
മൂന്നാർ∙ ഒരു വർഷം മുൻപ് മലയിടിച്ചിലുണ്ടായ ദേവികുളത്ത് പാറകളും മണ്ണും നീക്കം ചെയ്യാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട ദേവികുളം ഇറച്ചിൽ പാറയിലെ ഇരുപത്തഞ്ചിലധികം കുടുംബങ്ങളാണ് ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന പാറകളും മണ്ണും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 11നാണ് ദേശീയ പാതയിൽപെട്ട
ഇരച്ചിൽപാറയിലെ ഗവ. എൽപി സ്കൂളിന്റെ മുകൾഭാഗത്തെ വനഭൂമിയിൽ 100 മീറ്റർ നീളത്തിൽ വിണ്ടുകീറി ഒരു മലയുടെ പ്രധാന ഭാഗം ദേശീയ പാതയിലേക്ക് പതിച്ചത്.
ഇടിഞ്ഞു കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യാനും മുകൾ ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടാനും വനംവകുപ്പ് രണ്ടു മാസം മുൻപ് അനുമതി നൽകിയിരുന്നു.
തുടർന്ന് ജൂലൈ 5ന് മണ്ണു നീക്കാൻ തുടങ്ങിയെങ്കിലും രണ്ടു ദിവസം കൊണ്ട് അകാരണമായി പണികൾ നിർത്തി കരാറുകാരൻ സ്ഥലംവിട്ടു. പിന്നീടുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞു വീണു കിടന്ന പാറയും മണ്ണും ദേശീയപാതയുടെ നടുക്കു വരെ ഒഴുകിയെത്തി.
ഇതോടെയാണ് ദേശീയപാതയുടെ സമീപം താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായത്. മഴ ശക്തമായാൽ ഇടിഞ്ഞുകിടക്കുന്ന പാറകളും മണ്ണും വീടുകളുടെ മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. മഴയ്ക്ക് ശമനമുണ്ടായിട്ടും ഇവ നീക്കം ചെയ്യാത്ത പക്ഷം പ്രതിഷേധ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]