തൊടുപുഴ ∙ നഗരത്തിലെ വഴിവിളക്കുകൾ പകൽ തെളിഞ്ഞു കിടന്നതിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരിക്കൊണ്ടു പോയി. ഇതോടെ നഗരത്തിൽ മൂവാറ്റുപുഴ റോഡിൽ ആനക്കൂട് ഭാഗം മുതൽ ഡോ.എ.പി.ജെ.
അബ്ദുൽ കലാം സ്കൂൾ വരെയുള്ള ഭാഗം 4 ദിവസമായി ഇരുട്ടിലായി. വ്യാപാരികളും പൊതുജനങ്ങളും ഉൾപ്പെടെ പരാതി പറഞ്ഞെങ്കിലും ആരും നടപടിയെടുത്തില്ല.
പിന്നീട് ഇന്നലെയാണ് ജനപ്രതിനിധികൾ ഇടപെട്ടതിനെ തുടർന്ന് ഊരിക്കൊണ്ടു പോയ ഭാഗത്തെ ഫ്യൂസുകൾ ബോർഡ് ജീവനക്കാർ അതത് ഭാഗത്ത് വീണ്ടും കൊണ്ടുവന്നു വച്ചത്. ഈ ഭാഗത്ത് വിവിധ വൈദ്യുതി തൂണുകളിലായി 5 സ്ഥലത്ത് വഴിവിളക്കിനായി ഫ്യൂസ് സ്ഥാപിച്ചിട്ടുണ്ട്.
വൈകിട്ട് ഫ്യൂസ് കുത്തുകയും രാവിലെ ഇത് ഊരുകയുമാണ് ചെയ്തിരുന്നത്.
വർഷങ്ങളായി ഇത് ചെയ്തുകൊണ്ടിരുന്നത് ബോർഡ് ജീവനക്കാരാണ്. എന്നാൽ അടുത്ത കാലത്ത് ഇതിൽ മാറ്റം വരുത്തിയതായി വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.
ഇതോടെ വഴിവിളക്ക് തെളിക്കേണ്ട ചുമതല നാട്ടുകാർക്കായി.
ഇത് പ്രകാരം ഫ്യൂസ് കുത്തുകയും രാവിലെ ഊരുകയും ചെയ്യേണ്ട ചുമതല അതത് മേഖലയിലെ ജനപ്രതിനിധിയോ അല്ലെങ്കിൽ ഏതെങ്കിലും വ്യാപാരിയോ നാട്ടുകാരോ ആയിരിക്കും ചെയ്യുക.
അതേസമയം ചില ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഫ്യൂസ് സ്ഥാപിച്ചിരിക്കുന്നത് ട്രാൻസ്ഫോമറിനു അടുത്താണ്.
ഇവിടെ ഫ്യൂസ് വച്ചതിനാൽ നാട്ടുകാർക്ക് പലർക്കും ഫ്യൂസ് കുത്താൻ തന്നെ ഭയമാണ്. ഇത് സാധാരണ വൈദ്യുതത്തൂണിലേക്ക് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
അതിനാൽ ഇത്തരം സ്ഥലങ്ങളിൽ ചുരുക്കം ചില ആളുകൾ മാത്രമാണ് ഫ്യൂസ് കുത്താൻ ധൈര്യപ്പെടുകയുള്ളു. ഇത്തരത്തിൽ ഫ്യൂസ് കുത്തിയവർ രാവിലെ ഫ്യൂസ് ഊരിയില്ലെന്ന പേരിലാണ് ഫ്യൂസുമായി ബോർഡ് ജീവനക്കാർ പോയത്.
മഴയും മറ്റും തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ വഴി വിളക്ക് തെളിയാതിരിക്കുന്നത് സാമൂഹിക വിരുദ്ധർക്കും മോഷ്ടാക്കൾക്കും സൗകര്യം ഒരുക്കുന്നതിനു തുല്യമാണെന്ന് വ്യാപാരികൾ ആരോപിച്ചു.
ആയിരക്കണക്കിനു ജനങ്ങൾ എത്തുന്ന നഗരത്തിൽ വഴിവിളക്ക് ഉണ്ടായിട്ടും വൈദ്യുതി ബോർഡ് ജീവനക്കാരുടെ ധാർഷ്ട്യത്തെ തുടർന്ന് 4 ദിവസം ഒരു പ്രദേശമാകെ ഇരുട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]