കട്ടപ്പന∙ അപ്രതീക്ഷിതമായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതിന്റെ ഞെട്ടലിൽ നിന്നു മുക്തമാകാതെ കട്ടപ്പന. 30ന് രാത്രി 10ന് ഹോട്ടലിന്റെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ(48), ഗൂഡല്ലൂർ സ്വദേശി മൈക്കിൾല (കവാസ്കർ-23), കീഴെ ഗൂഡല്ലൂർ സ്വദേശി സുന്ദര പാണ്ഡ്യൻ(37) എന്നിവർ മരിച്ചത്.
വർഷങ്ങളായി ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ഇവർ കട്ടപ്പനയിൽ പലയിടത്തും സമാനമായ ജോലികൾ ചെയ്തിട്ടുണ്ട്.
ഒരു മാസത്തോളമായി ഹോട്ടലിന്റെ നവീകരണ ജോലികൾ നടക്കുകയാണ്. അതിനാൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല.
മാലിന്യക്കുഴിയിലെ വെള്ളം ഒരു മാസത്തോളമായി കെട്ടിക്കിടക്കുകയായിരുന്നു. ഇതു ശുചീകരിക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്.
ആഴ്ചകളായി വെള്ളം കെട്ടിക്കിടന്ന് വിഷവാതകം രൂപപ്പെട്ട കുഴയിൽ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.കട്ടപ്പന-പുളിയൻമല റോഡിൽ പാറക്കടവിനു സമീപമുള്ള ഹോട്ടലിന്റെ മുൻവശത്ത് വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഭാഗത്താണ് മാലിന്യക്കുഴി.
ഇത് സ്ലാബ് നിർമിച്ചു മൂടിയശേഷം ഒരുവശത്ത് മാൻഹോൾ നിർമിച്ചിട്ടുണ്ട്.
10 അടിയോളം താഴ്ചയാണ് ഈ കുഴിക്കുള്ളത്. അതിനുമുകളിൽ സ്ലാബ് വിരിച്ചശേഷം അൽപംകൂടി മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്.
അതിനു മുകളിലാണ് തറയോട് പാകിയിരിക്കുന്നത്.മാൻഹോളിലൂടെ കുഴിയിലേക്ക് ഏണി ഉപയോഗിച്ച് ഇറങ്ങിയ തൊഴിലാളികളിൽ ഒരാൾ അകത്ത് കുടുങ്ങിയതോടെ രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അകപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
മാൻഹോളിലൂടെ ഇറങ്ങാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് കുഴിയുടെ ഒരുവശം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. അതുവഴി ഏണി ഉപയോഗിച്ച് ഇറങ്ങി ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്.
ഉത്തരവാദിത്തം ആർക്ക്? തുടങ്ങി, രാഷ്ട്രീയപ്പോര്
കട്ടപ്പന∙ മാലിന്യക്കുഴിയിൽപെട്ട് മൂന്നുപേർ മരിച്ചതോടെ അതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് രാഷ്ട്രീയ പഴിചാരലിന് വഴിയൊരുക്കി.
ഇത്തരം ജോലികൾ ചെയ്യുന്ന സ്ഥലങ്ങളിൽ നഗരസഭയുടെ കൃത്യമായ മാർഗനിർദേശവും ഇടപെടലും ആവശ്യമാണെങ്കിലും അതുണ്ടായിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി മാത്യു ജോർജ് ആരോപിച്ചു. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നാണ് ബിജെപിയുടെയും നിലപാട്.
എന്നാൽ ഇത്തരത്തിലുള്ള ജോലികൾ നടക്കുന്നതു സംബന്ധിച്ച് ഉടമയോ തൊഴിലാളികളോ അറിയിച്ചിരുന്നില്ലെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. മാത്രമല്ല, 2024 നവംബറിൽ സെപ്റ്റിക് ടാങ്ക് അടക്കമുള്ളവ ശുചീകരിക്കുന്ന തൊഴിലാളികൾക്കായി നഗരസഭയുടെ നേതൃത്വത്തിൽ സുരക്ഷാ ഉപകരണങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
അപകടത്തിൽപെട്ട ജയരാമൻ ഉൾപ്പെടെയുള്ളവരെ ബോധവൽക്കരിക്കുകയും സുരക്ഷാ ഉപകരണങ്ങൾ നൽകുകയും ചെയ്തിരുന്നതായി നഗരസഭാധ്യക്ഷ ബീന ടോമി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]