ആലപ്പുഴ∙ നെഹ്റു ട്രോഫി വാർഡിലെ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കണമെന്ന നാട്ടുകാരുടെ നൂറ്റാണ്ടുകളായ സ്വപ്നം പൂവണിഞ്ഞു. നഗരവാസികൾ ആണെങ്കിലും ദ്വീപുകളിൽ താമസിക്കുന്ന 625 കുടുംബങ്ങൾ വള്ളത്തെ മാത്രം ആശ്രയിച്ച് ജീവിച്ചവരാണ്.
അതുകൊണ്ടു തന്നെ നിർമാണം പൂർത്തീകരിച്ച മനോഹരമായ നടപ്പാലം ഇന്നലെ തുറന്നുകൊടുത്തപ്പോൾ അവരുടെ ആഹ്ലാദത്തിനു അതിരില്ലായിരുന്നു. നെഹ്റുട്രോഫി വള്ളംകളിക്ക് എത്തുന്നവർക്കുള്ള സമ്മാനമായും നാട്ടുകാർക്കുള്ള ഓണം സമ്മാനമായും പാലം സമർപ്പിക്കുകയാണെന്നു ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.സ്റ്റാർട്ടിങ് പോയിന്റിനു പിന്നിലായി പുന്നമട
കായലിനു കുറുകെ 59.80 മീറ്റർ നീളത്തിലാണ് പാലം. ആകെ 35 മീറ്റർ ആഴത്തിൽ, ജലനിരപ്പിൽ നിന്നു 5 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ 20 തൂണുകളിൽ ആണ് പാലം നിർമിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാരും നഗരസഭയും കൂടി 2 കോടി 4 ലക്ഷം രൂപയും, അമൃത് പദ്ധതി ഒരു കോടി 46 ലക്ഷം രൂപയും ഉൾപ്പെടെ 3.5 കോടി രൂപ പാലം പണിയാൻ ചെലവഴിച്ചു.
അടുത്ത വള്ളംകളിക്ക് മുൻപായി 10 കോടി രൂപ ചെലവഴിച്ച് ഫിനിഷിങ് പോയിന്റിൽ പുതിയ പവിലിയൻ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.ശുചിത്വത്തിന്റെ കാര്യത്തിൽ അടുത്ത വർഷം ആലപ്പുഴ ഫൈവ് സ്റ്റാർ പദവി നേടണം. എങ്കിലേ ടൂറിസം മെച്ചപ്പെടുകയും വരുമാനം വർധിക്കുകയും ചെയ്യുകയുള്ളൂ.
ഇപ്രാവശ്യത്തെ മഹാബലിയെ സർക്കാർ അവതരിപ്പിക്കുന്നത് വൃത്തിയുടെ ചക്രവർത്തിയായിട്ടാണ്. വൃത്തിയുടെ മഹാബലിയെ വരവേൽക്കാൻ വൃത്തിയായി ഒരുങ്ങിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എച്ച്.സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കലക്ടർ അലക്സ് വർഗീസ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, നസീർ പുന്നയ്ക്കൽ, എ.എസ്.കവിത, ആർ.വിനീത, നഗരസഭ മുൻ ചെയർപഴ്സൻ സൗമ്യ രാജ്, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ.നാൽപ്പാട്ട്, കൗൺസിലർമാരായ കൊച്ചു ത്രേസ്യാമ്മ ജോസഫ്, ജി.ശ്രീലേഖ, അമ്പിളി അരവിന്ദ്, പി.രതീഷ്, സലിം മുല്ലാത്ത്, അമൃത് അർബൻ പ്ലാനർ ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യം വലിച്ചെറിയരുതെന്ന് പറഞ്ഞാൽ അനുസരിക്കില്ല: മന്ത്രി
ആലപ്പുഴ∙ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾ യാതൊരു മടിയും കാണിക്കരുതെന്നു മന്ത്രി എം.ബി.രാജേഷ്. നമുക്ക് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും വേണമെന്നു നിർബന്ധമാണ്.
പക്ഷേ വൃത്തി വേണമെന്നു മാത്രം നിർബന്ധമില്ല. ആവശ്യം കഴിഞ്ഞ ഒരു സാധനം കാണുന്നിടത്തൊക്കെ വലിച്ചെറിയുന്നതാണു നമ്മുടെ ശീലം.
മാലിന്യം വലിച്ചെറിയരുതെന്നു പറഞ്ഞാൽ അനുസരിക്കാൻ തയാറല്ല.
ജനുവരി മുതൽ ജൂൺ വരെ മാലിന്യം വലിച്ചെറിഞ്ഞതിന് കേരളത്തിൽ 9 കോടി 55 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ ഹരിതകർമസേന ഒരു കൊല്ലം കൊണ്ട് വീടുകളിൽ നിന്നു 1,52,000 ടൺ മാലിന്യവും ശേഖരിച്ചു.
ഇങ്ങനെയെല്ലാം ശേഖരിച്ചില്ലായിരുന്നെങ്കിൽ ഈ നാട് ജീവിക്കാൻ കൊള്ളാത്തിടമായി മാറുമായിരുന്നെന്നും മന്ത്രി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]