
തൊടുപുഴ ∙ കാട് അടുത്തെങ്ങുമില്ലാത്ത ജനവാസ മേഖലയിൽ കാട്ടാനകളെത്തി. തൊടുപുഴയ്ക്കു സമീപമുള്ള കുമാരമംഗലം പഞ്ചായത്തിലെ പയ്യാവിലും കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴ ഭാഗത്തുമാണ് ചൊവ്വാഴ്ച പുലർച്ചെ 2 കാട്ടുകൊമ്പൻമാർ എത്തിയത്.
പയ്യാവിലെ കൃഷിയിടത്തിലാണു കാട്ടാനകളെ ആദ്യം കണ്ടത്. നാട്ടുകാർ ചേർന്ന് ഇവയെ തുരത്തി.
തുടർന്നു കാളിയാർ പുഴ നീന്തിക്കടന്ന് ആനകൾ എറണാകുളം ജില്ലയിലെ കടവൂർ ഭാഗത്തെത്തി. നാട്ടുകാർ ഓടിച്ചതോടെ ഇവ വീണ്ടും പുഴ കടന്ന് കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴ ഭാഗത്തേക്കെത്തി.
മുള്ളരിങ്ങാട്ടെ വനമേഖലയിൽനിന്നാണു കാട്ടാനകൾ ജനവാസമേഖലകളിൽ എത്തിയത്. പുലർച്ചെ എറണാകുളം ജില്ലയിലെ പൈങ്ങാട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം, പുന്നമറ്റം വഴിയാണ് ആനകൾ എത്തിയത്.
പയ്യാവിലും കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴയിലും എത്തിയത് 2 കാട്ടുകൊമ്പന്മാർ
തൊടുപുഴ ∙ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് വനമേഖലയ്ക്കു സമീപ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാട്ടാന ശല്യം ഇപ്പോൾ കിലോമീറ്ററുകൾ അപ്പുറത്തുള്ള ജനവാസ മേഖലയിലേക്കും വ്യാപിച്ചത് ജനങ്ങളെ ഭീതിയിലാക്കുന്നു.
പുലർച്ചെ കുമാരമംഗലം പഞ്ചായത്തിലെ പയ്യാവിലും കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴയിലും 2 കാട്ടുകൊമ്പന്മാർ എത്തിയത് ജനങ്ങളെ അമ്പരപ്പിച്ചു.
വനമില്ലാത്ത പ്രദേശത്ത് പുലർച്ചെ കാട്ടാന വരുമെന്ന് ആരും കരുതിയിരുന്നില്ല. ആന വന്നയിടത്തു നിന്നു തൊടുപുഴ പട്ടണത്തിലേക്ക് 10 – 14 കിലോമീറ്റർ മാത്രമാണ് ദൂരം എന്നത് തൊടുപുഴ മേഖലയിലും ഭീതി വിതയ്ക്കുന്നു.
കോടിക്കുളം പഞ്ചായത്തിനടുത്തുള്ള വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ടിലും എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തും കാട്ടാനശല്യം ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇവ തങ്ങളുടെ പ്രദേശത്തേക്കു വരുമെന്ന് കരുതിയിരുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
മുള്ളരിങ്ങാട് വനത്തിൽ നിന്നെത്തിയ ആനകൾ പൈങ്ങാട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം, പുന്നമറ്റം വഴി കുമാരമംഗലം പഞ്ചായത്തിലെ പയ്യാവ് എത്തുകയും അവിടെ നിന്ന് കാളിയാർ പുഴ കടന്ന് പാറപ്പുഴ പടിക്കപ്പാടത്ത് എത്തുകയുമായിരുന്നു.
ഇവിടെ നിലയ്ക്കാട്ടിൽ ലീല, മാടപ്പിള്ളിൽ ഡേവിഡ് എന്നിവരുടെ വീടിന് അടുത്തു കൂടിയാണ് ഇവ കടന്നുപോയത്.
കുറച്ചു സമയത്തിനു ശേഷം 3 വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിനു പിന്നാലെ എത്തിയതായും നാട്ടുകാർ പറഞ്ഞു. പടിക്കപ്പാടത്തെത്തിയ ആനകൾ പരിതപ്പുഴ ചപ്പാത്ത് കടന്ന് വീണ്ടും കടവൂർ, ചാത്തമറ്റം, നാലാം ബ്ലോക്ക് ഭാഗത്തേക്കു നീങ്ങി.
ഇവയെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏറെ പരിശ്രമത്തിനു ശേഷം പടക്കം പൊട്ടിച്ചും ഒച്ച ഉണ്ടാക്കിയും കാട്ടിലേക്ക് തുരത്തുകയായിരുന്നു.
ഇനിയും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാളിയാർ പുഴ മുറിച്ചു കടന്ന് കാട്ടാനകൾ നാട്ടിലേക്ക് എത്തിയത് ജനങ്ങളെ ഏറെ ഭീതിയിലാക്കിയിരിക്കുകയാണ്.
മാസങ്ങളായി മുള്ളരിങ്ങാട് വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്. ഇവിടെ ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]