തൊടുപുഴ ∙ വെള്ളിയാമറ്റം പഞ്ചായത്തിന്റെ അഞ്ചാം വാർഡും ഉടുമ്പന്നൂർ പഞ്ചായത്തിന്റെ പതിനൊന്നാം വാർഡും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശത്തെ ചെപ്പുകുളം കുരിശുപള്ളി – കെപിസി കവല പഞ്ചായത്ത് മൺ റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തം. നിലവിൽ റോഡിന്റെ ഏകദേശം 170 മീറ്റർ ദൂരം കാൽനട
യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിൽ തകർന്നു കിടക്കുന്ന അവസ്ഥയാണ്. പ്രായമായവരും വിദ്യാർഥികളും ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെപ്പേർ ആശ്രയിക്കുന്ന റോഡാണിത്. മൺ റോഡായതിനാൽ മഴക്കാലം കൂടി ആയതോടെ കുണ്ടും കുഴിയും കാരണം റോഡ് പൂർണമായി തകർന്നു.
ചെറുതും വലുതുമായ കല്ലുകൾ ഇളകി മാറിയതാണ് കൂടുതൽ അപകടകരം.
ഇത് വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. സൂക്ഷ്മതയോടെ ഓടിച്ചില്ലെങ്കിൽ വാഹനം തെന്നി മറിയും.
മാത്രമല്ല മഴയത്ത് വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്കു ചെളി വെള്ളം തെറിക്കും. കൂടാതെ റോഡിലെ സൈഡിൽ കെട്ടിയ കൽക്കെട്ട് തകർന്നതും അപകട
സാധ്യത വർധിക്കുന്നു. ഈ റോഡിലൂടെ രോഗികളെയും മറ്റും വാഹനത്തിൽ കൊണ്ടുപോകാൻ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
2 പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന റോഡ് ആയതിനാൽ ടാറിങ് ആര് ചെയ്യണമെന്ന തകർക്കമാണു നിലവിലെ അവസ്ഥയ്ക്കു കാരണം.
അധികൃതരുടെ പഴിചാരൽ കാരണം നിലവിൽ ദുരിതത്തിലായിരിക്കുന്നത് ജനങ്ങളാണ്. എത്രയും പെട്ടെന്ന് ടാർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]