ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ വാഹനയാത്രക്കാർ നേരിടുന്നത് കടുത്ത ദുരിതം. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലൂടെയുള്ള ഗതാഗതം പലയിടത്തും മണിക്കൂറുകളോളമാണ് സ്തംഭിക്കുന്നത്.
ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ പോലും ചുരുങ്ങിയത് ഒരു മണിക്കൂർ സമയമെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓണക്കാലത്തെ തിരക്കുകൂടി വർധിച്ചതോടെ യാത്ര കൂടുതൽ ദുസ്സഹമായി മാറി.
ജില്ലയിലെ ചേർത്തല മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നത്. മേൽപാതയുടെ നിർമാണം പൂർത്തിയായ ഭാഗങ്ങളിലൂടെ വാഹനങ്ങൾക്ക് വേഗത്തിൽ കടന്നുപോകാൻ സാധിക്കുന്നുണ്ടെങ്കിലും, നിർമാണം അപൂർണ്ണമായ ഭാഗങ്ങളിൽ വാഹനങ്ങൾ സർവീസ് റോഡുകളിലേക്ക് തിരിയുമ്പോഴാണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്.
പലയിടങ്ങളിലും സർവീസ് റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ചേർത്തല എക്സ്റേ ജംക്ഷനിൽ ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ പലപ്പോഴും രണ്ടു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഈ മേഖലയിൽ സമാനമായ രീതിയിൽ യാത്രാതടസ്സം തുടരുകയാണ്. ദേശീയപാതയിൽ തിരുവിഴ വരെയും ചേർത്തല തങ്കിക്കവല വരെയും കനത്ത വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
വീതികുറഞ്ഞ സർവീസ് റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരമാണ് പ്രതിസന്ധിക്ക് കാരണം. റോഡിന്റെ ഇരുവശങ്ങളിലും 50 മീറ്ററോളം ഭാഗത്ത് സർവീസ് റോഡ് ടാർ ചെയ്താൽ ഒരു പരിധി വരെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
യാത്രാദുരിതത്തിനെതിരെ ജനങ്ങളും നാട്ടുകാരും നിരന്തരം പരാതികൾ ഉന്നDയെങ്കിലും ഇതുവരെയും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം, അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ശ്രീനാരായണ നഗറിന് സമീപത്തെ പില്ലർ നമ്പർ 24, 25, 26 എന്നീ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിൽ പാത കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
ഇത് എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജംക്ഷന്റെ തെക്കുഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണം നടക്കുന്നതിനാൽ ഇവിടെയും റോഡിന്റെ ഇരുവശങ്ങളും ഒറ്റവരി പാതയായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇരുവശങ്ങളിലുമുള്ള കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റോപ്പുകളിൽ ബസുകൾ നിർത്തിയിടുമ്പോൾ പിന്നാലെയെത്തുന്ന മറ്റ് വാഹനങ്ങൾ പൂർണ്ണമായും കുരുക്കിൽ പെടുകയാണ്. ബസ് സ്റ്റോപ്പുകൾ താൽക്കാലികമായി മറ്റൊരു ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് വലിയൊരു പരിഹാരം കാണാൻ സാധിക്കുമെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ചും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

