ചെറുതോണി ∙ തെരുവുനായ ശല്യം വർധിച്ചു വരുമ്പോഴും സംസ്ഥാനത്ത് എബിസി സെന്റർ (വന്ധ്യംകരണ കേന്ദ്രം) ഇല്ലാത്ത ജില്ലയായി ഇടുക്കി തുടരുന്നു. ജില്ലാ ആസ്ഥാനത്ത് എബിസി സെന്റർ നിർമാണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ജോലികൾ മന്ദഗതിയിലാണെന്നാണ് ആക്ഷേപം.
മൂന്നു വർഷം മുൻപ് രൂപരേഖ തയാറാക്കി അടിയന്തരമായി നിർമിക്കുന്നതിനു തത്വത്തിൽ തീരുമാനമെടുത്ത പദ്ധതിയാണ് ഇഴയുന്നത്.
നിലവിൽ സെന്ററിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. സ്ലാബുകളുടെ തട്ട് പൊളിച്ച് ഫിനിഷിങ് ജോലികൾ കൂടി പൂർത്തിയാകണമെങ്കിൽ രണ്ടു മാസം കൂടി വൈകും.
പൈനാവ് കുയിലിമലയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്താണ് സെന്റർ നിർമാണം. ആധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് തയാറാക്കുന്നത്.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വാഹനത്തിൽ എബിസി സെന്ററിൽ എത്തിച്ചു വന്ധ്യംകരണം നടത്തി പരിപാലിച്ചശേഷം തിരികെ അതേ സ്ഥലത്ത് തുറന്നു വിടുന്നതിനാണ് പദ്ധതി.
മൂന്നരക്കോടി രൂപയാണ് സെന്റർ നിർമാണത്തിനു വകയിരുത്തിയിരുന്നത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകൾ 8 ലക്ഷം രൂപയും പഞ്ചായത്തുകൾ 5 ലക്ഷം രൂപയും എന്ന ക്രമത്തിലാണ് ഫണ്ട് ജില്ലാ പഞ്ചായത്തിന് കൈമാറേണ്ടത്.
തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ എല്ലാ ജില്ലകളിലും കഴിയുന്നത്ര തദ്ദേശ സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങൾ (ഷെൽറ്റർ ഹോം) സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല.
പുതുവർഷത്തിൽ നായയുടെ കടിയേറ്റ് 142 പേർ
തൊടുപുഴ ∙ പുതുവർഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ നായയുടെ കടിയേറ്റ് ചികിത്സ തേടിയതു 142 പേർ. ഈമാസം 1 മുതൽ ഇന്നലെ വരെ നായയുടെ കടിയേറ്റ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കാണിത്.
ഇന്നലെ മാത്രം 16 പേർ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റവരും വളർത്തു നായയുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു.
നഗര–ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി തെരുവുനായശല്യം തുടരുകയാണ്.
വന്ധ്യംകരണം നിലച്ചതോടെ, അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം ജില്ലയിൽ എല്ലായിടത്തും പതിവു കാഴ്ചയായി. കാൽനട
യാത്രക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്.
നായ്ക്കൾ റോഡിനു കുറുകെ ചാടി വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു.
നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടിവരുമ്പോഴും നായ്ശല്യത്തിൽനിന്നു നാടിനെ മോചിപ്പിക്കാൻ ഫലപ്രദമായ നടപടിയില്ലാത്തതിൽ പ്രതിഷേധവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

