തൊടുപുഴ∙ എൻ പേര് മാരിയപ്പ, ഇളംസിങ്കം പടയപ്പ… വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 4–ാം വാർഡ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ഗാനം കേട്ടാൽ ആരായാലും ഒന്ന് തുള്ളിപ്പോകും.കുട്ടിക്കാനം കഴിഞ്ഞ് തമിഴ്നാട് അതിർത്തിയോടടുത്താൽ ഇതു പതിവ് കാഴ്ച. മൂന്നാർ, ഇടമലക്കുടി, വട്ടവട പഞ്ചായത്തുകളിൽ എല്ലാ സ്ഥാനാർഥികളും തമിഴ് വംശജരാണ്.
തോട്ടം മേഖലകളിൽ ഭരണം നിശ്ചയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന തമിഴ് ഇടങ്ങളിൽ പ്രചാരണവും വ്യത്യസ്തമായിരുന്നു.
തോട്ടം തൊഴിലാളികളെ കാണണമെങ്കിൽ വെളുപ്പിനെ ഇറങ്ങണം. അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ.
പകൽ സമയം ഇവർ തൊഴിലിടങ്ങളിലായിരിക്കും. അതിനാൽ വെളുപ്പിനെ 4ന് തന്നെ സ്ഥാനാർഥികൾ ഉറക്കമുണരും.
രാവിലെ കാലിച്ചായ കുടിച്ച് ഓട്ടം തുടങ്ങും. ലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം.
വീടു വിട്ട് ഇറങ്ങുന്നതിനു മുൻപ് ഇവരെ കണ്ട് വോട്ട് പോക്കറ്റിലാക്കുകയാണ് ലക്ഷ്യം. 7 കഴിഞ്ഞാൽ ലയങ്ങൾ കാലിയാകും. ലയങ്ങളുടെ മോശം സ്ഥിതി തന്നെയായിരുന്നു ഇത്തവണയും പ്രധാന പ്രചാരണ വിഷയം.
വിജയിച്ചാലുടൻ ലയങ്ങൾ പുനർനിർമിക്കുമെന്നാണ് മുന്നണികളുടെ ഉറപ്പ്.
വാഗ്ദാനങ്ങൾ ഒട്ടേറെ തവണ ആവർത്തിക്കുന്നതിനാൽ ആശങ്കയിലാണ് തൊഴിലാളികൾ. തോട്ടങ്ങളിൽ പോകുന്ന തങ്ങൾക്ക് ജീവനോടെ തിരികെ മക്കളുടെ അടുത്തേക്ക് എത്താൻ നടപടി വേണമെന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. വന്യമൃഗശല്യത്തെപ്പറ്റി തൊഴിലാളികൾ സ്ഥാനാർഥികളോട് പലതവണയായി പരാതി ഉന്നയിച്ചു.
വന്യമൃഗശല്യം ഇല്ലാതാക്കുമെന്ന് സ്ഥാനാർഥികളുടെ ഉറപ്പും. പ്രചാരണ വാഹനങ്ങളിലെ അനൗൺസ്മെന്റ് പോലും തമിഴിലാണ്. എന്നാൽ ഇവ പറയുന്നത് മലയാളികൾ തന്നെ.
തമിഴ് പാട്ടുകൾ രചിക്കുന്നത് പോലും മലയാളികൾ തന്നെയാണ്. അതിർത്തി പഞ്ചായത്തുകളിൽ തമിഴ് വോട്ടുകൾ നിർണായക ശക്തിയാകുമെന്ന് ഉറപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

