തൊടുപുഴ∙ സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നതിൽ സംസ്ഥാന നേതൃത്വം ഇടപെടാൻ സാധ്യത. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വവും ജില്ലയുടെ ചാർജുള്ള സംസ്ഥാന നേതാവിനും കഴിയാത്തതാണ് ജില്ലാ എക്സിക്യൂട്ടീവ് മെംബറുൾപ്പെടെ പാർട്ടിയിൽ നിന്ന് രാജി വയ്ക്കാൻ കാരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ ജി.എൻ.ഗുരുനാഥൻ രാജി വച്ചത് കൂടാതെ കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ കമ്മിറ്റിയംഗവും കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ജോയി വടക്കേടവും ജില്ലാ സെക്രട്ടറിക്ക് രാജി കത്ത് നൽകിയിരുന്നു.
ഇദ്ദേഹത്തെ അനുനയിപ്പിച്ച് പാർട്ടിയിൽ നിർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആലക്കോട് പഞ്ചായത്തിൽ നിന്ന് ഒരു പഞ്ചായത്തംഗമുൾപ്പെടെ എൺപതോളം പേരാണ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ചത്. ശാന്തൻപാറ മേഖലയിലെ തോട്ടം മേഖലയിൽ നിന്നുള്ള ഒരു പ്രമുഖ നേതാവും പാർട്ടി വിടാൻ തീരുമാനിച്ചതായാണ് വിവരം.
മറ്റ് ചില പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. പീരുമേട്, കുമളി, കട്ടപ്പന മേഖലകളിൽ നിന്ന് നിരവധി പ്രവർത്തകർ പാർട്ടി ബന്ധം ഉപേക്ഷിച്ചതിനു പിന്നിൽ വിഭാഗീയതയും നേതൃത്വത്തിന്റെ വീഴ്ചയുമാണെന്ന് ആരോപണമുണ്ട്. പാർട്ടിയിൽ നിന്ന് രാജി വച്ച് പലരും ബിജെപിയിൽ ചേർന്നതാണ് നേതൃത്വത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
ചിലർ സിപിഎമ്മിലും മറ്റുചിലർ കോൺഗ്രസിലും ചേർന്നു.
പീരുമേട് മണ്ഡലത്തിൽ നിന്ന് കൂടുതൽ പ്രവർത്തകർ രാജിവച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സിപിഐ സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്ത പരാജയമേറ്റു വാങ്ങിയതിന്റെ ക്ഷീണം മാറിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയം സംഭവിച്ചാൽ കൂടുതൽ പേർ പാർട്ടിയിൽ നിന്ന് ഒഴിവാകും. അതിനാൽ ഏതു വിധേനയും പീരുമേട് മണ്ഡലം നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ഇൗയിടെ പാർട്ടിയിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് കഴിഞ്ഞ 31 ന് സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ജില്ലാ സെക്രട്ടറിക്കും മറ്റ് ചില നേതാക്കൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുന്നയിച്ചിട്ടുള്ളത്.
ഇൗ പരാതി പാെതുസമൂഹത്തിൽ ചർച്ചയായാൽ അത് പാർട്ടിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കുള്ളിലുള്ള പ്രശ്നങ്ങളിൽ ഇടപെടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

