ആലപ്പുഴ ∙ പുന്നമട ഇന്നു കരുത്തിന്റെ മടയാകും.
കായലിന്റെ 1150 മീറ്റർ നീളം വേഗത്തിന്റെ ട്രാക്കാകും. അവിടെ കൂറ്റൻ കരിനാഗത്താൻമാരെപ്പോലെ ചുണ്ടൻവള്ളങ്ങൾ കുതിക്കും.
കരകളിൽനിന്നുയരുന്ന ആരവങ്ങളിൽനിന്നും ഊർജം ആവാഹിച്ചുള്ള ജലപ്പോര്. ആയിരം വിശേഷണങ്ങൾക്കുമപ്പുറം ആവേശം നിറയ്ക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ 71ാം എഡിഷൻ.
ഇത്തവണ 75 വള്ളങ്ങളാണു പുന്നമടപ്പോരിനിറങ്ങുന്നത്. പ്രധാന ഇനമായ ചുണ്ടൻവള്ളങ്ങൾ 21 എണ്ണം.
ചുരുളൻ, ഇരുട്ടുകുത്തി, വെപ്പ്, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നിവയുടെ മത്സരങ്ങൾ അനുബന്ധ പൂരങ്ങളാകും.
ഇന്നു രാവിലെ 11നു കായലോളങ്ങൾ ത്രസിച്ചു തുടങ്ങും. കായലിന്റെ വീതിയെ 4 ട്രാക്കുകളായി വീതിച്ച് ഓരോ വള്ളവും നേർരേഖയിൽ ഫിനിഷിങ് പോയിന്റ് ലാക്കാക്കി കുതിക്കും.
ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സ്. ഉച്ചകഴിഞ്ഞ്, ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻവള്ളങ്ങളുടെ ആദ്യ പോരാട്ടം.
ചെറുവള്ളങ്ങളുടെ ഫൈനലും.ആവേശപ്പോരിന്റെ പാരമ്യമായ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ വൈകിട്ടു 4നാണ് നിശ്ചയിച്ചിരിക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നാലു വള്ളങ്ങൾ അന്തിമപോരാട്ടത്തിനിറങ്ങും.
ഓരോ ഫിനിഷിങ്ങിനും എടുത്ത സമയം സൂക്ഷ്മമായി നിർണയിക്കാൻ സംവിധാനമുണ്ട്. ഒരു പക്ഷേ, മൈക്രോ സെക്കൻഡിന്റെ മേൽക്കൈയിലാകാം ഹീറ്റ്സിലും ഫൈനലിലും ചുണ്ടൻവള്ളങ്ങൾ ഫിനിഷിങ് ലൈൻ തൊടുന്നത്.
മാസങ്ങൾ നീണ്ട
തയാറാടെപ്പുകളും പരിശീലനവും കഴിഞ്ഞാണു ചുണ്ടൻവള്ളങ്ങൾ കളത്തിലിറങ്ങുന്നത്. 75– 85 തുഴക്കാർ ഒരേ താളം കണ്ടെത്തുന്ന അപൂർവതയാകും പുന്നമടക്കായലിൽ കാണുക.
ശരാശരി 130 അടി നീളമുള്ള ജലയാനങ്ങളെയാണ് അവർ ഒരു മെയ്യായി, ഒറ്റത്തുഴയായി നയിക്കുന്നത്. ജലമാമാങ്കം കാണാനെത്തുന്നവർക്കായി കൂടുതൽ ബസുകളും ബോട്ടുകളും സർവീസ് നടത്തും.
പാസ് എടുത്തവർക്കു മാത്രമാണു കായൽക്കരയിലെ ഗാലറികളിൽ പ്രവേശനം. ആഴ്ചകളായി നടത്തുന്ന പ്രചാരണത്തിലൂടെ ഇത്തവണ കൂടുതൽ കാണികളും വിനോദസഞ്ചാരികളും എത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.1955ൽ ആണു നെഹ്റു ട്രോഫി വള്ളംകളി ഇപ്പോഴത്തെ പുന്നമട
ട്രാക്കിൽ തുടങ്ങിയത്. 1954ൽ വട്ടക്കായലിൽ നടത്തിയെങ്കിലും അവിടെ കാറ്റ് പ്രതികൂലമായതിനാലാണു പുന്നമട
അരങ്ങായത്.കലക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, സബ് കലക്ടർ സമീർ കിഷൻ എന്നിവരാണു സംഘാടനത്തിന്റെ അമരത്തുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]