1. മന്ത്രി റോഷിയുടെ ചെറുതോണിയിലെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
ചെറുതോണി ∙ ദേശീയപാത നിർമാണത്തിലും ഭൂപതിവ് ചട്ടഭേദഗതിയിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണി വാഴത്തോപ്പ് കവലയിലുള്ള മന്ത്രി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
പ്രവർത്തകർ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ദേശീയപാതയും ഉപരോധിച്ചു.
ഉച്ചയ്ക്ക് 1നു ചെറുതോണി പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് മന്ത്രി ഓഫിസിനടുത്ത് അടിമാലി–കുമളി ദേശീയപാതയിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. മാർച്ചിലെ മുൻനിരയിലുണ്ടായിരുന്ന പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചു.
യൂത്ത് കോൺഗ്രസിന്റെ കൊടി പൊലീസിനു നേരെ വലിച്ചെറിഞ്ഞു. ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കി.
കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പ്രസംഗിക്കുന്നതിനിടെയാണ് പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞത്. വാഴത്തോപ്പിലേക്കുള്ള റോഡിനു സമീപംനിന്ന പൊലീസുകാർക്ക് നേരെ പ്രവർത്തകർ അക്രമാസക്തരായി.
ഉപരോധത്തിനിരുന്ന ഏക വനിതാ പ്രവർത്തക ശാരി ബിനുശങ്കറിനെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ഷാനു ഷാഹുൽ, ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് എന്നിവർ ബസിനു മുകളിലേക്ക് കയറി മുദ്രാവാക്യം മുഴക്കി.
വനിതാ പ്രവർത്തകയെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിലാണ് പ്രവർത്തകർ നേതാക്കളെ ബസിൽനിന്ന് ഇറങ്ങിയത്.
കണ്ടാലറിയാവുന്ന 50 പേർക്കെതിരെ ചെറുതോണി പൊലീസ് കേസെടുത്തു. മാർച്ചിൽ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷനായി.
ഡിസിസി പ്രസിഡന്റ് സി.പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം എ.പി.ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മാത്യു കെ.ജോൺ, ജോബി സി.ജോയി, ജോബിൻ മാത്യു, സോയിമോൻ സണ്ണി, പി.ജെ.ജോമോൻ, ഷിൻസ് ഏലിയാസ്, ജില്ലാ ഭാരവാഹികളായ ടോണി തോമസ്, ശാരി ബിനുശങ്കർ, മനോജ് രാജൻ, രജിത്ത് രാജീവ് എന്നിവർ പ്രസംഗിച്ചു.
ക്രമവൽക്കരണം ജനങ്ങളെ പിഴിയാൻ: സന്ദീപ് വാരിയർ
പിണറായി വിജയനും ഡോണൾഡ് ട്രംപും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണെന്നും തലേ രാത്രി കാണുന്ന സ്വപ്നങ്ങൾ പിറ്റേദിവസം നിയമമാക്കി മാറ്റുന്നതാണ് രീതിയെന്നും സന്ദീപ് വാരിയർ.
ഭൂപതിവ് ചട്ടഭേദഗതിക്കെതിരെ ചെറുതോണിയിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമപരമായി കെട്ടിയ വീടുകൾക്ക് വീണ്ടും ക്രമവൽക്കരണം കൊണ്ടുവന്നു ജനങ്ങളെ പിഴിയാൻ നോക്കുന്നു.
പിണറായി വിജയന്റെ സർക്കാർ പോകുന്ന പോക്കിൽ അവസാനത്തെ കഴുക്കോലും ഊരിയെടുക്കാനുള്ള ശ്രമമാണ്. മാണി സാർ ജീവിച്ചിരുന്നെങ്കിൽ ഭൂപതിവുചട്ടം അംഗീകരിക്കുമായിരുന്നോ? റോഷി അഗസ്റ്റിൻ കെ.എം.മാണിയോട് കാണിക്കുന്നത് പൊറുക്കാനാകാത്ത വഞ്ചനയാണെന്നും സന്ദീപ് വാരിയർ പറഞ്ഞു.
ബിജെപി പറയുന്നത് എൽഡിഎഫ് സർക്കാർ അംഗീകരിക്കുന്നതാണ് ദേശീയപാത നിർമാണപ്രവർത്തനം നിലയ്ക്കാൻ കാരണമെന്നും സന്ദീപ് ആരോപിച്ചു.
2. അടിമാലിയിൽ ദേശീയപാത ഉപരോധിച്ച് എൻഎച്ച് സംരക്ഷണ സമിതി
അടിമാലി ∙ ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ നിലനിൽക്കുന്ന നിർമാണ വിലക്ക് പിൻവലിക്കാൻ നടപടി ആവശ്യപ്പെട്ട് എൻഎച്ച് സംരക്ഷണ സമിതി വിവിധ സംഘടനകളുടെ സഹകരണത്തോടെ അടിമാലിയിൽ നടത്തിയ ദേശീയപാത ഉപരോധത്തിൽ പ്രതിഷേധം ഇരമ്പി. ഉപരോധ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ, ഇരുന്നൂറേക്കറിൽനിന്ന് എത്തിയ പ്രവർത്തകനെ പൊലീസ് മർദിച്ചെന്നാരോപിച്ചാണ് സംഘർഷത്തിന് തുടക്കമായത്.
സംഘർഷം കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ദേവികുളത്തുനിന്ന് വനം വകുപ്പിന്റെ വാഹനം ഇതുവഴി എത്തിയതോടെ പ്രവർത്തകർ ജീപ്പ് തടഞ്ഞതു വീണ്ടും സംഘർഷത്തിന് ഇടയാക്കി. അര മണിക്കൂറോളം പ്രവർത്തകർ ജീപ്പ് തടഞ്ഞിട്ടു.
ഒടുവിൽ വാഹനം പിറകോട്ട് എടുപ്പിച്ച് അടിമാലി– കുമളി പാതയിലൂടെ പൊലീസ് കടത്തി വിട്ടതോടെയാണ് സംഘർഷം അവസാനിച്ചത്.
സെൻട്രൽ ജംക്ഷനിൽ 4ന് ആരംഭിച്ച ഉപരോധം ഒന്നര മണിക്കൂർ നീണ്ടു. സംരക്ഷണ സമിതി ചെയർമാൻ പി.എം.ബേബി ഉദ്ഘാടനം ചെയ്തു. കൺവീനർ റസാക്ക് ചൂരവേലി അധ്യക്ഷനായി.
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, ഡയസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ പാതയിൽ കിടന്നും ഇരുന്നും പ്രതിഷേധിച്ചു.
എം.എ.അൻസാരി, ഹനീഫ അറയ്ക്കൽ, കെ.കൃഷ്ണ മൂർത്തി, ഹാപ്പി കെ.വർഗീസ്, ഷിൻസ് ഏലിയാസ്, ജോവിസ് വെളിയത്ത്, കെ.കെ.രാജൻ, ജോബി ചെമ്മല, അനിൽ കനകൻ, അനസ് ഇബ്രാഹിം, ആൽഫിൻ ജോയി, എം.എസ്.അജി, പീറ്റർ പൂണേലി, എസ്.എ.ഷജാർ, പൈലി കാക്കത്തോട്ടം, ടി.എസ്.സിദ്ദിഖ്, ബേസിൽ കാടായം, ഷിബു തെറ്റയിൽ, ഫൈസൽ ഇക്കരക്കുടി, നവാസ് ഹൈടെക്, അബ്ദുൽ കലാം, ബഷീർ പഴമ്പള്ളിതാഴത്ത്, കെ.എ.കുര്യൻ, അലൻ നിഥിൻ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]