ആലപ്പുഴ∙ നാലുനാൾ അകലെ ചക്കുളത്തുകാവ് പൊങ്കാല. ഡിസംബർ നാലിന് വൃശ്ചികത്തിലെ തൃക്കാർത്തിക നാളിൽ സഹസ്രഹൃദയങ്ങൾ ഭഗവതിക്കായി പൊങ്കാല നിവേദിക്കും.
ചക്കുളത്തുകാവിലെ ശ്രീകോവിലിൽനിന്നുള്ള ചൈതന്യം തേടി കേരളത്തിനകത്തും പുറത്തുമുള്ള സ്ത്രീകൾ നീരേറ്റുപുറം മണ്ണിലെത്തിച്ചേരും. സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം നീരേറ്റുപുറം എന്ന കൊച്ചുഗ്രാമത്തിലാണു സ്ഥിതി ചെയ്യുന്നത്. കൊടുംവനമായിരുന്ന നീരേറ്റുപുറത്ത് നാരദമുനി പ്രതിഷ്ഠിച്ച വനദുർഗയുടെ വിഗ്രഹത്തിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഒരു വേടകുടുംബമാണ് പൂജ നടത്തിയിരുന്നതെന്നാണ് ഐതിഹ്യം.
ഒരിക്കൽ ദേവിക്ക് നിവേദിക്കാൻ കഴിയാതെ വന്നപ്പോൾ വേടൻ ദേവിയോടു മാപ്പിരന്നപ്പോൾ ദേവി മൺകലത്തിൽ കുടുംബത്തിനുള്ള ഭക്ഷണം നൽകി അനുഗ്രഹിച്ചു എന്നു പറയപ്പെടുന്നു.
ആ ഐതിഹ്യമാണ് ചക്കുളത്തുകാവ് പൊങ്കാലയ്ക്കു പിന്നിൽ. ഈ വർഷത്തെ പൊങ്കാലയ്ക്ക് മുന്നോടിയായി ഇന്നു ക്ഷേത്രത്തിലെ നിലവറയിൽ ദീപം തെളിയും.ഇക്കുറി പൊങ്കാലച്ചടങ്ങിൽ 3 ലക്ഷത്തിലധികം ഭക്തജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ പറഞ്ഞു.
പൊങ്കാല ദിവസത്തെ ചടങ്ങുകൾ
രാവിലെ ഒൻപതിനു വിളിച്ചുചൊല്ലി പ്രാർഥന.
തുടർന്നു ക്ഷേത്ര ശ്രീകോവിലിൽനിന്നു ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കെടാവിളക്കിലേക്കു ദീപം പകരും. തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നിപകർന്ന് പൊങ്കാലയ്ക്കു തുടക്കം കുറിക്കും. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനം ചെയ്യും.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവം ദീപം തെളിക്കും. മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പൊങ്കാല സമർപ്പണച്ചടങ്ങുകൾ നടക്കും. 11ന് അഞ്ഞൂറിലധികം വേദപണ്ഡിതൻമാരുടെ കാർമികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നിവേദിക്കും.
ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വാഹന പാർക്കിങ്
പൊങ്കാലയിടാൻ വാഹനങ്ങളിൽ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനം, ജെജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിർത്തിയിടണം.
കോട്ടയം, തൃശൂർ, പുനലൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിലും നിർത്തിയിടണം.
മറ്റു സൗകര്യങ്ങൾ
ഭക്തജനങ്ങളെ സഹായിക്കുന്നതിനായി 1000 വൊളന്റിയർമാരെ നിയമിച്ചു. താൽക്കാലിക ശുചിമുറികൾ ഏർപ്പെടുത്തും.
പൊലീസ്, കെഎസ്ആർടിസി, ആരോഗ്യ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അഗ്നിരക്ഷാസേന, വൈദ്യുതിവകുപ്പ്, ജല അതോറിറ്റി, എക്സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം തുടങ്ങിയവയും ലഭ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

