
കരാറുകാരൻ കോൺക്രീറ്റ് പൊളിച്ചു; 5 മാസമായി യാത്രക്കാർക്ക് ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം∙ നെയ്യശ്ശേരി –തോക്കുമ്പൻ സാഡ് റോഡ് പണിയുമായി ബന്ധപ്പെട്ട് കോട്ടപ്പാറ കൊച്ചുപടിക്കകം റോഡിന്റെ തുടക്ക ഭാഗത്തുണ്ടായിരുന്ന കോൺക്രീറ്റ് കരാറുകാരൻ കുത്തിപ്പൊളിച്ചു. 5 മാസമായി ഈ മേഖലയിലുള്ള നാട്ടുകാർക്ക് യാത്ര ദുരിതത്താൽ കഷ്ടപ്പെടുകയാണ്. 2 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തുടക്ക ഭാഗമാണ് കുത്തിപ്പൊളിച്ചത്. പ്രായമായവരും കുട്ടികളുമാണ് കഷ്ടത അനുഭവിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഈ മേഖലയിൽനിന്ന് ഒരു രോഗിയെ മെയിൻ റോഡിൽ കൊണ്ടു വരാൻ പിക്കപ് വിളിക്കേണ്ടി വന്നു.
4, 8 വാർഡുകളുടെ ഭാഗമായിട്ടാണ് ഈ റോഡ് കിടക്കുന്നത്. ഒട്ടേറെ പ്രാവശ്യം കരാറുകാരനോട് ജനങ്ങളുടെ യാത്ര ദുരിതം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോട്ടപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സമീപത്തുനിന്നാണ് ഈ റോഡ് തുടങ്ങുന്നത്. എത്രയും വേഗം കുത്തിപ്പൊളിച്ചു കളഞ്ഞ ഭാഗം പൂർത്തിയാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. എത്രയും വേഗം പൊളിച്ച ഭാഗം കരാറുകാരൻ പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജുവും ആവശ്യപ്പെട്ടു.