ആലപ്പുഴ ∙ വിനോദസഞ്ചാരികളുടെ വരവ് തുടങ്ങിയെങ്കിലും ബീച്ചിൽ അസൗകര്യങ്ങൾ വെല്ലുവിളി ഉയർത്തുന്നു. ഡിസംബർ അവസാനത്തോടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തും.
വിനോദസഞ്ചാരികളിൽ ഏറെ പേരും ആലപ്പുഴ ബീച്ചിൽ വരുന്നവരാണ്. എന്നാൽ അവരെ വരവേൽക്കുന്നത് അസൗകര്യങ്ങൾ.
നിർമാണത്തിൽ വലഞ്ഞ്
ബൈപാസ് നിർമാണം നടത്തുന്ന ദേശീയപാത അതോറിറ്റി ബീച്ചിന്റെ പ്രാധാന്യം ഒരു ഘട്ടത്തിലും പരിഗണിച്ചില്ല.
ബൈപാസിന്റെ രണ്ടാം ഘട്ട നിർമാണം വന്നതോടെ ബീച്ചിന്റെ സ്ഥലം നഷ്ടമായി.
പാലത്തിനു വേണ്ടിവരുന്ന ഗർഡറുകളും മറ്റ് കൂറ്റൻ സാമഗ്രികളും ഇവിടെ നിരത്തിവച്ചു. ആളുകൾക്ക് ബീച്ചിലേക്ക് പ്രവേശിക്കാനും വാഹനങ്ങൾ നിർത്തിയിടാനും ഇത് തടസ്സമാണ്.
ടൂറിസം വകുപ്പിന്റെ അനാസ്ഥ
ബീച്ചിലെ മണലും കടൽക്കാഴ്ചകളും മാത്രമാണ് ആലപ്പുഴ ബീച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.
കുട്ടികൾക്ക് ഉല്ലാസത്തിനായി നിർമിച്ച വിജയ് പാർക്ക് മറ്റൊരു ആകർഷണമാണ്. ഇതെല്ലാം കാലാകാലങ്ങളിൽ സംരക്ഷിക്കാൻ ചുമതലപ്പെട്ട
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് വിലയിരുത്തൽ. പ്രതിവർഷം 30 ലക്ഷത്തിലേറെ രൂപ വിജയ് പാർക്കിലെ ടിക്കറ്റ് വിൽപനയിൽ നിന്നു മാത്രം ലഭിക്കുന്നുണ്ട്.
കൂടാതെ കടകളുടെ വാടക ഇനത്തിലും വരുമാനമുണ്ട്. എന്നിട്ടും പാർക്ക് സംരക്ഷിക്കാൻ കഴിയുന്നില്ല.
പ്രധാന ഗേറ്റ്, കുട്ടികൾക്കു കളിക്കാനുള്ള ഉപകരണങ്ങൾ, വിശ്രമ സ്ഥലങ്ങൾ, നടപ്പാത, ചുറ്റുമുള്ള സംരക്ഷണ നെറ്റ്, ഇലക്ട്രിക് വയറിങ്, അലങ്കാര വിളക്കുകൾ തുടങ്ങിയതെല്ലാം തകർന്നും തുരുമ്പെടുത്തും നശിച്ചു.
സ്വകാര്യ വ്യക്തിക്ക് വാടകയ്ക്കു കൊടുത്തിരുന്ന നീന്തൽ കുളത്തിന്റെ തിട്ടകൾ തകർന്നു. കുളത്തിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യകന്യകയുടെ ശിൽപം വികൃതമായി.
പലതരം കളി സ്ഥലങ്ങൾക്കു വേണ്ടി നിർമിച്ച ചെറിയ കെട്ടിടങ്ങൾ തകർന്നു. ഇതെല്ലാം യഥാസമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിൽ ഇനിയും വർഷങ്ങളോളം ഉപയോഗിക്കാവുന്നതാണെന്നു നാട്ടുകാർ പറയുന്നു.
ഏകോപനം വേണം
കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി ചില നിർമാണ പ്രവർത്തനങ്ങൾ ബീച്ചിൽ തുടങ്ങിയിട്ടുണ്ട്.
കൂടാതെ പാർക്ക് മണ്ണിട്ടുയർത്തി വെള്ളക്കെട്ട് പരിഹരിക്കാനെന്ന പേരിൽ 2 കോടി രൂപയുടെ പദ്ധതിയും ചെയ്യുന്നുണ്ട്. ഇപ്പോൾ തന്നെ സ്ഥലം കുറഞ്ഞു വരുന്ന ബീച്ചിൽ നിർമാണങ്ങൾ കൂടി വരുമ്പോൾ എന്താകുമെന്ന ആശങ്കയുണ്ട്.
ബീച്ചും പാർക്കും വിനോദസഞ്ചാരികൾക്കു സുരക്ഷിതമായി ഉപയോഗിക്കാൻ സാഹചര്യം സൃഷ്ടിക്കണമെന്നു നാട്ടുകാരും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചു. ഇതിനായി ജില്ലാ ഭരണകൂടം ഇടപെട്ട് ദേശീയപാത അതോറിറ്റി, ടൂറിസം വകുപ്പ്, ഡിടിപിസി, തുറമുഖ വകുപ്പ്, നഗരസഭ, വ്യാപാരികൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് യോഗം നടത്തി ചർച്ച സംഘടിപ്പിക്കണമെന്നാണു നിർദേശം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

