
ചെറുതോണി ∙ ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ ബഹുജന പ്രതിഷേധ റാലിയിൽ പ്രതിഷേധം ഇരമ്പി. രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ വൈകിട്ട് 5.30ന് വഞ്ചിക്കവലയിൽ നിന്ന് ആരംഭിച്ച റാലി രൂപതാ വികാരി ജനറൽ മോൺ.
ഏബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. പ്ലക്കാർഡുകൾ കയ്യിലേന്തിയ സ്ത്രീകളും കുട്ടികളും പ്രായമായവരും സന്യസ്തരും അടക്കമുള്ള ആയിരങ്ങൾ പങ്കെടുത്ത റാലിയിൽനിന്ന് മുദ്രാവാക്യം വിളികൾ ഉയർന്നു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പ്രതിഷേധയോഗം മുഖ്യ വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു.
മോൺ. ജോസ് നരിതൂക്കിൽ, ഫാ.
ജിൻസ് കാരയ്ക്കാട്ട്, സിസ്റ്റർ ഡോ. പ്രദീപ, കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി, മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സെസിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
‘ചെറുത്തു തോൽപിക്കും’
ഭരണഘടനയെ തകർക്കാനുള്ള ഏതു ശ്രമത്തെയും ചെറുത്തു തോൽപിക്കുമെന്ന് ഇടുക്കി രൂപതാ മുഖ്യ വികാരി ജനറൽ മോൺ.
ജോസ് കരിവേലിക്കൽ പറഞ്ഞു. ഛത്തീസ്ഗഡിൽ സന്യാസിനികൾക്കെതിരെ നടന്ന അതിക്രമങ്ങൾ, അന്യായമായ തുറുങ്കിലടയ്ക്കൽ എന്നിവയ്ക്കെതിരെ ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിൽ ഉണ്ടായ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്.
ഭാരതത്തിന്റെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഗോത്ര മേഖലകളിലും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന മിഷനറി ശുശ്രൂഷകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അംഗീകരിക്കാനാവില്ല.
ആതുര ശുശ്രൂഷകളിലും വിദ്യാഭ്യാസ മേഖലകളിലും ഇവർ ചെയ്യുന്ന സേവനങ്ങൾ ഏറ്റവും മികച്ചതും മനുഷ്യത്വപരവുമാണ്. പിറന്ന നാടും ബന്ധുക്കളെയുമുപേക്ഷിച്ച് അവികസിത ഗ്രാമങ്ങളിൽ സേവനം ചെയ്യുന്ന സന്യസ്തരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതനിരപേക്ഷ മുഖത്തിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]