
പ്രസിദ്ധമായ രാമക്കൽമേട്ടിലെ ‘രുചിക്കൂട്ടി’നു പിന്നിൽ ഇവരാണ്; 10 വർഷം മുമ്പ് തുടങ്ങിയത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ ‘തൊഴിലാളി ഐക്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഒരു കൂരയ്ക്കു കീഴിലെ 3 മുറികളിലൂടെ അന്വർഥമാക്കുന്നവരാണ് അടിമാലിയിലെ ചുമട്ടുതൊഴിലാളികൾ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ട്രേഡ് യൂണിയനുകളിൽപെട്ട തൊഴിലാളികളാണ് ഒരുമയുടെയും ഐക്യത്തിന്റെയും പാതയിലൂടെ നാടിനു മാതൃകയാകുന്നത്. ടൗണിലെ മാതാ ജംക്ഷനു സമീപമാണ് ഒരു ഷെഡിനു കീഴിൽ 3 യൂണിയനുകളുടെയും ഓഫിസുകൾ പ്രവർത്തിക്കുന്നത്. 20 വർഷത്തിലേറെയായി ഒരു കൂരയ്ക്കു കീഴിലുള്ള പ്രവർത്തനം. ഹെഡ് ലോഡ് ജനറൽ എംപ്ലോയീസ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി), ഇടുക്കി ഡിസ്ട്രിക്ട് ഹെഡ് ലോഡ് ടിംബർ വർക്കേഴ്സ് യൂണിയൻ (സിഐടിയു), ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) സംഘടനകളുടെ ഓഫിസാണ് ഇവിടെ പ്രവർത്തിക്കുന്നത്. കോൺഗ്രസ് നേതാവ് സി.എസ്.നാസർ, സിപിഎം നേതാവ് സി.ഡി.ഷാജി, സിപിഐ നേതാവ് കെ.എം.ഷാജി എന്നിവരാണ് ട്രേഡ് യൂണിയനുകൾക്ക് നേതൃത്വം നൽകുന്നത്. തൊഴിലാളി ഐക്യത്തിന് ഭരണ, പ്രതിപക്ഷ സംഘടനകൾ എന്ന വേർതിരിവില്ലെന്ന് നേതാക്കൾ പറയുന്നു
ഓഫിസുകൾ.
രാമക്കൽമേട്ടിലെ ‘രുചിക്കൂട്ട്’
നെടുങ്കണ്ടം∙ രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികളുടെ കണ്ണിൽ പതിയുന്ന കാഴ്ചയുടെ കുളിർമയ്ക്കൊപ്പം നാവിൽ രുചിയുടെ മായാജാലം കൂടി പകരുന്ന ഒരു സൗഹൃദക്കൂട്ടായ്മയുണ്ട്. അസംഘടിതരും നിരാലംബരുമായ ഒരു കൂട്ടം തൊഴിലാളികളുടേതു കൂടിയാണ് മേയ്ദിനം. പൈനാപ്പിളിന്റെയും മാങ്ങയുടെയും മധുരത്തിനൊപ്പം ഉപ്പും മുളകും ചേർത്ത് വിനോദസഞ്ചാരികൾക്കു രുചിഭേദങ്ങൾ വിളമ്പി തങ്ങളുടെ കുടുംബത്തിന് അന്നം കണ്ടെത്തി അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഇവരും തൊഴിലാളികളാണ്.
10 വർഷം മുൻപ് സുഹൃത്തുക്കളായ ശാന്തയും സുഗതയും ചേർന്ന് ആരംഭിച്ചതാണ് വിൽപന. പിന്നീട് ജസീനയും വത്സമ്മയും സജിതയും സോമനും രാജേന്ദ്രനും ഒപ്പം ചേർന്നു. ഇവരിൽ പലരും വയോധികരായി. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മറ്റു ജോലികൾക്കു പോകാൻ കഴിയാത്തവരുമുണ്ട്. രാവിലെ മുതൽ പല സമയങ്ങളിലായി ഇവർ രാമക്കൽമേട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇരിപ്പുറപ്പിക്കും. ഇവിടെയെത്തുന്ന സഞ്ചാരികളെ മാത്രം ആശ്രയിച്ചാണ് ഇവരുടെ ഉപജീവനം. മഴയും വെയിലും കാറ്റും പ്രതിരോധിച്ച് വൃത്തിയോടെയും കരുതലോടെയുമാണ് ഇവർ വിഭവങ്ങൾ വിളമ്പുന്നത്. പഴങ്ങൾക്കൊപ്പം ഉപ്പിലിട്ട വിഭവങ്ങളുമുണ്ട്. രാമക്കൽമേടിന്റെ ഭംഗിക്കൊപ്പം ഇവരുടെ വിഭവങ്ങളും ആവോളം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്. രാമക്കൽമേട്ടിലെ പ്രകൃതിഭംഗിക്കൊപ്പം സഞ്ചാരികളെ വീണ്ടും മാടിവിളിക്കുന്ന രുചിവൈഭവം.
