തൊടുപുഴ ∙ കുട്ടിക്കാനത്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വന്ന അവസരവും സീറ്റ് ചർച്ചയ്ക്കുള്ള വേദിയാക്കി കോൺഗ്രസ് നേതൃത്വം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പ്രധാന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധി വന്ന അവസരത്തിലും നേതാക്കൾ തമ്മിൽ ചർച്ച നടത്തിയത്.
രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന കെ.സി.വേണുഗോപാൽ എംപിയുമായാണ് നേതാക്കൾ ചർച്ച നടത്തിയത്. ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം സീറ്റുകൾ സംബന്ധിച്ച് അനൗദ്യോഗിക ചർച്ച നടന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ നിലവിൽ സീറ്റ് ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്.
ഇടുക്കി സീറ്റ് ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് നേതൃത്വം. ഉടുമ്പൻചോലയിൽ കെപിസിസി മീഡിയ സെൽ വക്താവ് സേനാപതി വേണു, ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്.അരുൺ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
ഇവരിൽ ഒരാൾ സ്ഥാനാർഥിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
പീരുമേട് മണ്ഡലത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി സെക്രട്ടറി സിറിയക് തോമസ് എന്നിവരെയാണ് പരിഗണിക്കുന്നത്. പീരുമേട് മണ്ഡലത്തിൽ കെ.സി.വേണുഗോപാലിന്റെ നിർദേശത്തിന് കൂടുതൽ സാധ്യതയുണ്ടെന്നാണ് സൂചന.
അതിനാൽ സ്ഥാനാർഥി പട്ടികയിലുള്ളവരും അവരുടെ ഒപ്പമുള്ള നേതാക്കളും ഇന്നലെ കെ.സി.വേണുഗോപാലിനെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. ദേവികുളം മണ്ഡലത്തിലും ചർച്ചകൾ പ്രാരംഭഘട്ടത്തിലാണുള്ളത്.
സംവരണ മണ്ഡലമായ ദേവികുളത്ത് കോൺഗ്രസിൽനിന്നു സ്ഥാനാർഥിയാകാൻ നിരവധി പേരാണ് രംഗത്തുള്ളത്.
മുൻ എംഎൽഎയായിരുന്ന എ.കെ.മണിയാണ് സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവരിൽ പ്രമുഖൻ. കഴിഞ്ഞ തവണ മത്സരിച്ച ഡി.കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.രാജാറാം, മുൻ പഞ്ചായത്തംഗം എഫ്.രാജാ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.കൃഷ്ണമൂർത്തി, എം.മുത്തുരാജ് എന്നിവരാണ് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിലുള്ള മറ്റുള്ളവർ.
ഇടുക്കി ഏറ്റെടുത്താൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി എന്നിവരുടെ പേരാണ് കോൺഗ്രസ് ജില്ലയിൽനിന്ന് പരിഗണിക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്ന് സർപ്രൈസ് സ്ഥാനാർഥിയെ മന്ത്രി റോഷി അഗസ്റ്റിനെതിരെ മത്സരിപ്പിക്കാനും ചർച്ച പുരോഗമിക്കുന്നു.
തേയിലത്തോട്ടത്തിലിറങ്ങി, തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് രാഹുൽ
പീരുമേട് ∙ ‘‘ഈ ഇലകൾക്കിടയിൽ പാകമായത് എങ്ങനെ കണ്ടെത്തും ?’’– ഗ്ലെൻമേരി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തവമണിയോടായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിയുടെ ചോദ്യം.
മറുപടിയായി, പാകമായ രണ്ടില നുള്ളിയെടുത്തു കാട്ടി തവമണി. ശമ്പളം എത്ര കിട്ടും, കൃത്യമായി ലഭിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടിയായി തങ്ങളുടെ ജീവിതസാഹചര്യങ്ങൾ തൊഴിലാളികൾ വിവരിച്ചു.
റിസോർട്ടിൽനിന്ന് കുട്ടിക്കാനം മരിയൻ കോളജിലെ ഹെലിപാഡിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് തോട്ടം മേഖലയിലെ ജീവിതസാഹചര്യങ്ങൾ അന്വേഷിക്കാൻ രാഹുൽ ഗാന്ധി സമയം കണ്ടെത്തിയത്.
പച്ചക്കൊളുന്ത് നുള്ളിക്കൊണ്ടു നിരനിരയായി നിന്ന തവമണി, ശാന്തി, ജ്യോതി, ചന്ദ്രാ, ഡെയ്സി എന്നിവർ തൊട്ടുമുന്നിൽ രാഹുൽ ഗാന്ധിയെ കണ്ട് ആദ്യം അതിശയത്തോടെ നോക്കിനിന്നു. നിങ്ങളെ കാണാനും പറയുന്നതു കേൾക്കാനുമാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശും അംഗങ്ങളായ നിക്സൺ ജോർജും സി.കെ.അനീഷും തൊഴിലാളികളോടു പറഞ്ഞു.
പിന്നെ നിറഞ്ഞ ചിരിയോടെ തങ്ങളുടെയും തേയില മേഖലയുടെയും വിശേഷങ്ങൾ എണ്ണിയെണ്ണി അവർ പറഞ്ഞു. തൊഴിലാളികൾ അവരുടെ ബുദ്ധിമുട്ടും ദുരിതങ്ങളും അവതരിപ്പിച്ചു.
തേയിലയ്ക്കു കിട്ടുന്ന വില എത്രയെന്ന് നിങ്ങൾക്കു അറിയാമോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
അറിയില്ലെന്നായിരുന്നു മറുപടി. വില നിങ്ങൾ അറിഞ്ഞിരിക്കണമെന്നും കൃത്യമായ ശമ്പളം ചോദിച്ചു വാങ്ങണമെന്നും രാഹുൽ നിർദേശിച്ചു.
കൊളുന്ത് ഷീയർ (കത്രിക) ഉപയോഗിച്ചു വെട്ടിയെടുക്കുന്നതും തൊഴിലാളികൾ കാണിച്ചു കൊടുത്തു. എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, ഡീൻ കുര്യാക്കോസ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.
പൗലോസ്, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു എന്നിവരടങ്ങുന്ന സംഘം രാഹുലിനൊപ്പം ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

