രാജകുമാരി ∙ യുഡിഎഫ് അധികാരത്തിലെത്തിയാൽ 3 മാസത്തിനകം ഭൂപതിവ് നിയമഭേദഗതി റദ്ദു ചെയ്ത് ഉപാധിരഹിതമായും ലളിതമായും ചട്ടലംഘന നിർമാണങ്ങൾ ക്രമവൽക്കരിക്കുന്നതിന് സർവസ്വതന്ത്ര ഭൂമി അവകാശം പ്രാബല്യത്തിൽ കാെണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പ് നൽകിയതായി കർഷക സംഘടനാ നേതാക്കൾ. സംസ്ഥാനത്തെ 100 കർഷക സംഘടനകളുടെ സംയുക്ത വേദിയായ കർഷക മഹാപഞ്ചായത്തിന്റെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂപതിവ് നിയമ ഭേദഗതി പ്രകാരം ചട്ടലംഘനങ്ങൾ ക്രമവൽക്കരിക്കുന്നതിന് സങ്കീർണമായ നടപടിക്രമങ്ങളാണെന്നും പട്ടയ ഭൂമിയിലെ നിർമാണങ്ങൾ ഫീസടച്ച് ക്രമവൽക്കരിക്കാനുള്ള നിർദേശം ഭൂവുടമകളോടുള്ള വെല്ലുവിളിയാണെന്നും കർഷക സംഘടനാ നേതാക്കൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
നിർമാണ നിയന്ത്രണങ്ങൾ ഒഴിവാക്കി കെട്ടിട നിർമാണ ചട്ടങ്ങളിലും പരിസ്ഥിതി നിയമങ്ങളിലും ഭേദഗതി കാെണ്ടുവരുമെന്നും പട്ടയ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങളുടെ പൂർണമായ അവകാശം കർഷകർക്കു നൽകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
റവന്യു ഭൂമി വനമാക്കിയ വിജ്ഞാപനങ്ങൾ റദ്ദ് ചെയ്യുമെന്നും ഇനി ഒരിഞ്ച് ഭൂമി വനമാക്കാൻ അനുവദിക്കില്ലെന്നും വി.ഡി.സതീശൻ അറിയിച്ചു. തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമത്തിൽ സമഗ്ര പരിഷ്കരണം, വന്യമൃഗശല്യം പരിഹരിക്കുന്നതിനു പ്രത്യേക കർമപരിപാടികൾ എന്നിവ കാെണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതായി കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.
വിവിധ കർഷക സംഘടനാ നേതാക്കളായ ജയിംസ് വടക്കൻ, കെ.വി.ബിജു, റസാഖ് ചൂരവേലിൽ, ജോയി കണ്ണൻചിറ, ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിപക്ഷ നേതാവിനെയും പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ജോൺ എന്നിവരടക്കമുള്ള യുഡിഎഫ് നേതാക്കളെയും സന്ദർശിച്ച് ചർച്ച നടത്തിയത്.
അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് പരാതി
ചട്ടലംഘനങ്ങൾ ക്രമവൽക്കരിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ക്ലാർക്ക് പോർട്ടലിൽ (www.klarc.kerala.gov.in) അപേക്ഷ നൽകുന്നത് ക്ലേശകരമാണെന്ന് പരാതി. എൻഐസി തയാറാക്കിയ പോർട്ടലിൽ അപേക്ഷാ സമർപ്പണം പൂർണമാക്കാനാകുന്നില്ലെന്നാണ് അപേക്ഷകർ പറയുന്നത്.
ട്രെയ്നിങ് ലഭിച്ച ശേഷം അടുത്തയാഴ്ചയോടെ അപേക്ഷ സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അക്ഷയ സെന്റർ നടത്തിപ്പുകാർ പറയുന്നു. കഴിഞ്ഞ 23നാണ് ക്ലാർക്ക് പോർട്ടൽ തുറന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

