
തൊടുപുഴ ∙ കാട്ടാന, കാട്ടുപന്നി, മ്ലാവ്, കേഴ എന്നിവ ആക്രമണ സ്വഭാവവുമായി ഒരു വശത്ത്. അടിയന്തര സാഹചര്യത്തിൽ പുറത്തേക്ക് എത്താൻ കഴിയാത്ത വഴിയടഞ്ഞുള്ള ജീവിതം മറുവശത്ത്.
ഇതാണ് 301 കോളനി നിവാസികളുടെ പ്രധാന പ്രശ്നം. ഇതിനു പരിഹാരം കാണാത്തതാണ് ഇവരുടെ ജീവിതം ദുരിതപൂർണമാക്കുന്നത്.
18 കാട്ടാനകളുടെ കൂട്ടമാണ് ഇവിടെയുള്ളത്. ഇതിൽ പ്രശ്നക്കാരനായ അരിക്കൊമ്പനെ നാടുകടത്തിയ ശേഷം ‘ചാർജ് ഏറ്റെടുത്തിരിക്കുന്നത്’ ചക്കക്കൊമ്പനാണ്. ചിന്നക്കനാലിൽ നിന്നു സിംഗുകണ്ടത്തേക്കുള്ള വഴിയോരങ്ങളിലും 301 കോളനിക്കകത്തും ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ചക്കക്കൊമ്പൻ വിഹരിക്കുകയാണ്.
കൂടാതെ കൃഷി നശിപ്പിക്കാൻ കാട്ടുപന്നി, മ്ലാവ്, കേഴ എന്നിവയും സജീവം.
തൊട്ടുമുന്നിലെത്താം കൊലകൊമ്പൻ
ഗ്രാൻഡിസിന്റെയും പൈൻമരത്തിന്റെയും തോട്ടങ്ങൾക്കിടയിൽ ഉയരത്തിൽ വളർന്നിരിക്കുന്ന പുല്ലുകൾ കാട്ടാനകൾക്ക് ഒളിച്ചിരിക്കാനുള്ള പ്രധാനയിടങ്ങളാണ്. ഏതു നിമിഷവും അപകടം മുന്നിൽ കണ്ടാണ് 301 കോളനിക്കാരുടെ ജീവിത സഞ്ചാരം.
കാട്ടാനകളെ കണ്ടാൽ അവ കടന്നുപോകുന്നതു വരെ ജീവനും കയ്യിൽ പിടിച്ചു കാത്തിരിക്കലാണ് ഇവരുടെ ഏക പ്രതിരോധം. 2002ൽ കുടിയേറി ചിന്നക്കനാലിലേക്ക് എത്തിയവർ ആദ്യം തുടങ്ങിയത് വാഴക്കൃഷിയായിരുന്നു.
മികച്ച വിളവ് ലഭിച്ചു.
കർഷകർക്ക് ജീവിതം മണ്ണിലുറപ്പിച്ചു നിർത്താനുള്ളതെല്ലാം അന്നത്തെ തന്നാണ്ട് കൃഷിയിൽ നിന്ന് ലഭിച്ചിരുന്നെന്ന് നിവാസികൾ പറയുന്നു. ഇന്ന് കാട്ടാന പ്രശ്നത്തിൽ അതെല്ലാം നിലച്ചു.
കാട്ടുപന്നിയിറങ്ങുന്നതിനാൽ കപ്പക്കൃഷിയും ഉപേക്ഷിച്ചു. കാട്ടാനശല്യം നേരിടാൻ തങ്ങളാൽ കഴിയുന്ന പ്രതിരോധങ്ങളും പരീക്ഷിക്കുന്നുണ്ട് നിവാസികൾ.
വഴിപ്രശ്നം
81 ദിവസം സമരം ചെയ്തു വൈദ്യുതിയെത്തിച്ചത് 301 കോളനി നിവാസികൾക്ക് ഇന്നും നല്ല ഓർമയാണ്. എന്നാൽ നല്ലൊരു വഴിയൊരുക്കി നൽകണമെന്ന അവരുടെ അപേക്ഷ 2 പതിറ്റാണ്ടായിട്ടും അവഗണിക്കപ്പെടുകയാണ്.
