തൊടുപുഴ ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർണമായും പൂർത്തീകരിച്ചു പ്രവർത്തനത്തിന് സജ്ജമായി. സിവിൽ വർക്കുകൾ നേരത്തേ പൂർത്തീകരിച്ചെങ്കിലും ഇലക്ട്രിക് ജോലികൾ, ലിഫ്റ്റ്, ഫയർ സംവിധാനങ്ങൾ, വാട്ടർ ടാങ്ക്, പാർക്കിങ് ഏരിയ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതോടെ കോംപ്ലക്സ് ഇന്നു നാടിനു തുറന്നു കൊടുക്കും.
2013ൽ ആണ് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്.
11 കോടി രൂപയാണ് ഇതുവരെയുള്ള പദ്ധതിച്ചെലവ്. ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കാണ്.
രണ്ടാംനില മുഴുവനായും സർക്കാർ സ്ഥാപനങ്ങൾക്കാണ്. ഉടുമ്പന്നൂർ, ഇടവെട്ടി റോഡുകളും ബൈപാസുകളും സംഗമിക്കുന്ന സ്ഥലത്ത് കോംപ്ലക്സ് നിർമിച്ചതിനാൽ കിഴക്കൻ മേഖലയുടെ വാണിജ്യ കേന്ദ്രമായി മങ്ങാട്ടുകവല മാറുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
കോംപ്ലക്സിനോട് ചേർന്ന് ബസ് സ്റ്റാൻഡും
ന്യൂമാൻ, അൽ അസ്ഹർ കോളജുകളിലെ വിദ്യാർഥികൾ, ജില്ലാ ആശുപത്രി, ഹോളിഫാമിലി ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾ, മുതലാക്കോടം, കാരിക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, ഇടവെട്ടി മേഖലകളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും തൊടുപുഴയിൽ എത്തുന്നവരുടെ യാത്ര സൗകര്യം പരിഗണിച്ച് ഷോപ്പിങ് കോംപ്ലക്സ് യാഡിൽ ബസ് ടെർമിനൽ വേണമെന്നത് ജനങ്ങളുടെ ഏറെകാലമായുള്ള ആവശ്യമാണ്.
കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ പാലാ, വൈക്കം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസ് മങ്ങാട്ടുകവലയിൽനിന്ന് ആരംഭിക്കാനും പദ്ധതിയുണ്ട്.
മാത്രമല്ല മുവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ മങ്ങാട്ടുകവല വഴി പോകണം എന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആവശ്യമാണ്. കൂടാതെ പൊതുജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന സർക്കാർ, അർധ സർക്കാർ സ്ഥാനങ്ങൾ ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണനയിലാണ്.
‘ബസുകൾ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വരെ സർവീസ് നീട്ടണം’
തൊടുപുഴയിലെത്തുന്ന സ്വകാര്യ – കെഎസ്ആർടിസി ബസുകൾ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വരെ സർവീസ് നീട്ടണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ആശ്രയമായ ജില്ലാ ആശുപത്രി, ആയുർവേദ ആശുപത്രി, മൃഗാശുപത്രി തുടങ്ങി ഒട്ടേറെ ജില്ലാ താലൂക്ക് ഓഫിസുകൾ ഈ ഭാഗത്തുണ്ട്.
ഈ സൗകര്യങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ ബസുകൾ മങ്ങാട്ടുകവലയിൽ എത്തണം.
മുൻപ് ഇതേ ആവശ്യത്തിൽ ട്രാഫിക് അഡ്വൈസറി ബോർഡ് അനുകൂല തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പായില്ല. വൈകാതെ ഈ തീരുമാനങ്ങൾ നടപ്പാക്കാൻ നഗരസഭാ ഭരണസമിതി മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്തുപറമ്പിൽ, കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വർഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ ജന.സെക്രട്ടറി റഫ്സിൻ സലിം, തൗഫീഖ്, ജൂലിയ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
അഭിമാനകരമായ പദ്ധതി: നഗരസഭാധ്യക്ഷൻ
നഗരസഭയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ പദ്ധതിയാണിത്. തൊടുപുഴയുടെ, പ്രത്യേകിച്ച് കിഴക്കൻ മേഖലയുടെ വികസനം ലക്ഷ്യം വച്ചാണ് സമുച്ചയം പണിതിട്ടുള്ളത്.
സാങ്കേതിക തടസ്സങ്ങൾ കാരണം പ്രവർത്തനം പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടെങ്കിലും നിലവിൽ യാഥാർഥ്യമായതിൽ ഏറെ സന്തോഷമുണ്ട്. യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ സൗകര്യത്തിനായി ബസുകൾ കോംപ്ലക്സിനു മുന്നിലൂടെ പോകുന്നതിനായി നിലവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ഷോപ്പിങ് കോംപ്ലക്സിന്റെ സമീപത്തേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]