തൊടുപുഴ∙ തൊടുപുഴ – പാലാ റോഡിൽ കരിങ്കുന്നത്തിനു സമീപം പ്ലാന്റേഷനിലെ വളവിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 46 പേർക്ക് പരുക്ക്. കുട്ടികളടക്കം 48 യാത്രക്കാരും 2 ജീവനക്കാരും ബസിലുണ്ടായിരുന്നു.
ശബരിമല തീർഥാടനത്തിനു ശേഷം കോഴിക്കോട്ടേക്കു മടങ്ങുമ്പോൾ പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റ 32 പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും 13 പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ സാരമായി പരുക്കേറ്റ 3 പേരെ കൂടുതൽ നിരീക്ഷണങ്ങൾക്കായി ഐസിയുവിലേക്കു മാറ്റി. എന്നാൽ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതു കൂടാതെ 10 പേർ ഇവിടെ ചികിത്സയിലുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്ന് 4 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
ഏതാനും പേർ പ്രഥമശുശ്രൂഷ സ്വീകരിച്ച് ആശുപത്രി വിട്ടു.
തൊടുപുഴ ഭാഗത്തേക്കു വരുമ്പോൾ പ്ലാന്റേഷൻ കവലയ്ക്കു തൊട്ടുമുൻപുള്ള ഇരട്ട വളവിലാണ് അപകടമുണ്ടായത്.
വളവിൽ എതിർഭാഗത്തു നിന്നു ദിശതെറ്റിച്ചു വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു. മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
തൊടുപുഴയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും കരിങ്കുന്നം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മറിഞ്ഞു കിടന്ന ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

