
ടോർച്ച് തെളിച്ചോ, മങ്ങാട്ടുകവല എത്തി ! ഹൈമാസ്റ്റ് ലൈറ്റ് കേടായിട്ട് ഒരു മാസം; നന്നാക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ രാപകൽ വ്യത്യാസമില്ലാതെ ഗതാഗതത്തിരക്ക് ഏറെയുള്ള നാൽക്കവലയായ മങ്ങാട്ടുകവലയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി അടച്ചിട്ട് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. തൊടുപുഴ, മുതലക്കോടം, കാരിക്കോട്, നാലുവരി പാത എന്നിങ്ങനെ 4 റോഡുകൾ സന്ധിക്കുന്ന ഇവിടെ രാത്രി വെളിച്ചം ഇല്ലാത്തത് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. മങ്ങാട്ടുകവലയിലെ കടകൾ അടച്ചുകഴിഞ്ഞാൽ പിന്നെ പ്രദേശം ഇരുട്ടിലാണ്. നാലു റോഡിൽ കൂടിയും വാഹനങ്ങൾ എത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാകുന്നുണ്ട്.
മാത്രമല്ല പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും ആരാധനാലയങ്ങളിലേക്കു പോകുന്നവരുമെല്ലാം ടോർച്ച് തെളിച്ച് വേണം ഇതു വഴി നടക്കാൻ. തിരക്കേറിയ പ്രദേശത്തെ ലൈറ്റ് നേരത്തേയും പലതവണ കേടായതാണ്. അന്ന് മനോരമ വാർത്തയെ തുടർന്നാണ് അധികൃതർ നന്നാക്കാൻ തയാറായത്. തൊടുപുഴ നഗരത്തിലെ കിഴക്കൻ മേഖലയിലെ പ്രധാന കവലയായ ഇവിടെ നിലവാരമുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും റോഡിലൂടെ വരുന്നവർക്കും വെളിച്ചം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ ജനപ്രതിനിധികളും പ്രത്യേകിച്ച് പുതിയ നഗരസഭാ ഭരണസമിതി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