
വൈദ്യുത കേബിളുകൾ റോഡിൽ ഇങ്ങനെ കിടന്നാൽ അപകടമുറപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ ജനവാസ മേഖലയിൽ അമിത വോൾട്ടേജിലുള്ള വൈദ്യുത കേബിളുകൾ അലക്ഷ്യമായി റോഡിൽ കിടക്കുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിലെ ജനവാസ മേഖലയിലാണ് മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന ഭൂഗർഭ കേബിളുകൾ പുറത്തുവന്ന് അപകട ഭീഷണിയായി കിടക്കുന്നത്.
പെട്ടിമുടിയിൽനിന്നു പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിയിലെ ട്രാൻസ്ഫോമറിലേക്ക് ഭൂഗർഭ കേബിളുകൾ വഴിയാണ് 11 കെവി വൈദ്യുതി എത്തിക്കുന്നത്. ഇവിടെ നിന്നുമാണ് 5 സെറ്റിൽമെൻ്റുകളിലെ വീടുകളിലേക്ക് വൈദ്യുതിയെത്തുന്നത്. ട്രാൻസ്ഫോമറിലേക്ക് വൈദ്യുതിയെത്തിക്കുന്ന ഭൂഗർഭ കേബിളുകൾക്ക് മുകളിലുള്ള മണ്ണ് കഴിഞ്ഞ മഴക്കാലത്ത് ഒഴുകി പോയതോടെയാണ് ഇവ പുറത്തുവന്നത്.
സൊസൈറ്റി കുടിയിലേക്കുള്ള അര കിലോമീറ്റർ ദൂരത്തിലുള്ള മൺറോഡിലാണ് ഒരു വർഷമായി കേബിളുകൾ അലക്ഷ്യമായി കിടക്കുന്നത്. വാഹനങ്ങൾ കയറിയും വന്യമൃഗങ്ങൾ ചവിട്ടിയും പല ഭാഗത്തും കേബിളിൻ്റെ പുറംചട്ടകൾ നശിച്ച നിലയിലാണ്. ഇതോടെ വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ പുറത്തുവന്ന് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുകയാണ്.
കുട്ടികളടക്കമുള്ളവർ കളിക്കുന്നതും നടക്കുന്നതും ഇതുവഴിയാണ്. നാട്ടുകാരുടെ ജീവന് ഭീഷണിയായി കിടക്കുന്ന കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികൾ പറഞ്ഞിട്ടും ഒരു നടപടികളുമുണ്ടായിട്ടില്ലെന്ന് ഗോത്രവർഗക്കാർ ആരോപിച്ചു.