രാജേശ്വരി ആയിരങ്ങൾക്ക് ആശ്വാസ വർക്കർ
തൊടുപുഴ ∙ ചെയ്യുന്ന പണിക്കു വേതനം കുറവാണെങ്കിലും പി.രാജേശ്വരിക്ക് ആശാ വർക്കർ എന്ന ജോലിയോട് ഏറെ ഇഷ്ടമാണ്. കിടപ്പിലായ രോഗികളുടെ ക്ഷേമം അന്വേഷിക്കുക, അവർക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുക എന്നിവ ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തി – അതാണ് 59ാം വയസ്സിലും രാജേശ്വരി ഇഷ്ടപ്പെട്ടു ജോലി ചെയ്യാൻ കാരണം. ജില്ലയിൽ 2007 നവംബറിൽ ആദ്യമായി ആശാ വർക്കർമാരെ നിയമിച്ചപ്പോൾ, അന്ന് തൊടുപുഴ നഗരസഭ 24–ാം വാർഡിൽ ജോലിയിൽ പ്രവേശിച്ചതാണ് രാജേശ്വരി. നിലവിൽ 18 വർഷം പിന്നിട്ടു. ഫീൽഡ് വർക്കിന്റെ ഭാഗമായി മാസം 20 പാലിയേറ്റീവ് കെയർ രോഗികളുടെ വീട്, 20 അമ്മയും കുഞ്ഞും, ഗർഭിണികളുടെ വീട്, 50 സാധാരണ വീട് എന്നിവ കയറിയിറങ്ങണം. ഫീൽഡ് പ്രവർത്തനത്തിനിടെ പലരുടെയും രോഗങ്ങൾ തിരിച്ചറിഞ്ഞ്, അവർക്കു ചികിത്സാ സഹായം ലഭ്യമാക്കാൻ രാജേശ്വരിക്കു സാധിച്ചിട്ടുണ്ട്.
മാസത്തിൽ ഒരു ദിവസം ജില്ലാ ആശുപത്രിയിലെ ജോലി, ആഴ്ചയിൽ 4 ദിവസം വാർഡിലെ ഫീൽഡ് വർക്ക് എന്നിവയ്ക്കു പുറമേ പ്രതിരോധ കുത്തിവയ്പ്, കുട്ടികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കും അങ്കണവാടികളിൽ ബോധവൽക്കരണ ക്ലാസ് നൽകൽ, മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും ചെയ്യണം.എന്നാലും രാജേശ്വരി സന്തോഷവതിയാണ്. മുൻപ് കുടുംബശ്രീ സ്വയംതൊഴിൽ പദ്ധതി പ്രകാരം സോപ്പ്, സോപ്പുപൊടി നിർമാണം നടത്തിയിരുന്ന സമയത്ത് രാജേശ്വരി ഏറെ ആഗ്രഹിച്ചിരുന്നതാണ് ജനങ്ങളുമായി ഇടപഴകുന്ന ജോലി വേണമെന്ന്. സോപ്പ് നിർമാണം നഷ്ടത്തിലായ സമയത്താണ് ആശാ വർക്കറായി ജോലി ലഭിച്ചത്. നിലവിൽ ജോലിയുടെ ഭാഗമായി ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മാസത്തിൽ 7000 രൂപ മാത്രമാണ് ലഭിക്കുന്നത്. അതും കൃത്യസമയത്ത് ലഭിക്കാത്തതിനാൽ കുടുംബം മുന്നോട്ടുപോകാൻ ഏറെ കഷ്ടപ്പാടാണെന്ന് രാജേശ്വരി പറയുന്നു. കാഞ്ഞിരമറ്റം കോച്ചേരി പുത്തൻപുരയിൽ ഭർത്താവ് കെ.എൻ.ഗോവിന്ദൻ നായർക്കും മക്കൾക്കുമൊപ്പമാണു താമസം.