ആലപ്പുഴ ∙ പുന്നമടയുടെ തീരത്ത് ഇന്നലെയായിരുന്നു ഓണാഘോഷം. കണ്ണഞ്ചിക്കുന്ന നിറങ്ങളണിഞ്ഞെത്തിയ തുഴക്കാരുമായി മാസ്ഡ്രില്ലിൽ വള്ളങ്ങൾ കായലിൽ പൂക്കളം പോലെ നിരന്നു.
കരയിൽ ആരവങ്ങളുടെ പൂവിളിയുയർന്നു. ഗാലറിയിൽ കൈകൊട്ടിക്കളിയും ഓണപ്പാട്ടുകളുമുയർന്നു.
ചിറ്റോളങ്ങളിൽ പങ്കായം കൊണ്ടു വിസ്മയം തീർത്തു ചുണ്ടന്മാർ വള്ളംകളംപ്രേമികൾക്ക് സദ്യവട്ടമൊരുക്കി. ഒടുവിൽ വീയപുരം ചുണ്ടന്റെ വിജയം പാൽപായസമധുരമുള്ള പ്രതികാരമായി.മഴമേഘങ്ങൾക്കിടയിൽ ഒളിച്ചുകളിച്ച ചിങ്ങവെയിൽ ഇടയ്ക്കിടെ പുന്നമടയിലേക്ക് എത്തിനോക്കി ഓളങ്ങളിൽ സ്വർണപ്പൂത്താലി ചാർത്തി.
മഴയും കാണികളും തമ്മിലായിരുന്നു ആദ്യമത്സരം.
രാവിലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തിനൊപ്പം പെരുമഴയും തുടങ്ങി. പക്ഷേ, കാണികളുടെ ആവേശം തണുപ്പിക്കാൻ അതു മതിയായിരുന്നില്ല.
വഞ്ചിപ്പാട്ടിന്റെ താളത്തിൽ വായുവിൽ ആഞ്ഞുവീശിയ ഒരായിരം കൈകൾ മഴയെ യാത്ര ചൊല്ലി തിരിച്ചയച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം കഴിഞ്ഞപ്പോൾ മടങ്ങിയ മഴ ഉച്ചകഴിഞ്ഞപ്പോൾ വീണ്ടുമെത്തി.
ഉദ്ഘാടനത്തിനും മാസ്ഡ്രില്ലിനുമെല്ലാം മഴ മാറി നിന്നു.
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം തുടങ്ങിയപ്പോൾ മഴയ്ക്കു പിന്നെയും ആലപ്പുഴക്കാരുടെ വള്ളംകളിപ്രേമത്തോടു മത്സരിക്കണമെന്നു വാശി. ശക്തമായൊന്നു പെയ്തുനോക്കി.
പക്ഷേ, നനഞ്ഞിട്ടും മാറാതെ നിലയുറപ്പിച്ച കാണികളുടെ ആവേശത്തിൽ മഴ തോറ്റു പിൻവാങ്ങി. ചെറുവള്ളങ്ങളുടെ ഫൈനൽ കഴിഞ്ഞപ്പോഴേക്കും തുഴകൾ ജലത്തിൽ തീർത്ത തീപ്പൊരിയിൽ നിന്ന് ഇളവെയിൽ പരന്നു.
ചുണ്ടൻ മത്സരങ്ങളുടെ ഫൈനൽ ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ തുടങ്ങിയപ്പോൾ ആ വെയിലിൽ ഗാലറിയിൽ ആർപ്പുവിളികളുടെ തീമഴ പെയ്തു. കായലിൽ ഒരു തുഴ വീഴുമ്പോൾ അതേ താളത്തിൽ ആയിരക്കണക്കിന് കൈകൾ ഗാലറിയിലുയർന്നു.
ചെറുവള്ളങ്ങളിലും ഫോട്ടോഫിനിഷ്
ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരമായിരുന്നു ആദ്യം.
ജലയുദ്ധങ്ങളിൽ കായലിന്റെ കൈവഴികളിൽ ഒളിച്ചിരുന്നു ചാട്ടുളി പോലെ കുതിച്ച് ശത്രുവിനു മുന്നിൽ പ്രത്യക്ഷപ്പെടുന്ന യുദ്ധവാഹനം പോരിന് തുടക്കമിട്ടു. ഫൈനൽ മത്സരത്തിൽ യുദ്ധവാഹനങ്ങളുടെ ഇഞ്ചോടിഞ്ചു പോരാട്ടം.
ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളിൽ രണ്ടാം ട്രാക്കിലൂടെ തൃശൂർ ബിബിസി ഇലഞ്ഞിക്കലിന്റെ പമ്പാവാസനും മൂന്നാം ട്രാക്കിലൂടെ തൊയ്ക്കാവ് ദേശം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാമനും ഒരു പോലെ കുതിച്ചെത്തി.
