
പടയപ്പ വീണ്ടും…; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിച്ചെറിഞ്ഞു, ഡ്രൈവർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ രാത്രി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പിന്നാലെയെത്തിയ പടയപ്പ കുത്തിമറിച്ചെറിഞ്ഞു. നിസ്സാര പരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ടൗണിനു സമീപമെത്തിയ പടയപ്പ അപ്സൈക്കിൾഡ് പാർക്കിന്റെ സംരക്ഷണവേലി തകർത്ത ശേഷം വഴിയോരക്കട തകർത്ത് കാരറ്റ് തിന്നു നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9നു ടൗണിൽ നിന്ന് ഓട്ടം കഴിഞ്ഞ് ഗ്രഹാംസ് ലാൻഡ് ന്യൂ ഡിവിഷനിലെ വീട്ടിലേക്കു പോകുകയായിരുന്ന കെ.കറുപ്പുസ്വാമിയുടെ ഓട്ടോയാണ് പടയപ്പ എടുത്തെറിഞ്ഞത്. വീടിനു സമീപമുള്ള കൊടുംവളവിൽ വച്ചാണ് സംഭവം.
തേയിലത്തോട്ടത്തിൽ നിന്നിറങ്ങി വന്ന പടയപ്പ ഓട്ടോയുടെ പിൻവശത്ത് കുത്തി 20 അടി താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്ക് എറിയുകയായിരുന്നു. വീഴ്ചയിലാണ് കറുപ്പുസ്വാമിക്ക് പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നു മടങ്ങി ഇന്നലെ പുലർച്ചെ പഴയ മൂന്നാർ ബൈപാസ് പാലത്തിനു സമീപമെത്തിയ പടയപ്പ അപ്സൈക്കിൾഡ് പാർക്കിന്റെ സംരക്ഷണവേലി തകർത്ത ശേഷം ദേശീയപാത വഴി പുലർച്ചെ 5ന് ആർഒ കവലയിലെത്തി പാണ്ടിരാജിന്റെ വഴിയോര കട തകർത്താണ് കാരറ്റ് തിന്നത്. പിന്നീട് പഞ്ചായത്ത് ഓഫിസിനു മുകൾഭാഗത്തുള്ള വനത്തിലേക്ക് മടങ്ങിയ പടയപ്പ ഇന്നലെ പകൽ നടയാർ മേഖലയിലാണുണ്ടായിരുന്നത്. കോവിഡ് കാലത്ത് ടൗണിൽ പതിവായെത്തിയിരുന്ന പടയപ്പ വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മൂന്നാർ ടൗണിലെത്തുന്നത്.