നെടുങ്കണ്ടം∙ നിർമാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും യഥാർഥ്യമാകാതെ ഇഴഞ്ഞുനീങ്ങുകയാണ് നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ. 2015ൽ ആണ് നെടുങ്കണ്ടത്ത് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനമാരംഭിച്ചത്.
സർവീസുകൾ വർധിച്ചതോടെ പിന്നീട് ഡിപ്പോയായി ഉയർത്തി. എന്നാൽ സൗകര്യങ്ങളുടെ കാര്യത്തിൽ വികസനം ഇവിടെ എത്തിനോക്കിയിട്ടില്ല എന്നതാണ് സത്യം.പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിലാണ് ഡിപ്പോയുടെ ഓഫിസ്.
ഗാരിജാകട്ടെ തുടക്കത്തിൽ അനുവദിച്ച് നൽകിയ ബിഎഡ് കോളജിനു സമീപമുള്ള താൽക്കാലിക ഷെഡിലാണ് പ്രവർത്തനം.
അറ്റകുറ്റപ്പണികൾ നടത്താൻ റാംപോ, മതിയായ സ്ഥല സൗകര്യമോ ഇവിടെയില്ല. ബസുകൾ നിർത്തിയിടുന്നതാകട്ടെ സംസ്ഥാന പാതയോരത്തും.
കൂടാതെ ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡിപ്പോയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങൾ ഇത്തരത്തിൽ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്നത് ഡിപ്പോയുടെ പ്രവർത്തനത്തെ തന്നെയും സാരമായി ബാധിക്കുന്നുണ്ട്. ജീവക്കാർക്കുള്ള താമസ സൗകര്യവും നെടുങ്കണ്ടത്തില്ല. സർവീസിനു ശേഷം ബസുകൾ നിർത്തിയിടുന്നത് വഴിയരികിലുമാണ്.
പരാതികൾ പതിവായതോടെ നെടുങ്കണ്ടം ചെമ്പകക്കുഴിയിൽ പഞ്ചായത്ത് വിട്ടുനൽകിയ 2.65 ഏക്കർ സ്ഥലത്ത് ബസ് സ്റ്റാൻഡിന്റെയും ഗാരിജിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. എംഎൽഎ ഫണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി 50 ലക്ഷം രൂപ ചെലവാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
ഓഫിസ് കെട്ടിടവും ഗാരിജ് നിർമാണവും പൂർത്തിയായി നാളുകൾ കഴിഞ്ഞിട്ടും അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്.
50 ലക്ഷം രൂപ ചെലവാക്കി നിർമിച്ച ഓഫിസ് മുറിയും അനുബന്ധ സൗകര്യങ്ങളും കാടുകയറി നശിക്കുകയാണ്. കൂടാതെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായും ഇവിടം മാറി.
കെട്ടിടത്തിന്റെ പല മുറികളുടെയും പൂട്ട് തകർത്ത നിലയിലാണ്. റാംപ് പോലുമില്ലാത്ത നെടുങ്കണ്ടത്തെ ഗാരിജിൽ ജീവനക്കാർ കഷ്ടപ്പെടുമ്പോൾ എല്ലാവിധ സൗകര്യങ്ങളോടും കൂടെ നിർമിച്ച ചെമ്പകക്കുഴിയിലെ റാംപ് കുളമായി കിടക്കുകയാണ്.
അതേസമയം എംഎൽഎ ഫണ്ടിൽനിന്നു 2 പദ്ധതികളിലായി അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റിങ് ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കൂടാതെ ബസ് സ്റ്റാൻഡിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. നിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ വഴിയരികിൽ നിർത്തിയിടുന്ന ബസുകൾ സുരക്ഷിതമായി ചെമ്പകക്കുഴിയിലെ സ്റ്റാൻഡിലേക്ക് മാറ്റും.
നിലവിൽ 24 സർവീസുകളാണ് പ്രതിദിനം നെടുങ്കണ്ടത്തുനിന്നുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

