
രാജകുമാരി∙ ഷോപ് സൈറ്റുകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കട്ടപ്പന ടൗൺഷിപ്പിൽ ഓണത്തിന് മുൻപ് പട്ടയം വിതരണം ചെയ്യുമെന്നുമുള്ള സർക്കാർ വാഗ്ദാനം നടപ്പിലാക്കാൻ നിയമ തടസ്സങ്ങളേറെയെന്ന് വിദഗ്ധർ. ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാനുള്ള രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം ടൗണുകൾ സിഎച്ച്ആറിന്റെ പരിധിയിലാണുൾപ്പെടുന്നത്. സിഎച്ച്ആറിൽ 1993ലെ ചട്ടപ്രകാരമാണ് പട്ടയം അനുവദിക്കേണ്ടത്.
സിഎച്ച്ആറിലെ പട്ടയ നടപടികൾ വിലക്കി കാെണ്ട് 2024 ഒക്ടോബർ 16ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു.ഇൗ ഉത്തരവ് മറികടക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് നിയമ നടപടികളാെന്നുമുണ്ടായിട്ടില്ല. ഇതാണ് ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ പ്രശ്നം.
2009ലെ സർക്കാർ ഉത്തരവ് പ്രകാരം 1993ലെ ചട്ടപ്രകാരം പട്ടയം നൽകുന്ന ഭൂമിയിൽ വീടിനും കൃഷിക്കും കൂടാതെ ഉപജീവന ആവശ്യത്തിന് ചെറിയ കടമുറി നിർമിക്കാൻ അനുമതിയുണ്ടെങ്കിലും ഇതിന്റെ വിസ്തീർണം എത്രയാണെന്നതിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയൂയെന്ന് 2022 ജൂൺ 24ന് ജില്ലാ കലക്ടർ റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിലും സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല. ഇതാണ് രണ്ടാമത്ത പ്രശ്നം.
കട്ടപ്പന ടൗണിൽ 1971ന് മുൻപുള്ള കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുന്ന 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇൗ മേഖല സിഎച്ച്ആറിലുൾപ്പെടുന്നതിനാൽ 1993ലെ ചട്ടപ്രകാരമാണ് പട്ടയം നൽകേണ്ടതെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്.
നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഇവിടെ 1964ലെ പട്ടയം നൽകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. കട്ടപ്പന ടൗണിൽ വ്യക്തിഗത സർവേ നടത്താതെ മൈനർ സർക്യൂട്ടിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ 1977ന് മുൻപുള്ള കൈവശം, കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങൾ റീസർവേ റെക്കാർഡായ ഫെയർ ലാൻഡ് റജിസ്റ്ററിൽ ഇല്ലെന്നായിരുന്നു റവന്യു വകുപ്പ് നേരത്തെ വ്യക്തമാക്കിയത്.
ഇൗ സാഹചര്യത്തിൽ കട്ടപ്പനയിൽ സർവേ നടത്തുന്നതിന് 2016ൽ യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയെങ്കിലും 8 വർഷത്തിന് ശേഷം 2024ലാണ് സർവേ നടത്തിയത്. 1993ലെ ചട്ടപ്രകാരം പതിച്ചു നൽകുന്ന ഭൂമിയിൽ ഏത് അളവ് വരെയുള്ള കടമുറി നിർമിക്കാമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തവിറക്കിയാൽ ഷോപ് സൈറ്റുകളുടെ പട്ടയ പ്രശ്നത്തിൽ പരിഹാരമായേക്കും.
പക്ഷേ അപ്പോഴും സുപ്രീംകോടതി പട്ടയ വിലക്ക് ഉത്തരവ് പുനഃപരിശോധിച്ചില്ലെങ്കിൽ പഴയ അവസ്ഥ തന്നെ തുടരും.
രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കാണാതെ ഷോപ് സൈറ്റുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് റവന്യു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]