനാൽ, കുമളി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണുണ്ടായത്.
വാക്സീൻ എടുത്തവ കുറവ്
വളർത്തുമൃഗങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഗവ.
മൃഗാശുപത്രികളിൽ പേവിഷ പ്രതിരോധ കുത്തിവയ്പെടുക്കും. വർഷത്തിൽ ഒരു തവണയെങ്കിലും തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നതിനായി ക്യാംപെയ്ൻ സംഘടിപ്പിക്കാറുണ്ട്.
എന്നാൽ ജില്ലയിൽ എല്ലായിടത്തും ഇത്തവണ ക്യാംപെയ്ൻ സംഘടിപ്പിച്ചിട്ടില്ല. നിലവിൽ തൊടുപുഴ നഗരസഭയിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടന്നുകാെണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വരെ 26 നായ്ക്കൾക്കാണ് ഇവിടെ പ്രതിരോധ കുത്തിവയ്പെടുത്തത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അടിയന്തരമായി വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. തെരുവുനായ്ക്കളുടെ എണ്ണം കൂടുതലാണെങ്കിലും മുൻ വർഷങ്ങളിലെ ക്യാംപെയിനുകളിൽ പ്രതിരോധ കുത്തിവയ്പെടുക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറവായിരുന്നു. 2023ൽ 311 തെരുവുനായ്ക്കൾക്കും 2024ൽ 320 തെരുവുനായ്ക്കൾക്കും മാത്രമാണ് പ്രതിരോധ കുത്തിവയ്പെടുത്തത്.
തെരുവിൽ തള്ളുന്നവരും കുറ്റക്കാർ
വിദേശ ഇനത്തിലുള്ള വളർത്തുനായ്ക്കളെ ഉൾപ്പെടെ പ്രായമാകുമ്പോഴും രോഗം ബാധിക്കുമ്പോഴും തെരുവിൽ തള്ളുന്നവരുടെ എണ്ണം കൂടുകയാണെന്ന് മൃഗസ്നേഹികൾ ആരോപിക്കുന്നു.
നായ്ക്കളെ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലൈസൻസ് എടുക്കണമെന്ന നിയമം ഇതുവരെ നടപ്പിലായില്ല. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വളർത്തുനായ്ക്കൾക്ക് ലൈസൻസ് അനുവദിക്കുന്നത്.
വാഗമണ്ണിൽ തെരുവുനായ വിനോദസഞ്ചാരിയെ ആക്രമിച്ചു
വാഗമൺ∙ തെരുവുനായ വിനോദസഞ്ചാരിയുടെ കാൽ കടിച്ചു കീറി. ഒപ്പം ഉണ്ടായിരുന്നവർ ബഹളം കൂട്ടിയപ്പോഴാണ് നായ കാലിൽ നിന്നു പിടിവിട്ടത്.
കാലിൽ നിന്നു രക്തം വാർന്ന് ഒഴുകിയതിനെ തുടർന്ന് ഉടൻ തന്നെ സഞ്ചാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കോലാഹലമേട് ജംക്ഷനു സമീപത്താണ് സംഭവം. ഗതാഗതക്കുരുക്കിനെ തുടർന്ന് നടന്നു പോകുകയായിരുന്ന സഞ്ചാരിയെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന പെട്ടിക്കടയുടെ അടിയിൽ പ്രസവിച്ചു കിടന്ന നായയാണ് ആക്രമിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

