ചെറുതോണി∙ വാഴത്തോപ്പിൽ ജില്ലാ പഞ്ചായത്തും വൈദ്യുതി വകുപ്പും തമ്മിൽ കാൽനൂറ്റാണ്ടായി നിലനിൽക്കുന്ന ഭൂമി തർക്കം മുഖ്യമന്ത്രിക്കു വിട്ടെങ്കിലും തീരുമാനം വൈകുന്നു. ഭൂമി വിട്ടുകിട്ടണമെന്ന് ജില്ലാ പഞ്ചായത്തും വിട്ടുകൊടുക്കില്ലന്നു വൈദ്യുതി ബോർഡും കടുംപിടുത്തം പിടിച്ചതോടെയാണ് തർക്കം മുഖ്യമന്ത്രിയുടെ പരിഗണനയക്കു വിട്ടത്.
മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രിയുമായും ഇരു കൂട്ടരുമായും ചർച്ച നടത്തിയ ശേഷം ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും നടപടി വൈകുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തീരുമാനം വൈകുമെന്ന് കരുതുന്നു.
1964 ൽ ഇടുക്കി ഡാം നിർമാണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കു ക്വാർട്ടേഴ്സ് നിർമിക്കുന്നതിനും ഓഫിസുകൾ സ്ഥാപിക്കുന്നതിനുമായി വാഴത്തോപ്പ് വഞ്ചിക്കവലയിൽ റവന്യു വകുപ്പ് 476 ഹെക്ടർ സ്ഥലം വൈദ്യുതി ബോർഡിനു വിട്ടുകൊടുത്തിരുന്നു.
ഡാം നിർമാണം പൂർത്തിയാകുമ്പോൾ വൈദ്യുതി ബോർഡിനു അത്യാവശ്യം വേണ്ട സ്ഥലം നിലനിർത്തി ബാക്കി ഭൂമി തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ.
1972ൽ ഇടുക്കി ജില്ല നിലവിൽ വന്നു. 1977ൽ ഡാം നിർമാണം പൂർത്തിയാവുകയും ചെയ്തു. തുടർന്ന് ജില്ലാ ആസ്ഥാന വികസനത്തിനായി 1980ൽ ജില്ലാ വികസന അതോറിറ്റി രൂപീകരിച്ചു.
തുടർന്ന് ജില്ലാ ആസ്ഥാനത്തെ ഭൂമി സർക്കാർ ഓഫിസുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാൻ ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി, കലക്ടർ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തു നിലവിൽ വന്നതോടെ 2007ൽ ജില്ലാ വികസന അതോറിറ്റി പിരിച്ചുവിട്ടു. അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലമെല്ലാം ജില്ലാ പഞ്ചായത്തിനു കൈമാറി.
എന്നാൽ കെഎസ്ഇബി അവരുടെ കൈവശമുള്ള സ്ഥലം വിട്ടുകൊടുക്കാൻ തയാറായില്ല.
വൈദ്യുതി ബോർഡിന്റെ അണക്കെട്ട് സുരക്ഷാ വിഭാഗം ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലമുൾപ്പെടെ 13.85 ഹെക്ടർ സ്ഥലം വൈദ്യുതി ബോർഡിനു വേണമെന്നും ബാക്കി സ്ഥലം വിട്ടു കൊടുക്കാമെന്നും ഇതിനിടയിൽ ആദ്യവട്ടം ചർച്ചയിൽ കെഎസ്ഇബി സമ്മതിച്ചു.എന്നാൽ 12.08 ഹെക്ടർ നിലനിർത്തി ബാക്കി നൽകണമെന്നു ജില്ലാ പഞ്ചായത്തും വാദിച്ചു. ഇതിനിടെ സ്ഥലം വിട്ടുകൊടുക്കണമെങ്കിൽ കെഎസ്ഇബി നിർമിച്ച കെട്ടിടങ്ങൾക്കു നഷ്ടപരിഹാരം വേണമെന്നു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു.
ഇതിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ ഇടപെട്ട് നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളുടെ വിലയായി 29 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അടച്ചു.
എന്നാൽ പിന്നീട് സ്ഥലം വിട്ടുനൽകുന്ന കാര്യത്തിൽ വൈദ്യുതി ബോർഡ് വാക്ക് പാലിച്ചില്ല. ഇതോടെ തർക്കം ഹൈപവർ കമ്മിറ്റിക്കു വിട്ടു.
ഏറ്റവും ഒടുവിൽ ഒന്നര മാസം മുൻപ് തിരുവനന്തപുരത്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വൈദ്യുതി ബോർഡ് പ്രതിനിധികൾ ഉൾപ്പെട്ട ഹൈപവർ കമ്മിറ്റി നടത്തിയ ചർച്ചയും അലസിപ്പിരിഞ്ഞു.
ഇതേ തുടർന്നാണ് ഇരുകൂട്ടരും തമ്മിലുള്ള തർക്കം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിടാൻ തീരുമാനിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

