
അടിമാലി ∙ ദേശീയപാത 85ലെ തടസ്സപ്പെട്ട നവീകരണ ജോലികൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു ദേശീയപാത സംരക്ഷണ സമിതി നടത്തിയ ലോങ് മാർച്ചിൽ ആയിരങ്ങൾ അണിചേർന്നു.
കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചു നടത്തിയ ലോങ് മാർച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആറാം മൈലിനു സമീപം മൂന്നാം മൈലിൽ നിന്ന് രാവിലെ 11.30ന് ലോങ് മാർച്ച് ആരംഭിച്ചതോടെ കനത്ത മഴ അകമ്പടിയായെത്തി.
മഴയിലും ചോരാത്ത ആവേശത്തോടെ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ മാർച്ചിൽ അണിചേരുകയായിരുന്നു.
ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ നടന്നുവന്നിരുന്ന നവീകരണ ജോലികൾ കഴിഞ്ഞ 11നാണ് ഹൈക്കോടതി തടഞ്ഞത്. സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായ അഡിഷനൽ ചീഫ് സെക്രട്ടറി തെറ്റായ സത്യവാങ്മൂലം നൽകിയതിന്റെ പേരിലാണ് നവീകരണ ജോലികൾ തടസ്സപ്പെട്ടത് എന്നാരോപിച്ചാണ് സംരക്ഷണ സമിതി മാർച്ച് സംഘടിപ്പിച്ചത്.ലോങ് മാർച്ച് മൂന്നാം മൈലിൽ ഫാ.
മത്തായി, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഇമാം ഹാഫിസ് മുഹമ്മദ് അർഷാദി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയും മത – സാമുദായിക – സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കാളികളായ മാർച്ചിൽ പങ്കെടുക്കാൻ കോതമംഗലം രൂപതാ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരും കൂടി നേര്യമംഗലം റേഞ്ച് ഓഫിസ് പരിസരത്ത് എത്തിയതോടെ ജനസഞ്ചയമായി മാറുകയായിരുന്നു. കോതമംഗലം രൂപതാ വികാരി ജനറൽ മോൺ.
ഡോ. പയസ് മലേക്കണ്ടത്തിൽ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംരക്ഷണ സമിതി ചെയർമാൻ പി.എം.ബേബി അധ്യക്ഷത വഹിച്ചു. സിജുമോൻ ഫ്രാൻസിസ്, ഫാ.
മാത്യു കാട്ടിപ്പറമ്പിൽ, ഡിജോ കാപ്പൻ, എ.കെ.മണി, റസാക്ക് ചൂരവേലി, കെ.കെ.രാജൻ, ബിനോയ് സെബാസ്റ്റ്യൻ, ഡയസ് പുല്ലൻ, എം.ജെ.ജേക്കബ്, ജോസുകുട്ടി ഒഴുകയിൽ, കെ.എച്ച്.അലി, എ.ഡി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.
റേഞ്ച് ഓഫിസിന് മുന്നിൽ സംഘർഷാവസ്ഥ
അടിമാലി ∙ സംഘർഷാവസ്ഥ മുന്നിൽ കണ്ട് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിൽ ഇടുക്കി ഡിവൈഎസ്പി രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.
മൂന്നാം മൈലിൽ നിന്ന് ആരംഭിച്ച മാർച്ച് ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിൽ എത്തിയതോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് റേഞ്ച് ഓഫിസിലേക്ക് ഇടിച്ചു കയറാൻ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ.അൻസാരി, കെ.കൃഷ്ണമൂർത്തി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ.വർഗീസ്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ അബ്ദുൽ കലാം, അനീഫ അറയ്ക്കൽ, എസ്.എ.ഷജാർ, അനൂപ് കോച്ചേരി, ഷിയാസ് മാളിയേക്കൽ റഹിം തോക്കുപാറ, എം.എസ്.വൈശാഖ്, എം.എസ്.അജി എന്നിവരാണ് ഫോറസ്റ്റ് ഓഫിസിലേക്ക് ഇടിച്ചുകയറാൻ ശ്രമം നടത്തിയത്. ലാത്തി വീശലിൽ അബ്ദുൽ കലാമിന് പരുക്കേറ്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]