ഏതു വള്ളമാണ് ആദ്യം ഫിനിഷിങ് പോയിന്റു തൊട്ടതെന്ന കാര്യത്തിൽ കാണികൾ രണ്ടു തട്ടിലായി. ഫലം വന്നപ്പോൾ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ ജേതാക്കൾ.
വെപ്പ് ബി ഗ്രേഡ് വള്ളങ്ങളിലായിരുന്നു അടുത്ത വിസ്മയ ഫൈനൽ. കവണാർ സിറ്റി ക്ലബ് തുഴഞ്ഞ പുന്നത്ര പുരയ്ക്കൽ വള്ളം നടുഭാഗം കൊണ്ടാക്കൽ ബോട്ട് ക്ലബ് തുഴഞ്ഞ പി.ജി.കരിപ്പുഴയെ തോൽപിച്ചതും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ.
ഫിനിഷിങ് പോയിന്റ് കടന്ന ആവേശത്തള്ളലിൽ പുന്നത്ര പുരയ്ക്കൽ വളത്തിന്റെ ഒന്നാം തുഴക്കാരൻ കായലിലേക്കു മലക്കം മറിഞ്ഞു.
ആവേശത്തിന്റെ ചുണ്ടൻ; പിരിമുറുക്കത്തിന്റെയും
ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങിയപ്പോൾ പുന്നമട ആവേശത്തിന്റെ പരകോടിയിലേക്ക് ആഞ്ഞുതുഴഞ്ഞു.
തീരം പല കരകളായി രൂപാന്തരപ്പെട്ടു. കാരിച്ചാലും തലവടിയും നടുഭാഗവും വീയപുരവും മേൽപാടവുമെല്ലാം പരസ്പരം പോർവിളിച്ചു.
3,4 ഹീറ്റ്സുകളിലായിരുന്നു ഏറ്റവും കനത്ത പോരാട്ടം. ഏറ്റവും കൂടുതൽ ആരാധകരുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും യുണൈറ്റഡ് ബോട്ട് ക്ലബ്ബും ഒരുമിച്ചിറങ്ങിയപ്പോൾ ഗാലറി ആരവങ്ങളുടെ കോറസായി.
ഇഞ്ചോടിഞ്ഞു മത്സരത്തിൽ പിബിസി തുഴഞ്ഞ മേൽപാടം ചുണ്ടൻ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ പുന്നമട
ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണു ഫിനിഷ് ചെയ്തത്.
നാലു ഹീറ്റ്സുകൾ പൂർത്തിയായപ്പോൾ ഗാലറിയിൽ ആവേശത്തിനൊപ്പം പിരിമുറുക്കവും നിറഞ്ഞു. 21 ചുണ്ടൻ വള്ളങ്ങളിൽ 6 ഹീറ്റ്സുകളിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന 4 വള്ളങ്ങളാണു ഫൈനലിലെത്തുക.
4 ഹീറ്റ്സുകൾ പൂർത്തിയായപ്പോൾ പുന്നമട, നിരണം, പിബിസി, യുബിസി എന്നീ ബോട്ടു ക്ലബ്ബുകളായിരുന്നു ആദ്യ 4 നാലു സ്ഥാനങ്ങളിൽ. പക്ഷേ, രണ്ടു ഹീറ്റ്സുകൾ കൂടി ബാക്കിയുണ്ട്. കഴിഞ്ഞ തവണ ഫൈനലിൽ മത്സരിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടൻ വള്ളവും കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടനും മത്സരിക്കാനുമുണ്ട്.
ക്ലബ് ആരാധകരുടെ മുഖത്ത് പിരിമുറുക്കം നിറഞ്ഞു.
ആറാം ഹീറ്റ്സിൽ മികച്ച സമയം കുറിച്ചു വീയപുരം ചുണ്ടൻ ഫൈനൽ യോഗ്യത നേടിയതോടെ തലവടി ചുണ്ടൻ പുറത്തേക്ക്. ഗാലറിയിൽ യുബിസി ആരാധകരുടെ നിരാശ പടർന്നു.ഹീറ്റ്സിലെ ഏറ്റവും മികച്ച സമയവുമായി പുന്നമട
ബോട്ട് ക്ലബ് ഫൈനലിലെ കറുത്ത കുതിരകളായി. വീയപുരവും നടുഭാഗവും മേൽപാടവും തിരപ്പുറത്ത് ഒപ്പം കുതിച്ചു.
സ്റ്റാർട്ടിങ് പോയിന്റ് മുതൽ 4 വളങ്ങളും ഒപ്പത്തിനൊപ്പം പറന്നു. നെല്ലിട
വ്യത്യാസത്തിൽ ഫിനിഷിങ് പോയിന്റ് തൊട്ടു. വീയപുരം വീയപുരമെന്നു ഗാലറി ആർത്തുവിളിച്ചു.
കാലം കായലിൽ കണക്കുതീർത്തു; കഴിഞ്ഞ വർഷം മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ നഷ്ടമായ കിരീടം ഇനി വീയപുരത്തിനു സ്വന്തം. കായലിലും കരയിലും ആവേശം പൂക്കളമിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]