
ചെങ്ങന്നൂർ ∙ പുലിയൂർ–മാന്നാർ റോഡിൽ ഓർത്തഡോക്സ് പള്ളി ജംക്ഷനിൽ ഒഴിയാതെ വെള്ളക്കെട്ട്. വെള്ളക്കെട്ട് തീരാദുരിതമാകുമ്പോഴും സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് പൊതുമരാമത്ത് വകുപ്പ്.
അശാസ്ത്രീയ ഓട നിർമാണം മൂലമാണ് വെള്ളക്കെട്ടെന്നാണു നാട്ടുകാരുടെ ആരോപണം.
മലയിൽ പള്ളി, നെടിയമല ഭാഗങ്ങളിൽ നിന്ന് ഒഴുകിവരുന്ന വെള്ളവും ചെളിയും ജംക്ഷനിൽ കെട്ടിക്കിടക്കുകയാണ്. റോഡിന്റെ ഒരുവശത്ത് ഓടയുണ്ടെങ്കിലും എതിർവശത്തേക്കാണ് ചരിവ് നൽകിയിരിക്കുന്നത്.
വാഹനങ്ങൾ കടന്നു പോകുമ്പോൾ ജംക്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ശരീരത്തേക്കും വെള്ളം തെറിക്കുന്നതും പതിവാണ്. കഴിഞ്ഞ അഞ്ചു വർഷമായി പ്രശ്നം സംബന്ധിച്ച് പൊതുമരാമത്ത് അധികൃതർക്കു പരാതി നൽകിയിട്ടും ഫലമില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
നവകേരള സദസ്സിൽ വകുപ്പ് മന്ത്രിക്കും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു.
കുരുക്കായി സാങ്കേതികപ്രശ്നം
പരാതിക്കു ലഭിച്ച മറുപടിയിൽ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടയും ക്രോസ് ഓടയും നിർമിക്കാൻ 18.40 ലക്ഷം രൂപയുടെ അടങ്കൽ തയാറാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ റോഡിൽ ബിസി ഓവർ ലേ (ടാറിങ്) നടത്തുന്നതിനാലും ഇതു കരാറുകാരന്റെ ബാധ്യതാ കാലയളവിൽ ഉൾപ്പെടുമെന്നതിനാലും ഓട
നിർമാണത്തിനു തടസ്സമുണ്ടെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ മറുപടിയിൽ പറയുന്നു. 6.6 കിലോമീറ്റർ ദൈർഘ്യമുള്ള നിലവിൽ ബിസി ഓവർ ലേ ജോലികൾ നടക്കുകയാണ്.
ഒരു കിലോമീറ്ററോളം ബാക്കിയുണ്ട്. ബാധ്യതാ കാലയളവ് പൂർത്തിയാകുന്നതു വരെ വെള്ളക്കെട്ടിലൂടെയുള്ള യാത്ര തുടരണം.
ഈ ദുരവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]