തൊടുപുഴ ∙ നാടെങ്ങും തിരുവോണത്തിന്റെ പൂവിളികൾ ഉയർത്തി ഇന്ന് ഉത്രാടം. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട
ഒരുക്കങ്ങൾക്കുള്ള ദിവസം. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയിൽ കയറിയിറങ്ങാതെ തിരുവോണത്തിനുള്ള തയാറെടുപ്പ് പൂർത്തിയാകില്ല.
വിട്ടുപോയ സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിന്റെ ദിവസം കൂടിയാണിന്ന്. ഓണക്കോടിയെടുക്കാനും സദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും കൂടുതൽപേർ ഇന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തും.
അധിക സമയവും മഴ മാറിനിൽക്കുന്നത് ഓണ വിപണിക്ക് ഉണർവേകുന്നു.
ആഘോഷം, ആവേശം
നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷങ്ങൾ പൊടിപാറുകയാണ്. വിവിധ ക്ലബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മത്സരങ്ങൾ, ഓണസദ്യ, കലാപരിപാടികൾ തുടങ്ങി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലാതല ഓണം വാരാഘോഷത്തിന് ഇന്നലെ ചെറുതോണിയിൽ തുടക്കമായി. 9 വരെയാണ് ആഘോഷ പരിപാടികൾ.
ഓണം റിലീസ് സിനിമകൾ മികച്ച അഭിപ്രായം നേടിയതോടെ തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഒഴുക്കും വർധിച്ചു. ഓണാവധിക്കാലമായതോടെ, ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഏറെ പ്രതീക്ഷയിലാണ്.
ഓണത്തിരക്കിൽ നാടും നഗരവും
വസ്ത്രവ്യാപാര ശാലകൾ, ഗൃഹോപകരണ വിപണി, ചിപ്സ് കടകൾ, പൂവിപണി, ഓണം വിപണന മേളകൾ തുടങ്ങി എല്ലായിടത്തും തിരക്കു തന്നെ.
പ്രധാന ടൗണുകൾ വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്ന അവസ്ഥ. നാളെ തിരുവോണം ആയതിനാൽ വിവിധ ഇടങ്ങളിൽ നിന്നു വീട്ടിലെത്താനുള്ളവരുടെ തിരക്കും ബസ് സ്റ്റാൻഡുകളിൽ അനുഭവപ്പെട്ടു.
ഓഫറുകളുടെയും സമ്മാനങ്ങളുടെയും പൂരമാണ് വിപണിയിൽ.മുൻ ദിവസങ്ങളിലേതു പോലെ വസ്ത്രവ്യാപാര ശാലകളിൽ മത്സരക്കച്ചവടമായിരുന്നു ഇന്നലെയും. ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്ക് രാത്രി വരെ തുടർന്നു.
ഓണക്കച്ചവടം പ്രതീക്ഷിച്ച് പല വ്യാപാര സ്ഥാപനങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിച്ചു.
സപ്ലൈകോ ഓണം ഫെയറുകൾ, കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി തുടങ്ങി ഓണം വിപണന മേളകളിലെല്ലാം തിരക്ക് തുടരുകയാണ്.ഉത്രാട ദിനമായ ഇന്ന് പച്ചക്കറി വിപണിയിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ കാര്യമായ വിലക്കയറ്റമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വള്ളിപ്പയർ, കാരറ്റ് തുടങ്ങി ചുരുക്കം ചില ഇനങ്ങളുടെ വിലയിൽ മാത്രമാണ് വർധനയുള്ളത്.
ജില്ലയിൽ മിക്കയിടങ്ങളിലും വഴിയോരക്കച്ചവടം ഉൾപ്പെടെ പച്ചക്കറികളുടെ വിൽപന ഉഷാറാണ്. ഓണത്തിന് പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ്, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ ഓണച്ചന്തകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതു സാധാരണക്കാർക്ക് ആശ്വാസമാണ്.
ഓണസദ്യ, പായസമേള
ഓണസദ്യ വീട്ടിലൊരുക്കാൻ സമയമില്ലാത്തവർക്ക് പല ഹോട്ടലുകളും കേറ്ററിങ് സർവീസുകളും ഓണസദ്യ തയാറാക്കി നൽകുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും.
പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകർഷണം. പാലട, അടപ്രഥമൻ, പരിപ്പ്, ഗോതമ്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ.
ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് ഇന്നലെയും തകൃതിയായിരുന്നു. നഗര പ്രദേശങ്ങളിലാണ് പാഴ്സൽ ഓണസദ്യയ്ക്ക് ആവശ്യക്കാർ കൂടുതൽ.
ഉപ്പേരി, ശർക്കരവരട്ടി എന്നിവയുടെ വിൽപനയും പൊടിപൊടിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]