ആലപ്പുഴ ∙ ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശ നിമിഷം അതു പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്റെ ഫൈനൽ പ്രവേശനമാണ്.
നെഹ്റു ട്രോഫി ചുണ്ടനുകളുടെ ഹീറ്റ്സിൽ ഒന്നാമതെത്തുമെന്നു വിദൂര സാധ്യതയിൽ പോലും ആരും വിചാരിക്കാത്ത നടുഭാഗമാണു മികച്ച സമയം കുറിച്ചതെന്ന് ആരും വിശ്വസിച്ചില്ല. ഫൈനലിൽ കയറുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന നിരണം ചുണ്ടനൊപ്പം കട്ടയ്ക്കു പിടിച്ചു നടുഭാഗം വന്നതു തന്നെ പലർക്കും ഞെട്ടലായിരുന്നു.
അവസാന നിമിഷത്തിലെ കുതിപ്പിൽ നിരണത്തെ പിന്നിലാക്കി ഹീറ്റ്സിൽ ഒന്നാമതായി. എല്ലാ ഹീറ്റ്സുകളിലുമായി മികച്ച സമയവും കുറിച്ചു.
ഇതോടെ ഫൈനലിലും കറുത്ത കുതിരകളായി നടുഭാഗം ചുണ്ടനെ എല്ലാവരും കണക്കാക്കി.
നാലു ചുണ്ടനുകൾ ഒരേപോലെ മുന്നേറിയ കടുകട്ടി മത്സരത്തിൽ തീരെ ചെറിയ വ്യത്യാസത്തിലാണു നടുഭാഗം രണ്ടാമതായത്.ജിന്റോ ജോമി കണ്ടംകളം ക്യാപ്റ്റനും കുര്യൻ ജയിംസ് ലീഡിങ് ക്യാപ്റ്റനുമായിരുന്നു.
ചിട്ടയായ പരിശീലനമാണു മികച്ച പ്രകടനത്തിനു തുണച്ചതെന്നു കുര്യൻ ജയിംസ് പറഞ്ഞു. അതിനിടെ, മത്സരത്തിനു ശേഷം നടുഭാഗത്തിനെതിരെ ചില പരാതികൾ ഉയർന്നു.
നെഹ്റു ട്രോഫി വള്ളംകളിയുടെ ചില നിയമാവലികൾ വള്ളം ലംഘിച്ചെന്നാണ് ആരോപണം.
ലൂസേഴ്സ് ഫൈനലിന് എത്താതെ 3 ചുണ്ടൻ വള്ളങ്ങൾ
ആലപ്പുഴ ∙ ലൂസേഴ്സ് ഫൈനലിൽ ഇടംപിടിച്ച മൂന്നു ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തില്ല. ഫ്രൻഡ്സ് ബോട്ട് ക്ലബ് കുട്ടനാടിന്റെ ജവാഹർ തായങ്കരി, നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷന്റെ ആയാപറമ്പ് വലിയ ദിവാൻജി, യുബിസി കൈനകരിയുടെ തലവടി ചുണ്ടൻ എന്നിവരാണു മത്സരം തുടങ്ങാനുള്ള സമയം കഴിഞ്ഞ് പിന്നെയും 5 മിനിറ്റോളം കാത്തുനിന്നിട്ടും എത്താഞ്ഞത്.
തുടർന്ന് ഈ വള്ളങ്ങളെ ഒഴിവാക്കി മത്സരം നടത്തുകയായിരുന്നു.
യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടൻ ഫൈനലിൽ പ്രവേശിച്ചെന്നു വാർത്ത പരന്നതിനെ തുടർന്നുണ്ടായ ആഘോഷത്തിൽ വള്ളത്തിൽ വെള്ളം കയറുകയും വെള്ളം വറ്റിച്ച് എത്തിയപ്പോഴേക്കും മറ്റു വള്ളങ്ങൾ ഏറെ ദൂരം പിന്നിട്ടതിനാൽ പങ്കെടുക്കാതെ മാറുകയുമായിരുന്നന്നു യുബിസി കൈനകരി സെക്രട്ടറി ബി.സജിമോൻ പറഞ്ഞു. അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്ത വള്ളം ഫൈനലിനു പകരം ലൂസേഴ്സ് ഫൈനലിലാണു മത്സരിക്കേണ്ടിയിരുന്നത്.
ലീഡിങ് ക്യാപ്റ്റൻ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തുഴച്ചിലുകാർ പോയതിനാലാണു മൂന്നാം ലൂസേഴ്സ് ഫൈനലിൽ ജവാഹർ തായങ്കരി പങ്കെടുക്കാതിരുന്നതെന്നു ഫ്രൻഡ്സ് ബോട്ട് ക്ലബ് കുട്ടനാട് സെക്രട്ടറി എം.ജയേഷ് പറഞ്ഞു.
വെള്ളം കയറിയതോടെ ചുണ്ടൻ മുങ്ങിയതു കാരണമാണു ലൂസേഴ്സ് ഫൈനലിൽ പങ്കെടുക്കാഞ്ഞതെന്ന് ആയാപറമ്പ് വലിയദിവാൻജി ലീഡിങ് ക്യാപ്റ്റൻ തങ്കൻ ചെറുവള്ളിക്കരി പറഞ്ഞു.
ഫൈനൽ വൈകിച്ച് പ്രതിഷേധം
ആലപ്പുഴ∙ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം തുടങ്ങാൻ ഒരു വള്ളംകളി പ്രേമിയുടെ പ്രതിഷേധം കാരണം 10 മിനിറ്റിലേറെ വൈകി. കൈനകരി യുബിസിയുടെ തലവടി ചുണ്ടനിൽ തുഴക്കാർ സ്റ്റാർട്ടിങ് പോയിന്റിലെത്തിയപ്പോഴാണ് മത്സര നടത്തിപ്പിൽ പിഴവുകളുണ്ടെന്നു പറഞ്ഞ് ഇയാൾ ബഹളം വച്ച് കായലിൽ ചാടിയത്.
നീന്തി ചെന്ന ഇയാൾ സ്റ്റാർട്ടിങ് ഡിവൈസിൽ കയറി. ഡിവൈസ് സംരക്ഷിക്കുന്ന ഇറിഗേഷൻ ജീവനക്കാർ എതിർത്തെങ്കിലും അയാൾ ബലം പ്രയോഗിച്ച് ഡിവൈസിന്റെ ബാറിൽ കയറി നിലയുറപ്പിച്ചു.
പൊലീസ് എത്തി ഇയാളെ നീക്കം ചെയ്തിട്ടാണു മത്സരം തുടങ്ങാനായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

