
പരുന്തുംപാറ ഭൂമി കയ്യേറ്റം: ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം തുടങ്ങി വിജിലൻസും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പീരുമേട് ∙ പരുന്തുംപാറ ഭൂമി കയ്യേറ്റവും റവന്യു ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും അന്വേഷിക്കാൻ വിജിലൻസും രംഗത്ത്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആദ്യം പരുന്തുംെപാറയിൽ വൻ കയ്യേറ്റം നടന്നെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനു പിന്നാലെ ജില്ലാ ഭരണകൂടം ഡിജിറ്റൽ സർവേ നടത്തുകയും പട്ടയ – സ്ഥല പരിശോധനകൾ ഉൾപ്പെടെ നടത്താൻ പീരുമേട് താലൂക്കിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിക്കുകയും ചെയ്തു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിജിലൻസിന്റെ രംഗപ്രവേശം.പീരുമേട് താലൂക്ക് ഓഫിസിലും പീരുമേട് വില്ലേജ് ഓഫിസിലും കഴിഞ്ഞ ദിവസം വിജിലൻസ് വിഭാഗം പരിശോധനകൾ നടത്തി. ആരോപണ വിധേയരായ ചില റവന്യു ജീവനക്കാരെ സംബന്ധിച്ച് വിവരങ്ങൾ തേടി.
പീരുമേട് വില്ലേജിലെ ഭൂരേഖകളുടെ റജിസ്റ്ററുകളും പരിശോധനയ്ക്കായി വിജിലൻസ് സംഘം ഏറ്റെടുത്തു. പരുന്തുംപാറയിൽ പട്ടയം നൽകുന്നതിനും പട്ടയ വസ്തുവിന്റെ അതിർത്തി നിർണയിക്കുന്നതിനും ചില ഉദ്യോഗസ്ഥർ അപേക്ഷകരിൽ നിന്നു കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഓഫിസുകളിലെ പരിശോധനകൾക്കു പുറമേ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന ചില റവന്യു ജീവനക്കാരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തത്. ഭൂസ്വത്തുക്കൾ, വീട് നിർമാണം എന്നിവയെ സംബന്ധിച്ചായിരുന്നു പ്രധാനമായും അന്വേഷണം.
അന്വേഷണം തുടരും
നിലവിൽ മഞ്ചുമലയിലെ 441, പീരുമേട്ടിലെ 534 സർവേ നമ്പറുകളിലെ പട്ടയ പരിശോധനയും, ഡിജിറ്റൽ സർവേയും തുടരും. പട്ടയ രേഖകൾ ഹാജരാക്കാൻ ആയിരത്തോളം പേർക്കാണ് റവന്യു വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇതിൽ ഹിയറിങ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ പരുന്തുംപാറയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. അനധികൃത മണ്ണെടുപ്പ് ഉൾപ്പെടെ തടയും. അവേശേഷിക്കുന്ന സർക്കാർ സ്ഥലങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്താനും നിർദേശമുണ്ട്.
നിരോധനാജ്ഞാ കാലാവധി അവസാനിച്ചു
കയ്യേറ്റങ്ങൾ തടയുന്നതിനും, അന്വേഷണത്തിന് തടസ്സം ഉണ്ടാകാതിരിക്കുന്നതിനും പരുന്തുംപാറയിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി 5ന് അവസാനിച്ചു. മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പറുകളിൽ ആണ് നിർമാണത്തിനും നിരോധനം പ്രഖ്യാപിച്ചിരുന്നത്. ഈ രണ്ട് സർവേ നമ്പറുകളിലും സർക്കാർ ഭൂമി കയ്യേറ്റം വഴി വൻ തോതിൽ നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാലാവധി കഴിഞ്ഞതോടെ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ചൂണ്ടിക്കാട്ടി പീരുമേട് ഭൂരേഖ തഹസിൽദാർ ജില്ലാ കലക്ടർക്കു റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എന്നാൽ നിരോധനാജ്ഞ പിൻവലിച്ചു കൊണ്ടു കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.