അടിമാലി∙ കേന്ദ്ര സർക്കാർ ഏജൻസി ഒരു വർഷം മുൻപ് സമ്പൂർണ ശുചിത്വ പഞ്ചായത്തായി കണ്ടെത്തിയ അടിമാലി പഞ്ചായത്ത് പരിസരം മാലിന്യക്കൂമ്പാരമായി മാറി. പഞ്ചായത്തിന്റെ 21 വാർഡുകളിൽനിന്ന് ശേഖരിക്കുന്ന ടൺ കണക്കിനു മാലിന്യമാണ് പഞ്ചായത്ത് പരിസരത്ത് ചീഞ്ഞളിഞ്ഞ് കിടക്കുന്നത്. ദിവസവും 7 മുതൽ 10 ലോഡ് മാലിന്യമാണ് പഞ്ചായത്ത് പരിസരത്ത് എത്തിക്കുന്നത്.
എന്നാൽ കഴിഞ്ഞ 2 മാസത്തിലേറെയായി ഇവ നീക്കം ചെയ്യാതെ കിടക്കുന്നതാണ് പ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണമായിരിക്കുന്നത്.
8 വർഷം മുൻപ് 17 ലക്ഷത്തോളം മുടക്കി പഞ്ചായത്ത് പരിസരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച ശേഷം സംസ്കരിച്ച് ടാറിങ്ങിനു വേണ്ട മിശ്രിതം നിർമിച്ച് പഞ്ചായത്ത് നേട്ടം കൊയ്തിരുന്നു.
ഇതിന് സംസ്ഥാന സർക്കാരിന്റെ പ്രശംസയും ലഭിച്ചു. പഞ്ചായത്തിന് വരുമാനം ലഭിച്ചതിനൊപ്പം 10 പേർക്ക് തൊഴിലും ലഭ്യമാക്കാൻ കഴിഞ്ഞതോടെ മാലിന്യ സംസ്കരണത്തിൽ അടിമാലി പഞ്ചായത്ത് മാതൃകയായി മാറുകയായിരുന്നു.
എന്നാൽ പിന്നീടു വന്ന ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയെ തുടർന്ന് കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായി. ഒന്നര വർഷം മുൻപ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു.
ഇതോടെ പകരം സംവിധാനം എന്ന നിലയിൽ സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിക്ക് പണം നൽകി മാലിന്യങ്ങൾ വിൽപന നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി കരാർ ഉണ്ടാക്കി. തുടർന്ന് മറ്റൊരു കമ്പനിക്ക് കിലോഗ്രാമിന് 9 രൂപ നിരക്കിൽ കരാർ നൽകിയാണ് മാലിന്യങ്ങൾ ചെയ്തിരുന്നത്.
കഴിഞ്ഞ ഒരു വർഷം 20 ലക്ഷത്തോളം രൂപയാണ് മാലിന്യങ്ങൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നൽകേണ്ടി വന്നത്.
ഇതോടെ പ്ലാന്റിൽ ജോലി ചെയ്തിരുന്നവരുടെ തൊഴിലും നഷ്ടമായി. 2 മാസമായി പഞ്ചായത്ത് പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല.
ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയിൽ ഇവ ചീഞ്ഞളിഞ്ഞ് കിടക്കുകയാണ്. മാലിന്യങ്ങൾ തരം തിരിച്ചു നൽകാനാണ് തീരുമാനമെന്നും ഇതിനാലാണ് ഇവ നീക്കം ചെയ്യാൻ കാലതാമസം വരുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അന്നത്തെ പൂന്തോട്ടം എവിടെ?
ശുചിത്വ പഞ്ചായത്തായി കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചതോടെ 2024 ഒക്ടോബർ 2ന് പഞ്ചായത്ത് പരിസരത്തുനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം ഒരു ഭാഗത്ത് ഉദ്യാനം നിർമിക്കുന്നതിന് നടപടി സ്വീകരിച്ചു.
കേന്ദ്ര സർക്കാർ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂൾ കുട്ടികളുമായി സഹകരിച്ചാണ് ഉദ്യാന നിർമാണം നടത്തിയത്. എന്നാൽ ഉദ്യാനത്തിന് 3 മാസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ ഇവിടെ മാലിന്യ തള്ളൽ കേന്ദ്രമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]