തൊടുപുഴ∙ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കെഎസ്ആർടിസി ഡിപ്പോ ആയിരുന്ന തൊടുപുഴ ഡിപ്പോ ഇപ്പോൾ രോഗശയ്യയിലാണ്.
ഡിപ്പോ പ്രവർത്തനം ആകെ കുത്തഴിഞ്ഞു. മുന്തിയ വാഹനങ്ങളിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ജനപ്രതിനിധികളും ഭരണ, പ്രതിപക്ഷ നേതാക്കളും കെഎസ്ആർടിസിയിലെ പ്രമുഖ യൂണിയൻ നേതാക്കളും സാധാരണക്കാരുടെ ആശ്രയമായ കെഎസ്ആർടിസിയുടെ കാര്യത്തിൽ ശ്രദ്ധയും ചെലുത്തുന്നില്ലെന്നാണ് ജീവനക്കാരും യാത്രക്കാരും ആരോപിക്കുന്നത്.
കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് കുമളി, കട്ടപ്പന, നെടുങ്കണ്ടം ഡിപ്പോകൾ ഉദ്ധരിക്കാൻ മാത്രമാണ് ശ്രമമെന്നും ആക്ഷേപമുണ്ട്.
തൊടുപുഴയിൽ 4 ബസുകൾ കിട്ടിയാൽ നിർത്തിയ സർവീസുകൾ തുടങ്ങാമെന്ന് അധികൃതർ നേരത്തേ പറഞ്ഞിരുന്നത് തന്നെ തട്ടിപ്പാണെന്ന് ജീവനക്കാർ പറയുന്നു. തൊടുപുഴയിൽ ബസ് കുറവാണെന്ന് പറഞ്ഞു തീരുന്നതിന് മുൻപ് രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ മറ്റ് ഡിപ്പോയിൽനിന്ന് കടത്തി.
ഒരു ബസ് ആദ്യം നെടുങ്കണ്ടത്തിനും പിന്നെ ഇത് തിരുവനന്തപുരത്തിനും കൊണ്ടുപോയി.
മറ്റൊന്ന് കൊട്ടാരക്കരയ്ക്കും കൊണ്ടുപോയി. കൊട്ടാരക്കര – തൊടുപുഴ – തിരുവനന്തപുരം സർവീസ് തുടങ്ങാനാണ് ബസ് അവിടേക്ക് കൊണ്ടുപോയത്. ഇപ്പോൾ ആകെയുള്ള 14 ഫാസ്റ്റ് പാസഞ്ചർ ഓടാൻ 14 ബസുകൾ മാത്രമായി.
സ്പെയർ ബസില്ല. ഇതിൽ തന്നെ കാലപ്പഴക്കം ചെന്ന ബസുകൾ ഓർഡിനറി ആക്കേണ്ടവയാണ്.
ഇപ്പോഴും ഇത് ഫാസ്റ്റായി നിരങ്ങി ഓടുന്നുണ്ട്. എറണാകുളം ചെയിനിൽ സർവീസ് ഓടുന്ന പല ബസുകളും 15 വർഷം വരെ പഴക്കമുള്ളവയാണെന്നാണ് പരാതി.
സമീപ ഡിപ്പോകൾക്ക് പുതിയ ബസ് കിട്ടി,തൊടുപുഴയിൽ സീറോ
തൊടുപുഴയുടെ അടുത്ത ഡിപ്പോകളായ പാലാ, കട്ടപ്പന, നെടുങ്കണ്ടം, കോതമംഗലം, മുവാറ്റുപുഴ എന്നിവിടങ്ങളിൽ പുതിയ ബസുകൾ കിട്ടി.
തൊടുപുഴയ്ക്ക് മാത്രം ഒന്നുമില്ല. ഇതിനിടെയുള്ള ബസുകൾ പോലും മറ്റ് ഡിപ്പോകളിലേക്ക് കടത്തുകയാണ് ഇപ്പോഴത്തെ പരിപാടി.
ഡിപ്പോ അധികൃതരുടെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണം എന്നാണ് ആക്ഷേപം. ഒപ്പം ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ സമീപനവും.
പുതിയ സർവീസ് തുടങ്ങാനോ ഉള്ളത് നിലനിർത്താനോ ഇവർക്ക് ആർക്കും താൽപര്യമില്ല. പാലാ, മുവാറ്റുപുഴ ഡിപ്പോകളാണ് തൊടുപുഴ കേന്ദ്രീകരിച്ചുള്ള എറണാകുളം, കോട്ടയം റൂട്ടുകളിൽ ഭൂരിഭാഗം സർവീസുകളും നടത്തുന്നത്.
കേരളത്തിലെ ഒട്ടു മിക്ക ഡിപ്പോകളിലും പുതിയ ബസുകൾ ലഭിക്കുകയും പല ദീർഘദൂര സർവീസുകൾ ആരംഭിക്കുകയും ചെയ്തിട്ടും തൊടുപുഴയിൽ മാത്രം ഒന്നുമില്ല. ഇതിനു ഉത്തരവാദപ്പെട്ട
ജനപ്രതിനിധികൾക്കോ ഡിപ്പോയിലെ ഭരണ പ്രതിപക്ഷ യൂണിയനുകളുടെ നേതാക്കളോ ഇടപെടുന്നുമില്ല.
പ്രതിപക്ഷ മുന്നണിയിലെ നേതാക്കൾ ഇതെല്ലാം രാഷ്ട്രീയമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് കയ്യൊഴിയുമ്പോൾ ഭരണ പക്ഷത്തുള്ളവർ ജനപ്രതിനിധികളെ കുറ്റം പറഞ്ഞു ഒഴിഞ്ഞുമാറുകയാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്ന 10 വർഷത്തിനിടെ കെഎസ്ആർടിസിയും സ്വിഫ്റ്റും ചേർന്ന് അഞ്ഞൂറോളം ബസുകൾ ഇറക്കിയെന്ന് പറയുന്നു. ഇതിൽ തൊടുപുഴ ഡിപ്പോയ്ക്ക് അനുവദിച്ചത് ഒരേ ഒരു സൂപ്പർ ഫാസ്റ്റ് മാത്രം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]