
കരിങ്കുന്നം∙ ജനകീയൻ ബസ് നിർത്തലാക്കിയെന്ന പ്രചാരണം കരിങ്കുന്നത്തിനും നീലൂരിനുമിടയിലുള്ള 10 കിലോമീറ്റർ ദൂരത്തിനിടയിൽ താമസിക്കുന്ന വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് പേരെയാണ് ആശങ്കയിലാക്കിയത്. 18 വർഷമായി അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ജനകീയൻ ഇനിയില്ലേ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലെന്നും ഉണ്ടെന്നും.
ജനകീയന്റെ ഉടമകളായ ജനകീയ ബസ് ഐക്യവേദിയിലെ അംഗങ്ങൾ പറയുന്നത് ‘ജനകീയൻ വരും കേട്ടോ’ എന്നാണ്. 15 വയസ്സായ ഇപ്പോഴത്തെ ബസ് ഓട്ടം നിർത്തുന്നു.
പകരം പുതിയ ബസ് വാങ്ങുന്നതു വരെ ഒരു ‘ഗ്യാപ്’ വരുമെന്നുമാണ് ഇവരുടെ ഉത്തരം. പഴയ ബസിന് ഫിറ്റ്നസ് നേടി മറിച്ചു വിറ്റ് കിട്ടുന്ന തുകയോടൊപ്പം ബാക്കി തുക കൂടി സമാഹരിക്കേണ്ടതുണ്ട്.
പുതിയ ബസിനായി 25 ലക്ഷത്തോളം ചെലവുണ്ട്. നിലവിൽ ഫിറ്റ്നസ് നേടുന്നതിനുള്ള അറ്റകുറ്റപ്പണികൾക്കായി ബസ് വർക്ഷോപ്പിലാണ്.
ഉൾഗ്രാമങ്ങളിൽ ജനകീയം
18 വർഷം മുൻപു വരെ വല്ലപ്പോഴും ഓരോ ചെറുവാഹനങ്ങളും, കട്ടത്തടിയും ചെറു ലോഡുകളും കൊണ്ടുപോകുന്ന ‘വാലുമാക്രി’കളും മലകയറുന്ന മുരൾച്ച മാത്രം കേട്ടിരുന്ന കരിങ്കുന്നം – നീലൂർ റോഡിൽ ജനകീയന്റെ ഡബിൾ ബെൽ കേട്ടതോടെ നാടാകെ ഉണർന്നു.ഏറ്റവും സന്തോഷിച്ചത് വാഹന സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ മറ്റത്തിപ്പാറ ഗ്രാമമായിരുന്നു.
അരീക്കൽ, ചൊക്കനാട്, പുറക്കടമ്പ്, പൊട്ടൻപ്ലാവ് നിരപ്പ്, അമ്പലപ്പടി, മൂന്നുതേക്ക് എന്നിവിടങ്ങളിലെല്ലാം ആളുകൾ ജനകീയനെ കാത്തുനിന്ന് കൈനീട്ടി കയറി, സ്വന്തം വണ്ടി എന്ന അഭിമാനത്തോടെ യാത്ര ചെയ്തു.
ഇടുക്കി – കോട്ടയം ജില്ലകൾ തമ്മിലുള്ള ബാന്ധവത്തിനു കൂടിയാണ് ജനകീയൻ വഴി തെളിച്ചത്. കൊറോണക്കാലം വരുത്തി വച്ച മന്ദതയും വർഷങ്ങൾ കൊണ്ട് കൂട്ടിവച്ച ‘ചില്ലറത്തുട്ടുകൾ’ നിക്ഷേപിച്ച കടനാട് സർവീസ് സഹകരണബാങ്കിന്റെ കൈമലർത്തലും ജനകീയനെ കിതപ്പിച്ചു.നിലവിൽ അറ്റകുറ്റപ്പണിക്കു പോലും നീക്കിയിരിപ്പില്ലാത്ത സ്ഥിതിയിലാണ് ജനകീയൻ ഓട്ടം നിർത്തിവച്ചിരിക്കുന്നത്.
പുതിയ ബസ് വൈകാതെ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐക്യവേദി ഭാരവാഹികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]