
രാജകുമാരി∙ കാലവർഷക്കെടുതിയിൽ ലക്ഷക്കണക്കിന് രൂപയുടെ ഏലം കൃഷി നശിച്ചതു കൂടാതെ 3 മാസമായി തുടരുന്ന മഴയെത്തുടർന്ന് ഏലച്ചെടികളിൽ അഴുകൽ രോഗം വ്യാപകമായത് കർഷകർക്ക് തിരിച്ചടിയായി. ‘ഫൈറ്റോഫ്തോറ’ എന്ന ഫംഗസാണ് രോഗകാരണം.
മഴയ്ക്കാെപ്പം ഈർപ്പത്തിന്റെ അളവ് കൂടുന്നത് ഫൈറ്റോഫ്തോറ ഫംഗസിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. ഇലകളിൽ ചൂട് വെള്ളം വീണതു പോലുള്ള പാടുകളാണ് അഴുകൽ രോഗത്തിന്റെ ആദ്യ ലക്ഷണം.
ക്രമേണ ഇത് ഏലക്കായകളെയും ശരങ്ങളെയും ബാധിക്കും. തുടർന്ന് ചുവട് ഭാഗം അഴുകി തട്ടകൾ മറിഞ്ഞു വീഴും.
കുമിളുകളെ നിയന്ത്രിക്കാൻ ബോർഡോ മിശ്രിതം പ്രയോജനകരമാണെങ്കിലും 40 ദിവസം കഴിഞ്ഞാൽ വീണ്ടും ബോർഡോ മിശ്രിതം പ്രയോഗിക്കണം. ചെറുകിട
കർഷകർക്ക് ഇത് വൻ സാമ്പത്തിക ചെലവുണ്ടാക്കുന്നു.
കാലവർഷക്കെടുതി 5 കോടി രൂപ
കാലവർഷക്കെടുതിയിൽ ഏലം കൃഷിയ്ക്കുണ്ടായത് 5 കോടിയിലധികം രൂപയുടെ നഷ്ടം. കൃഷി വകുപ്പിന്റെ പ്രാഥമിക വിവര റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മേയ് 1 മുതൽ ഇതുവരെ 5 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് ഏലം മേഖലയിലുണ്ടായത്.
എന്നാൽ എയിംസ് പോർട്ടൽ വഴി 2567 കർഷകരാണ് ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചത്. എയിംസ് പോർട്ടലിൽ ലഭിച്ച അപേക്ഷകൾ അനുസരിച്ച് 259.1491 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചെന്നാണ് കണക്ക്.
സംസ്ഥാന സർക്കാരിന്റെ 6.45 ലക്ഷവും എസ്ഡിആർഎഫ് ഫണ്ടിൽ നിന്നുള്ള 58.11 ലക്ഷവും ഉൾപ്പെടെ ആകെ 64.56 ലക്ഷം രൂപയാണ് കൃഷി വകുപ്പ് നഷ്ടപരിഹാര തുകയായി വകയിരുത്തിയിരിക്കുന്നത്. വിളനാശം സംഭവിച്ച ഭൂരിഭാഗം ഏലം കർഷകരും നഷ്ടപരിഹാരത്തിന് ഇതുവരെ അപേക്ഷ നൽകിയിട്ടില്ല.
നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന് ആവശ്യം
ഒരു ഹെക്ടർ (രണ്ടര ഏക്കർ) സ്ഥലത്തെ ഏലം കൃഷി പ്രകൃതിക്ഷോഭം മൂലം നശിച്ചാൽ 60,000 രൂപയാണ് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുക.
ഒരേക്കർ സ്ഥലത്ത് ഏലം പുനർകൃഷി ചെയ്യണമെങ്കിൽ പോലും ഇതിന്റെ ഇരട്ടി തുക ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്. അതിനാലാണ് കൂടുതൽ കർഷകരും നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ മടി കാണിക്കുന്നത്.
ഏലത്തിന്റെ നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്കരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
നഷ്ടപരിഹാരത്തിന് എന്ത് ചെയ്യണം ?
കൃഷി നാശമുണ്ടായാൽ കൃഷി വകുപ്പിന്റെ എയിംസ്(അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിൽ അക്ഷയ കേന്ദ്രങ്ങൾ വഴി കർഷകരുടെ ഐഡി വച്ച് അപേക്ഷ നൽകാം. ആദ്യമായി അപേക്ഷിക്കുന്നവർ ഐഡി ഉണ്ടാക്കിയ ശേഷം അപേക്ഷ നൽകണം.
തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, വിളനാശത്തിന്റെ ചിത്രങ്ങൾ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിളകൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകളും അപ്ലോഡ് ചെയ്യണം.
എയിംസ് പോർട്ടലിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതത് കൃഷി ഭവനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.
സ്ഥിരീകരിച്ച ചിത്രം ജിയോ ടാഗ് സംവിധാനമുപയോഗിച്ച് പോർട്ടലിൽ അപ്ലോഡ് ചെയ്യും. ഇൗ പ്രക്രിയകളെല്ലാം 10 ദിവസത്തിനുള്ളിൽ പൂർത്തിയാകാറുണ്ട്.
എന്നാൽ സർക്കാർ ഫണ്ട് അനുവദിക്കുന്നത് അനുസരിച്ചാണ് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക എത്തുന്നത്. ഇതിന് ചിലപ്പോൾ മാസങ്ങളും, വർഷങ്ങളും കാലതാമസമെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]