മൂന്നാർ ∙ മൂന്നാറിൽ വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ സന്ദർശനത്തിനെത്തുന്നവർക്കു നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നു. തിരക്ക് വർധിച്ചതോടെയാണ് പ്രദേശവാസികളും സഞ്ചാരികളും തമ്മിലുള്ള സംഘർഷം പതിവായത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി പതിനഞ്ചിലധികം സഞ്ചാരികൾക്കാണ് ക്രൂരമർദനമേറ്റത്. ലക്ഷങ്ങൾ വിലവരുന്ന രണ്ട് വാഹനങ്ങളും തകർത്തു.
വാഹനം ഉരസിയതും പാതയോരത്ത് മൂത്രമൊഴിച്ചതുമായിരുന്നു ആക്രമണത്തിനു കാരണം. തിരുച്ചിറപ്പള്ളി സ്വദേശികളെ ആക്രമിച്ച സംഭവത്തിൽ മാത്രമാണ് 3 പ്രതികൾ പിടിയിലായത്.
ടോപ് സ്റ്റേഷനിൽ മർദനത്തിനിരയായവർ പരാതി നൽകാതെ സ്ഥലം വിടുകയാണുണ്ടായത്.
കഴിഞ്ഞ വർഷത്തെ ടൂറിസം സീസണിൽ ചെറുതും വലുതുമായി വിനോദ സഞ്ചാരികളെ ആക്രമിച്ച പതിനഞ്ചിലധികം സംഭവങ്ങളാണ് മൂന്നാറിലുണ്ടായത്. മർദനമേൽക്കുന്നവരിൽ ഭൂരിഭാഗം പേരും പരാതി നൽകാൻ തയാറാകാതെ മടങ്ങുന്നത് ആക്രമണം നടത്തുന്നവർക്ക് സഹായമായി മാറുകയാണ്.
ഒരു വിഭാഗം ആളുകളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പതിവായതോടെ സഞ്ചാരികളും ടാക്സി ഡ്രൈവർമാരും മൂന്നാറിനെ ഉപേക്ഷിച്ച് ആനച്ചാൽ, ചിന്നക്കനാൽ, തോക്കുപാറ, കല്ലാർ, ബൈസൺവാലി, ചിത്തിരപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുകയാണ്.
ഇത് മൂന്നാറിലെ എല്ലാ മേഖലകളിലും തിരിച്ചടിയാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുറിയെടുക്കാത്തതിന്റെ വൈരാഗ്യത്തിൽ സഞ്ചാരികൾക്ക് മർദനം
മൂന്നാർ ∙ മുറി എടുക്കാത്തതിന്റെ വിരോധത്തിൽ, വിനോദ സഞ്ചാരത്തിന് എത്തിയ കുടുംബാംഗങ്ങൾക്ക് മർദനം. തൃക്കാക്കര വടകോട് കുറുന്തോട്ടത്തിൽ ആദിൽ മുഹമ്മദ്, ഭാര്യ ഷിജിമോൾ, മകൻ സുബിൻ എന്നിവരാണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്.
തിങ്കളാഴ്ച രാത്രി 11.30ന് പഴയ മൂന്നാർ സിഎസ്ഐ പളളിക്ക് സമീപത്തുവച്ചാണ് സംഭവം. രാത്രി ടൗണിലെത്തിയ ഇവർ താമസിക്കാൻ മുറി അന്വേഷിച്ച് നടക്കുന്നതിനിടയിൽ ടൗണിലെ ഗൈഡുമാരിലൊരാൾ ഇവരെ കോളനിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
എന്നാൽ ഏറെ ദൂരെയായതിനാൽ മുറി വേണ്ടെന്ന് പറഞ്ഞ് മടങ്ങി ടൗണിലേക്ക് വന്നു.
പാതയോരത്ത് വാഹനം നിർത്തിയെന്നാരോപിച്ച് മുറി കാണിക്കാൻ കൊണ്ടുപോയ യുവാവിന്റെ സംഘത്തിലുണ്ടായിരുന്നവർ ആദിലുമായി വാക്കുതർക്കമുണ്ടായി. ഇതോടെ ഇവിടെനിന്നു മടങ്ങിയ ഇവർ പഴയ മൂന്നാർ സിഎസ്ഐ പാലത്തിനു സമീപം വാഹനം നിർത്തി.
പിന്നാലെയെത്തിയ യുവാക്കൾ വീണ്ടും ഇവരുമായി വാക്കു തർക്കമുണ്ടാകുകയും സമീപത്തെ തട്ടുകടയിൽ നിന്നു കസേര എടുത്ത് ഇവരെ മർദിക്കുകയുമായിരുന്നു.
ഇവരുടെ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഒരാഴ്ചയ്ക്കിടയിൽ വിനോദ സഞ്ചാരികളെ ആക്രമിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]