മൂന്നാറിൽ മോഷണപരമ്പര; ഇരുട്ടിൽത്തപ്പി പൊലീസ്
മൂന്നാറിലും തോട്ടം മേഖലയിലും മോഷണം വ്യാപകമായിട്ടും മിക്ക കേസുകളിലും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. കുട്ടിയാർവാലിയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണവും വെള്ളിയും പണവും കഴിഞ്ഞ ദിവസം കവർന്നതാണ് അവസാനത്തെ സംഭവം.
രണ്ടു മാസത്തിനിടയിൽ നടന്ന വിവിധ മോഷണങ്ങളിൽ അരുവിക്കാട്, കുണ്ടള ക്ഷേത്രങ്ങളിലെ മോഷണം, പള്ളിവാസൽ റിസോർട്ടിലെ മോഷണം എന്നിവയിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്.
ഫുൾ ചാർജിൽ ബാറ്ററി കള്ളന്മാർ
ഏപ്രിൽ 4നു രാത്രി ഉടുമ്പൻചോല സബ് ആർടി ഓഫിസിന്റെ ജനറേറ്റർ ബാറ്ററി മോഷ്ടാക്കൾ അപഹരിച്ചു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ആർടി ഓഫിസിന്റെ ജനറേറ്റർ മുറിയുടെ രണ്ടു വാതിലുകളും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
എണ്ണായിരത്തോളം രൂപ വില വരുന്ന ബാറ്ററി രണ്ടു വർഷം മുൻപാണ് മാറ്റിവച്ചത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. അതീവ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാലും പിടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാലും സർക്കാർ ഓഫിസുകളിലെയും പൊതുസ്ഥലങ്ങളിലെയും വസ്തുക്കൾ മോഷ്ടിക്കുന്നതാണു ചില മോഷ്ടാക്കൾക്ക് പ്രിയം.
ഹൈറേഞ്ചിൽ ഏലക്കായയാണ് താരം
വില ഉയർന്നു നിൽക്കുന്നതിനാൽ ഹൈറേഞ്ചിൽ തോട്ടങ്ങളിൽ നിന്നടക്കം ഏലക്കായ മോഷണം വ്യാപകം.
ഏതാനും മാസങ്ങളായി കട്ടപ്പന നഗരസഭ, വണ്ടൻമേട്, കാഞ്ചിയാർ, ഉപ്പുതറ പഞ്ചായത്തുകൾ തുടങ്ങിയ മേഖലകളിലെല്ലാം ഏലക്കായ മോഷണം വർധിച്ചിരിക്കുകയാണ്. തോട്ടത്തിൽ നിന്ന് പച്ച ഏലക്കായ മോഷണമാണ് നടക്കുന്നത്. കട്ടപ്പന പുളിയൻമലയിലെ തോട്ടത്തിൽ നിന്ന് 35 കിലോഗ്രാം പച്ച ഏലക്കായയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
ഏതാനും ആഴ്ച മുൻപ് ഇതിനു സമീപത്തെ കൃഷിയിടത്തിൽ നിന്നു ശരം ഉൾപ്പെടെ ചെത്തിക്കടത്തിയിരുന്നു.
ഉപ്പുതറ മാക്കപ്പതാൽ മേഖലയിലെ തോട്ടത്തിൽ നിന്ന് കഴിഞ്ഞയാഴ്ച 80 കിലോയോളം പച്ച ഏലക്കായ മോഷണം പോയി. വിളവെടുക്കാൻ തൊഴിലാളികളുമായി ഉടമ എത്തിയപ്പോൾ ശരം ഉൾപ്പെടെ ചെത്തിക്കടത്തിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം നെറ്റിത്തൊഴുവിലെ ഏലത്തോട്ടത്തിൽ വിളവെടുക്കാറായ 400 ചെടികളിൽ നിന്നാണ് ഏലക്കായ മോഷ്ടിച്ചത്.
വണ്ടൻമേട് പാലാക്കണ്ടത്തെ തോട്ടത്തിൽ നിന്ന് ഏലക്കായ മോഷ്ടിച്ചു കടത്തിയ തമിഴ്നാട് സ്വദേശിനിയെ സെപ്റ്റംബറിൽ വണ്ടൻമേട് പൊലീസ് പിടികൂടിയിരുന്നു.
സംശയാസ്പദമായ സാഹചര്യത്തിൽ ഏലക്കായയുമായി കണ്ടെത്തിയ ഇവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 15 കിലോ പച്ച ഏലക്കായയും കണ്ടെത്തി.
