ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളിൽ പരസ്പരം ആരോപണം. കൂടുതൽ പ്രഫഷനലുകളെ തുഴച്ചിലുകാരായി കയറ്റിയെന്നും അനുവദനീയമല്ലാത്ത തുഴകൾ ഉപയോഗിച്ചെന്നുമാണു പ്രധാന ആരോപണം.
ഇതോടെ ചുണ്ടൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാത്രമാണു പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ പ്രഫഷനലുകളെ തുഴച്ചിലുകാരാക്കി എന്നാരോപിച്ച് ഫൈനലിലെത്തിയ നടുഭാഗം, നിരണം, ലൂസേഴ്സ് ഫൈനലിലെത്തിയ തലവടി ചുണ്ടനുകൾക്കെതിരെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പരാതി നൽകി.
പള്ളാത്തുരുത്തി തുഴഞ്ഞ മേൽപാടം ചുണ്ടൻ തടിത്തുഴ ഉപയോഗിച്ചെന്നും നിരണം ബോട്ട് ക്ലബ് ഫൈബർ തുഴ ഉപയോഗിച്ചെന്നും കൂടുതൽ പ്രഫഷനൽ താരങ്ങളെ ഉൾപ്പെടുത്തിയെന്നും ആരോപിച്ച് പുന്നമട
ബോട്ട് ക്ലബ് കലക്ടർക്കും പരാതി നൽകി. ജൂറി ഓഫ് അപ്പീലിനും പരാതി നൽകുമെന്നു നടുഭാഗം ചുണ്ടന്റെ ലീഡിങ് ക്യാപ്റ്റൻ കുര്യൻ ജയിംസ് പറഞ്ഞു.
യുബിസിയും നടുഭാഗം ചുണ്ടനെതിരെ പരാതി നൽകി.
വള്ളംകളിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് ഉൾപ്പെടെ പരാതിയിൽ അന്വേഷണം നടത്തിയാകും നടപടിയെടുക്കുക. ആരോപണം തെളിഞ്ഞാൽ അയോഗ്യരാക്കും.
ഫൈനലിലെ രണ്ടു മുതൽ നാലു വരെയുള്ള സ്ഥാനക്കാർക്കെതിരെ ഉയർന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ ലൂസേഴ്സ് ഫൈനലിലെ വള്ളങ്ങൾക്കാകും രണ്ടു മുതൽ നാലു വരെ സ്ഥാനം ലഭിക്കുക.
താഴെക്കുള്ള മറ്റു വള്ളങ്ങൾക്കും സ്ഥാനക്കയറ്റം ലഭിക്കും.
പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയായി; ഡിസ്പ്ലേ സ്ക്രീനുകളുടെ പ്രവർത്തനം വിജയിച്ചില്ല
ആലപ്പുഴ∙ വെള്ളവും കരയും ചേർന്ന പുന്നമടയിൽ പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയായി. ഗാലറികളിൽ സ്ഥാപിക്കുന്ന ഡിസ്പ്ലേ സ്ക്രീനുകളിൽ ഓരോ ട്രാക്കിനും വ്യത്യസ്ത ടൈമിങ് സംവിധാനം കാണിക്കുമെന്നും ഓരോ വള്ളവും ഫിനിഷ് ചെയ്ത സമയം അപ്പോൾ തന്നെ അറിയാമെന്നുമുള്ള പ്രഖ്യാപനമാണ് അതിൽ ഒന്നാമത്തേത്.
ഡിസ്പ്ലേ സ്ക്രീൻ ഉണ്ടായിരുന്നു, പക്ഷേ അതിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്ന ടൈമർ പോലും ഉണ്ടായില്ല. ഇടയ്ക്കിടെ ഡിസ്പ്ലേ ഇല്ലാതാകുകയും ചെയ്തു.
ഫിനിഷിങ് ലൈനിൽ റീപ്ലേ ഉണ്ടായിരുന്നു എന്നതു മാത്രമാണു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള മാറ്റം.
ഓരോ മത്സരം കഴിയുമ്പോഴും അതിൽ ഫിനിഷ് ചെയ്ത സമയവും സ്ഥാനവും കാണിക്കുന്ന പതിവും ഇത്തവണ തെറ്റി. ഫോട്ടോഫിനിഷ് പോലെ വള്ളങ്ങൾ ഫിനിഷ് ചെയ്ത മത്സരങ്ങളിൽ ആരാണു വിജയിയെന്ന് കാണികൾ അറിഞ്ഞില്ല, വിധികർത്താക്കളോ സംഘാടകരോ കമന്റേറ്റർമാരോ പറഞ്ഞതുമില്ല.
വാർത്തകളിൽ നിന്നും മറ്റുള്ളവർ പറഞ്ഞു കേട്ടുമാണ് ആളുകൾ വിജയികളെ തിരിച്ചറിഞ്ഞത്.ഒരു സെക്കൻഡിനുള്ളിൽ നാലു വള്ളങ്ങൾ ഫിനിഷ് ചെയ്ത ചുണ്ടൻ ഫൈനലിൽ റീപ്ലേയും വൈകിച്ചു. വള്ളങ്ങൾ ഫിനിഷ് ചെയ്ത ഉടൻ സ്ക്രീൻ ഓഫായി.
വിധി പ്രഖ്യാപനത്തിനു തൊട്ടുമുൻപാണു സ്ക്രീൻ പിന്നെ ഓണായത്. ഫൈനൽ മത്സരത്തിന്റെ മാത്രം ഫിനിഷിങ് സമയം നെഹ്റു പവിലിയനിലെ സ്ക്രീനിൽ കാണിച്ചു.
വനിതകൾ തുഴഞ്ഞ തെക്കനോടി തറ മത്സരം നടന്നപ്പോൾ കമന്ററി പോലും പറഞ്ഞില്ല.
തെക്കനോടി കെട്ട് മത്സരം പകുതി പിന്നിട്ടപ്പോഴാണു കമന്ററി ആരംഭിച്ചത്. തെക്കനോടിക്കു വിദേശികൾക്കിടയിൽ താൽപര്യം കൂടുതലാണെന്നു പറഞ്ഞാണു വള്ളങ്ങളുടെ റജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞും തെക്കനോടി മത്സരങ്ങളെ മത്സരത്തിന് എത്തിച്ചത്. വള്ളംകളി കാണാൻ എത്തുന്നവർക്ക് ഇരിപ്പിടം ഉറപ്പാക്കുമെന്ന പതിവ് വാഗ്ദാനം ഇത്തവണയും പാഴായി.
മാത്രമല്ല, റോസ് കോർണറിൽ മേൽക്കൂരയുടെ ഒരു ഭാഗത്തു പടുത കീറിയതിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അതും കീറി. ഇതോടെ മഴ കൊണ്ടു ഗാലറിയിൽ ഇരിക്കേണ്ടി വന്നു.
മത്സരം ട്രാക്കിലാക്കി പൊലീസ്
അതേസമയം മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി മത്സര ട്രാക്കിൽ മറ്റു വള്ളങ്ങൾ കയറുന്നതു പൂർണമായും പൊലീസ് തടഞ്ഞു.
50 ബോട്ടുകളിലാണു പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]