തൊടുപുഴ∙ നിലച്ചു പോകുമെന്ന പ്രചാരണത്തെ തച്ചുടച്ചു പുത്തൻ ഭാവത്തിൽ ജനകീയൻ ബസ് ഇന്നു മുതൽ. ഒരു മാസത്തെ ഇടവേളയ്ക്കൊടുവിൽ ബസിൽ ഇന്ന് വീണ്ടും ഡബിൾബെൽ.
രാവിലെ 7.15 ന് മറ്റത്തിപ്പാറ പള്ളിയുടെ മുൻവശത്ത് നിന്നു നീലൂർക്കായിരിക്കും ആദ്യയാത്ര. 18 വർഷമായി കരിങ്കുന്നത്തിനും നീലൂരിനുമിടയിലുള്ള 10 കിലോമീറ്റർ ദൂരത്തിനിടയിൽ താമസിക്കുന്ന വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ജനകീയൻ യാത്ര അവസാനിപ്പിച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് ഇതോടെ മറുപടിയാകും.
ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഓഗസ്റ്റ് ആദ്യവാരത്തോടെ ബസ് ഓട്ടം താൽക്കാലികമായി നിർത്തി വച്ചിരുന്നു.
പുതിയ ബസ് വാങ്ങി സർവീസ് പുനരാരംഭിക്കാമെന്ന ആശയം ഉയർന്നുവെങ്കിലും 25 ലക്ഷത്തോളം രൂപ സമാഹരിക്കുക എന്നത് വലിയ പ്രതിസന്ധി ആയതിനാൽ പഴയബസ് ഫിറ്റ്നസ് നേടി പുറത്തിറക്കുകയായിരുന്നെന്ന് ജനകീയന്റെ ഉടമകളായ ജനകീയ ബസ് ഐക്യവേദിയിലെ അംഗങ്ങൾ പറയുന്നു.
ബസ് സർവീസ് നിലച്ചു പോകുമെന്ന ഘട്ടത്തിൽ മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളി വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടിന്റെ നേതൃത്വത്തിൽ കരിങ്കുന്നം മുതൽ നീലൂർ വരെയുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടെ ബസ് ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിനുള്ള തുക സമാഹരിക്കുകയായിരുന്നു. നേരത്തെ 72 അംഗങ്ങളുണ്ടായിരുന്ന ജനകീയ ബസ് ഐക്യവേദിയിൽ ഇപ്പോൾ 120 അംഗങ്ങളായി.
എല്ലാ ദിവസവും രാവിലെ 6.30ന് മറ്റത്തിപ്പാറയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 7ന് നീലൂരിൽ അവസാനിക്കും. സ്വകാര്യവാഹന യാത്ര ഒഴിവാക്കി ജനകീയനിൽ യാത്ര ചെയ്ത് സംരംഭം വിജയിപ്പിക്കണമെന്നാണ് ജനകീയ ബസ് ഐക്യവേദിയുടെ അഭ്യർഥന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]