
നെടുങ്കണ്ടം ∙ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ രാമക്കൽമേടിന്റെ വികസനത്തിന് ക്രിയാത്മക ഇടപെടലുണ്ടാകുന്നില്ലെന്ന് പരാതി. രാമക്കൽമേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണത്തിനായി 1.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പശ്ചാത്തലത്തിൽ ടൂറിസത്തിന് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സംസ്ഥാന ടൂറിസം വകുപ്പിന്റെ സംരംഭങ്ങൾക്ക് രാമക്കൽമേട്ടിൽ വലിയ സാധ്യതയുണ്ടെന്നും ഹൈറേഞ്ച് മേഖലയിലെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താൻ രാമക്കൽമേട് പോലുള്ള ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിലൂടെ കഴിയുമെന്നും വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) കണക്കനുസരിച്ച് ദിവസവും ശരാശരി ആയിരത്തോളം സഞ്ചാരികൾ ഇവിടെ എത്തുന്നു. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ രാമക്കൽമേട് ബഹുദൂരം പിന്നിലാണ്.
ഭൂമിശാസ്ത്രപരമായും ഐതിഹ്യപരമായും സവിശേഷമായ രാമക്കൽമേട്ടിൽ ഒട്ടേറെ പദ്ധതികൾ മുൻപ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും നടപ്പായില്ല.
ശിൽപങ്ങൾ സംരക്ഷിക്കണം
സമുദ്രനിരപ്പിൽനിന്ന് മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേടിന്റെ വിമാനദൃശ്യം (ഫ്ലൈറ്റ് വ്യൂ) അതിമനോഹരമാണ്. ആമപ്പാറ വ്യൂ പോയിന്റിന്റെ വികസനവും ഓഫ് റോഡ് ജീപ്പ് സവാരിയും സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും കൂടുതൽ ക്രിയാത്മകമായ വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്.
വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കുറവൻ-കുറത്തി, മലമുഴക്കി വേഴാമ്പൽ ശിൽപങ്ങൾ രാമക്കൽമേടിനെ പ്രസിദ്ധമാക്കിയെങ്കിലും പിന്നീട് കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ശിൽപങ്ങൾ വേണ്ട
വിധം പരിപാലിക്കപ്പെടുന്നില്ല. ഫോട്ടോ ഫ്രെയിമും സെൽഫി പോയിന്റുമാണ് ഏറ്റവുമൊടുവിലായി സ്ഥാപിച്ച ടൂറിസം പ്രവർത്തനങ്ങൾ.
സെൽഫി പോയിന്റ് നാശത്തിന്റെ വക്കിലാണ്. റോപ് വേ, ഗ്ലാസ് ബ്രിജ് തുടങ്ങി പ്രഖ്യാപനങ്ങളും പഠനങ്ങളും നടന്നെങ്കിലും ഒന്നും നടപ്പായില്ല.
ശുചിമുറിയുടെ അവസ്ഥ ദയനീയം
ഡിടിപിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കിലെ ഉപകരണങ്ങൾ പലതും പൊട്ടിയും തുരുമ്പെടുത്തും നശിച്ചു.
ശുചിമുറികൾ ഉണ്ടെങ്കിലും ഇവ അപര്യാപ്തമാണെന്നു നാട്ടുകാർ പറയുന്നു. കുറവൻ -കുറത്തി ശിൽപത്തിനു മുകളിലുള്ള ശുചിമുറികളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത വിധം ദുർഗന്ധം വമിക്കുന്നതാണെന്നും സഞ്ചാരികൾ പറയുന്നു.
വൃത്തിയും നിലവാരവുമുള്ള കൂടുതൽ ശുചിമുറികൾ രാമക്കൽമേട്ടിൽ സ്ഥാപിക്കണമെന്നാണ് ആവശ്യം.
പദ്ധതികൾ പാതിവഴിയിൽ
ആമപ്പാറ – കുറവൻ കുറത്തി മലകളെ ബന്ധിപ്പിക്കുന്ന റോപ് വേ യാഥാർഥ്യമാക്കണം. സാഹസിക വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതയുള്ള രാമക്കൽമേട്ടിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയും.
വിദേശികളെയും ഇതര സംസ്ഥാന ടൂറിസ്റ്റുകളെയും ആകർഷിക്കാൻ സ്പൈസസ് മ്യൂസിയം, പൂച്ചെടികളും മരങ്ങളും ഉൾപ്പെടുത്തി സമഗ്ര സൗന്ദര്യവൽക്കരണം, ട്രെക്കിങ്, രാത്രികാല വിനോദത്തിനായി വാട്ടർ ഡാൻസ്, ലൈറ്റ് ഷോ തുടങ്ങിയ പദ്ധതികൾ ആരംഭിച്ച്, പ്രവേശന സമയം നീട്ടി നൽകണമെന്നും ആവശ്യമുയരുന്നു. സഞ്ചാരികൾക്ക് തമിഴ്നാടിന്റെ രാത്രികാല കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ഡിടിപിസിക്ക് അധിക വരുമാനം കണ്ടെത്താനും കഴിയും.
നിലവിൽ രാവിലെ 8.30 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശന സമയം. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 15 രൂപ, 15 വയസ്സിനു മുകളിലുള്ളവർക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്.
രാമക്കൽമേട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം ഡിടിപിസിയ്ക്കും 40 ശതമാനം ടൂറിസം വകുപ്പിനുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]