മൂന്നാർ ∙ മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തോടനുബന്ധിച്ച് ഇന്നു മൂന്നാറിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളിൽനിന്നുള്ള നേതാക്കന്മാരടക്കം ബിജെപിയിൽ ചേരുമെന്ന് സൂചന. സിപിഎമ്മിൽനിന്ന് വിട്ടുപോയ എസ്.രാജേന്ദ്രൻ, സിപിഐ വിട്ടു പോയ ജി.എൻ.ഗുരുനാഥൻ എന്നിവരാണ് ബിജെപിയിലേക്ക് പ്രവർത്തകരെ റാഞ്ചുന്നത്. സിപിഎം, സിപിഐ നേതാക്കൾ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും പിന്തിരിപ്പിക്കാൻ കഠിന പരിശ്രമത്തിലാണ്.
നേതാക്കന്മാരുമായി ഇടഞ്ഞു നിൽക്കുന്നവർ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവർ തുടങ്ങിയവരുമായി ഇതിനകം രാജേന്ദ്രനും മറ്റു നേതാക്കളും പലവട്ടം ചർച്ച നടത്തി.
തങ്ങളുടെ ജാതിയിൽപെട്ടവരും മറ്റു സംഘടനകളിൽ പ്രവർത്തിക്കുന്നവരുമായവരെ ബിജെപിയിലെത്തിക്കാനാണ് രാജേന്ദ്രനും ഗുരുനാഥനും ലക്ഷ്യമിടുന്നത്. അണികളെയും അംഗങ്ങളെയും സംഘടിപ്പിക്കാതിരുന്നാൽ ബിജെപിയിലേക്കുള്ള തങ്ങളുടെ പ്രവേശനത്തിന് മാറ്റ് കുറയുമെന്നാണ് ഇരു നേതാക്കളും വിലയിരുത്തുന്നത്.
എങ്ങനെയും ഇന്ന് പരിപാടിയിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനുള്ള ഓട്ടത്തിലാണ് രാജേന്ദ്രനും സംഘവും.
രഹസ്യ യോഗങ്ങളിലൂടെ പ്രതിരോധം
ബിജെപിയിലേക്ക് പ്രവർത്തകർ ചേരാതിരിക്കാൻ മൂന്നാറിൽ ഇടതു–വലതു കക്ഷി നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും രഹസ്യ യോഗങ്ങളും സജീവം. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഒട്ടേറെപ്പേർ ബിജെപിയിലേക്ക് എത്തുമെന്ന രഹസ്യ വിവരമാണ് നേതാക്കളെ ആശങ്കയിലാക്കിയത്.
തോട്ടം മേഖലയിലെ പ്രമുഖ യൂണിയനുകളായ എഐടിയുസി, സിഐടിയു, ഐഎൻടിയുസി എന്നിവയുടെ നേതാക്കന്മാരാണ് ഒരാഴ്ചയായി സജീവമായി രംഗത്തുള്ളത്. സിപിഎം ബന്ധമുപേക്ഷിച്ച രാജേന്ദ്രന്റെ നേതൃത്വത്തിൽ വിന്നേഴ്സ് റോയൽ വർഷ സൊസൈറ്റിയുടെ 60-ാമത്തെ ശാഖ കഴിഞ്ഞ ദിവസം മൂന്നാറിൽ പ്രവർത്തനമാരംഭിച്ചിരുന്നു.
മറ്റു യൂണിയനുകൾക്കുള്ളതു പോലെ സാമ്പത്തിക ഇടപാട് നടത്താൻ കഴിയുന്ന രാജേന്ദ്രന്റെ സ്ഥാപനത്തെ തൊഴിലാളികൾ കൂടുതലായി ആശ്രയിക്കുന്നതും എസ്റ്റേറ്റിലെ യൂണിയൻ അംഗത്വം ഉപേക്ഷിച്ച് രാജേന്ദ്രനെ പിന്തുണയ്ക്കുമെന്നുമുള്ള പ്രചാരണം ശക്തമായതും നേതാക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ചും ഡിവിഷനുകൾ തോറും രഹസ്യ യോഗങ്ങൾ വിളിച്ചുമാണ് നേതാക്കൾ തൊഴിലാളികളെ തങ്ങൾക്കൊപ്പം നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