രാത്രി മഞ്ഞു പെയ്യുന്ന, ചാറ്റൽമഴ കുളിരണിയിക്കുന്ന, തുലാമഴ ആർത്തുപെയ്യുന്ന ചിന്നക്കനാലിലെ 301 കോളനിയിലേക്ക് നല്ലൊരു വഴിയൊരുക്കണമെന്ന ആവശ്യത്തിന് കോളനിയുടെ കുടിയേറ്റത്തോളം പഴക്കമുണ്ട്.
തെന്നി നീങ്ങുന്ന വഴിയിൽ കുഴി, ഗർത്തം എന്നിവയില്ലാത്ത ഭാഗമില്ല. റോഡ് എന്നത് പേരിനു മാത്രം.
സിംഗുകണ്ടത്തുനിന്ന് 2 കിലോമീറ്റർ സഞ്ചരിച്ചാണ് 301 കോളനിയിലേക്ക് എത്തേണ്ടത്. ഇതിൽ ഇടയ്ക്ക് 750 മീറ്ററോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
2 പോക്കറ്റ് റോഡുകളുടെ സ്ഥിതി ദയനീയം. സംസ്ഥാന നിർമിതി കേന്ദ്ര റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടു 2 വർഷം കഴിഞ്ഞെന്നു ദേവികുളത്തെ ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡവലപ്മെന്റ് മിഷന്റെ ഓഫിസിൽ നിന്നു പറയുന്നു.
301 കോളനിയിലെ വഴിയും സർക്കാരിന്റെ ലക്ഷക്കണക്കിനു ഫയലുകളിൽ കുരുങ്ങിയെന്നു സാരം.
ആശ്രയം ഒറ്റ ജീപ്പ്
പുറമേ നിന്ന് ആശുപത്രി ആവശ്യത്തിനു പോലും ഒരു വാഹനമെത്താത്ത 301 കോളനിയുടെ ഏക ആശ്രയം ജീപ്പാണ്. കോളനിയിൽ സ്വന്തമായി ജീപ്പുള്ളത് കുട്ടനു മാത്രമാണ്.
മകൻ ശ്രീഹരിയുടെ പഠനം മുടങ്ങാതിരിക്കാനാണ് പിതാവ് തങ്കപ്പൻ (കുട്ടൻ–45) ജീപ്പ് വാങ്ങിയത്. 301 കോളനിയിലെ എല്ലാവരുടെയും വീടുകളിൽ കുട്ടൻ ഓടിയെത്തും.
ആശുപത്രി ആവശ്യത്തിന് ഏക ആശ്രയവും കുട്ടന്റെ ജീപ്പാണ്. കാട്ടാനക്കൂട്ടം മിക്കപ്പോഴും സ്വൈരസഞ്ചാരത്തിന് തടസ്സമാണെന്ന് കുട്ടൻ പറയുന്നു.
മകൻ ശ്രീഹരി സേനാപതി സ്കൂളിൽ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. വീട്ടിൽ നിന്ന് മകനെ രാവിലെ സിംഗുകണ്ടത്തെ പ്രധാന റോഡ് വരെ എത്തിക്കുന്നതും വൈകിട്ട് തിരികെ വീട്ടിലെത്തിക്കുന്നതുമാണ് കുട്ടന്റെ ജീവിതത്തിലെ പ്രധാന കടമ്പ.
ഏതു സമയവും മുന്നിലെത്തുന്ന കാട്ടാനയെ പേടിച്ചു മകനെ ഒറ്റയ്ക്കു വിടാറില്ല.301 കോളനിയിൽ 14 കുട്ടികളാണുള്ളത്.
9 പെൺകുട്ടികളും 5 ആൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.
മാതാപിതാക്കളെ കാണുന്നതു വല്ലപ്പോഴും മാത്രം. പ്ലസ് വൺ പഠനത്തിന് വീട്ടിൽ നിന്ന് പോയി വരാൻ കഴിയാത്തതിനാൽ ഒരു പെൺകുട്ടി പഠനം നിർത്തി.
14 കുട്ടികളെ കൂടാതെ ഭിന്നശേഷിക്കാരായി 5 പേരും 301 കോളനിയിലുണ്ട്. ഇവരിൽ 3 പേർ പഠനത്തിനായി ഹോസ്റ്റലിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]