തൊടുപുഴ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡിവൈഎസ്പി ഓഫിസ് മാർച്ചിൽ സംഘർഷം. 5 പൊലീസുകാർക്കും 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം കയ്യാങ്കളിയിലേക്ക് മാറിയതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു.
വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് എൻ.അഖിൽ, ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു, ജനറൽ സെക്രട്ടറിമാരായ മഹേഷ് മോഹൻ, മനോജ് രാജൻ, പ്രവർത്തകനായ ബാദുഷ പൂപ്പാറ എന്നിവർക്കാണു പരുക്കേറ്റത്. അഖിലിന്റെ തലയ്ക്ക് രണ്ടിടത്ത് തുന്നലുണ്ട്.
ഇടത് കൈയ്ക്കും പൊട്ടലേറ്റു.
ബാദുഷയുടെ നട്ടെല്ലിനും കൈയ്ക്കും അടിയേറ്റു. മഹേഷ് മോഹന്റെ തലയ്ക്കാണ് പരുക്ക്.
മറ്റുള്ള രണ്ട് പേരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയേറ്റിട്ടുണ്ട്. പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാർ, പ്രിൻസിപ്പൽ എസ്ഐ അജീഷ് കെ.ജോൺ എന്നിവർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കാണ് പരുക്കേറ്റത്.
ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ, വൈസ് പ്രസിഡന്റ് ടോണി തോമസ്, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, ജില്ല സെക്രട്ടറി ഷാനു ഷാഹുൽ, എൻ.അഖിൽ, ബാദുഷ എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്. രാജീവ് ഭവനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ദേശീയ ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. ടോണി തോമസ്, മാത്യു കെ.ജോൺ, അരുൺ ചെറിയാൻ, ഷാനു ഷാഹുൽ, ബിലാൽ സമദ്, സി.എം മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]