
വീടുകളിൽ വെളിച്ചം എത്തിച്ച പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 85 വയസ്സ്; ഏഷ്യയിലെ ആദ്യത്തേത്
മൂന്നാർ ∙ ഏഷ്യയിലെ ആദ്യ ജലവൈദ്യുത പദ്ധതികളിലൊന്നായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 85 വയസ്സ്. 1940ലാണ് തിരുവിതാംകൂർ ഭരണകൂടം പദ്ധതി പൂർത്തിയാക്കിയത്.
മൂന്നാറിലെ തേയിലത്തോട്ടം ഉടമകളായിരുന്ന കണ്ണൻദേവൻ കമ്പനി അന്നത്തെ കാലത്ത് പള്ളിവാസലിൽ 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന ജലവൈദ്യുത നിലയം പ്രവർത്തിപ്പിച്ചിരുന്നു. 1933ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ മൂന്നാർ സന്ദർശനത്തിന് എത്തി.
സന്ദർശനവേളയിൽ ഈ പദ്ധതി കാണാനിടയായതാണ് പൊതുമേഖലയിൽ ഏഷ്യയിലെ തന്നെ ആദ്യ ജലവൈദ്യുത പദ്ധതിയുടെ പിറവിക്ക് കാരണമായത്. ദിവാന്റെ ഇടപെടലിനെ തുടർന്ന് 1940 മാർച്ച് 19നു പള്ളിവാസൽ പദ്ധതി കമ്മിഷൻ ചെയ്ത് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി വെള്ളം തടഞ്ഞു നിർത്തുന്നതിന് പഴയ മൂന്നാറിൽ നിർമിച്ച തടയണയ്ക്ക് ദിവാന്റെ പേരായ രാമസ്വാമി അയ്യർ ഹെഡ് വർക്സ് ഡാം എന്നാണ് പേരു നൽകിയിരിക്കുന്നത്. 9000 കിലോവാട്ടായിരുന്നു ആദ്യ ഉൽപാദന ശേഷി.
മുതിരപ്പുഴയാറിൽ പഴയ മൂന്നാറിൽ തടയണ നിർമിച്ച് വെള്ളം തുരങ്കം വഴി പള്ളിവാസലിലെത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. മുതിരപ്പുഴയിലെ വെള്ളം മതിയാകാതെ വന്നതോടെ മാട്ടുപ്പെട്ടിയിലും കുണ്ടളയിലും പിന്നീട് അണക്കെട്ടുകൾ സ്ഥാപിച്ചു.
മാട്ടുപ്പെട്ടിയിൽ നിലവിൽ 2 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. നിലവിൽ പള്ളിവാസൽ പദ്ധതിയുടെ ഉപയോഗശേഷം പുറന്തള്ളുന്ന വെള്ളമുപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുളള പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിൽ കഴിഞ്ഞിരുന്നപ്പോഴും തിരുവതാംകൂറിന്റെ വ്യവസായ സ്വപ്നങ്ങൾക്കൊപ്പം വീടുകളിലും വെളിച്ചമെത്തിക്കാനായത് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി വഴിയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]