അടിമാലി ∙ ആനച്ചാൽ ടൗണിൽ ഫർണിച്ചർ വ്യാപാര സ്ഥാപനം കത്തി നശിച്ചു. ആനവിരട്ടി കാടായം വർക്കിയുടെ ഉടമസ്ഥതയിൽ 3 നിലകളിലായി പ്രവർത്തിച്ചു വന്നിരുന്ന ന്യൂ മോഡേൺ ഫർണിച്ചർ സ്ഥാപനവും വർക്ക് ഷോപ്പ് ഏരിയയുമാണ് പൂർണമായും കത്തിപ്പോയത്.
സമീപത്തുള്ള 2 കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 2 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ കെട്ടിടത്തിന്റെ അടിനിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.
വർക്ക് ഷോപ്പിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളിയാണ് തീപിടിത്തം ആദ്യം അറിഞ്ഞത്.
ഇദ്ദേഹം പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തടി കൊണ്ടുള്ളതും അല്ലാത്തതുമായ ഗൃഹോപകരണങ്ങൾ, കിടക്കകൾ ഉൾപ്പെടെ വൻ ശേഖരമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.
ഇതോടൊപ്പം വർക്ഷോപ്പിൽ ഫർണിച്ചർ നിർമാണത്തിനുള്ള തടി ഉരുപ്പടികളും സൂക്ഷിച്ചിരുന്നു. അടിമാലി, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന വിഭാഗം എത്തി 4 മണിക്കൂർ പണിപ്പെട്ടാണ് തീ അണയ്ക്കാനായത്.
3,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. വൈദ്യുത ഷോർട്ട് സർക്കീറ്റ് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
30 വർഷത്തോളമായി ആനച്ചാലിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനമാണിത്. ഇതിനു സമീപത്തുള്ള ഉപ്പുമാക്കൽ ഷിന്റോയുടെ ഉടമസ്ഥതയിലുള്ള കാൻഡിൽ വുഡ് ബേക്കറി ആൻഡ് ഹോംസ്റ്റേ കെട്ടിടത്തിനും, ജിയോ മൊബൈൽ സർവീസ് സെന്റർ സ്ഥാപനം പ്രവർത്തിക്കുന്ന ബംഗ്ലാവ് പറമ്പിൽ അസീസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]