വിളവെടുത്ത ശേഷം ഉണങ്ങാൻ കൊണ്ടുപോകാനായി വച്ചിരുന്ന പുളിയൻമല ഗണപതിപ്പാലം സ്വദേശിയുടെ 50 കിലോ പച്ച ഏലക്കായ മോഷ്ടിച്ച കേസിൽ രണ്ടുപേരെ സെപ്റ്റംബർ 6നു പൊലീസ് പിടികൂടിയിരുന്നു. വണ്ടൻമേട് രാജാക്കണ്ടം നായർസിറ്റിയിൽ നിന്ന് ഓഗസ്റ്റ് പകുതിയോടെ 200 പച്ച ഏലക്കായ മോഷണം പോയി. ഏലച്ചെടികളിൽ നിന്ന് കായ പറിച്ചെടുത്ത് കടത്തുകയായിരുന്നു.
വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച; തുമ്പില്ലാതെ പൊലീസ്
കാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം തട്ടിയെടുത്ത സംഭവത്തിൽ 4 മാസം പിന്നിടുമ്പോഴും തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസ്. കഴിഞ്ഞ ജൂൺ 5ന് രാവിലെയാണ് അടിമാലി എസ്എൻ പടിയിൽ കളരിക്കൽ ഉഷ സന്തോഷ് താമസിക്കുന്ന വാടകവീട്ടിൽ എത്തി ഇവരുടെ വായിൽ തുണി തിരുകി കെട്ടിയിട്ട
ശേഷം പഴ്സിൽ സൂക്ഷിച്ചിരുന്ന 16,500 രൂപ തട്ടിയെടുത്തത്. തുടർന്ന്, ഇടുക്കിയിൽ നിന്ന് വിരലടയാള, സയന്റിഫിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
അന്നത്തെ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ 10 അംഗ പൊലീസ് സംഘത്തെ അന്നത്തെ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് നിയമിച്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
മേഖലയിൽ അടുത്തയിടെ നടന്ന മോഷണങ്ങൾ
∙ സെപ്റ്റംബർ 15ന് പഴയ മൂന്നാറിൽ നടന്ന മനസ്സമ്മത ചടങ്ങിനിടെ പ്രതിശ്രുതവധുവിന്റെ ബാഗിൽ നിന്നു 2 വളകളും 27,000 രൂപയും നഷ്ടപ്പെട്ടു. ∙ ഓഗസ്റ്റ് 24ന് ഗൂഡാർവിള സ്വദേശി രാജകുമാരിയുടെ വീട്ടിൽ നിന്ന് 25 പവനും 4 ലക്ഷം രൂപയും നഷ്ടപ്പെട്ടു.
∙ ഓഗസ്റ്റ് 17ന് ഗ്രഹാംസ് ലാൻഡ് സ്വദേശി രഘുവിന്റെ കാറിന്റെ 4 ടയറുകൾ നഷ്ടപ്പെട്ടു
∙ ഓഗസ്റ്റ് 5ന് അരുവിക്കാട്, കുണ്ടള ക്ഷേത്രങ്ങളിൽ നിന്നു സ്വർണാഭരണങ്ങളും ഭണ്ഡാരങ്ങളും നഷ്ടപ്പെട്ടു
∙ ഏപ്രിൽ, മേയ് മാസങ്ങളിൽ നയമക്കാട് സ്വദേശി രാജായുടെ കാറിന്റെ ടയറുകളും മാട്ടുപ്പെട്ടി, നയമക്കാട് എന്നിവിടങ്ങളിലെ വർക്ഷോപ്പുകളിൽ കിടന്നിരുന്ന വാഹനങ്ങളിലെ ടയറുകളും നഷ്ടപ്പെട്ടു.
2 മാസമായിട്ടും പ്രതികളെക്കുറിച്ച് സൂചന, സൂചന, സൂചന മാത്രം
മൂലമറ്റത്തിനു സമീപം ഇലപ്പള്ളി, ഇടാട് പ്രദേശങ്ങളിലെ മോഷണ സംഭവങ്ങളിൽ പ്രതികളെ പിടികൂടാനായിട്ടില്ല. ഇടാട് അന്ത്യൻപാറ കടംതോട്ടിൽ ബേബിയുടെ കൃഷിയിടത്തിൽ നിന്നു ജനറേറ്റർ, മോട്ടർ, ഫാൻ തുടങ്ങിയവയാണ് മോഷണം പോയത്.
ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു. ഇലപ്പള്ളി മുരിക്കനാനിക്കൽ എം.കെ.പീറ്ററിന്റെ വീടിന്റെ വാതിൽ പൊളിച്ച് വീട്ടിലുണ്ടായിരുന്ന യന്ത്രവാൾ, ചെമ്പിന്റെ വാർപ്പ് എന്നിവയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു.
സമീപകാലത്ത് മോഷണശ്രമങ്ങളും ഈ പ്രദേശങ്ങളിൽ നടന്നിട്ടുണ്ട്. ആൾത്താമസമില്ലാത്ത വീടുകളും കൃഷിയിടങ്ങളും കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയത്.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നെങ്കിലും 2 മാസമായിട്ടും പിടികൂടാനായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]