
മാന്നാർ ∙ മഴ പൂർണമായും മാറി നിന്ന 2 ദിനം, വെള്ളപ്പൊക്കത്തിനു ശമനമായി, ജലനിരപ്പു താഴ്ന്നു തുടങ്ങി. അപ്പർ കുട്ടനാടിനു വെള്ളപ്പൊക്ക ദുരിതം സമ്മാനിച്ച പമ്പാനദി, അച്ചൻകോവിലാർ, കുട്ടംപേരൂർ ആറ്, ചെന്നിത്തല പുത്തനാറ്, ആറായിരത്തോളം വരുന്ന പാടശേഖരങ്ങളിലെയും ജലനിരപ്പ് ഒരടിയിലേറെ ഇന്നലെ താഴ്ന്നു.
മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തെ വെള്ളമിറങ്ങി തുടങ്ങി. എന്നാൽ പാടശേഖരത്തോടു ചേർന്നു കിടക്കുന്ന താഴ്ന്ന സ്ഥലങ്ങളിലെ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. മാന്നാർ– മൂർത്തിട്ട–മുക്കാത്താരി റോഡിലെ വെള്ളം ഭാഗികമായി ഇറങ്ങി.
ചില ഭാഗം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പമ്പാനദിയുടെ തീരത്തുള്ള മേൽപ്പാടം സിഎംഎസ് എൽപി സ്കൂൾ വളപ്പിലെ വെള്ളമിറങ്ങിയിട്ടില്ല.
എന്നാലും ഇന്നലെ ക്ലാസുകൾ ആരംഭിച്ചു.
വള്ളക്കാലിക്ക് തെക്ക് വാലേൽ ഭാഗത്തെ വെള്ളമിറങ്ങാതെ കിടക്കുകയാണ്. ഇവിടുത്തെ 30 വീട്ടുകാർ ദുരിതം അനുഭവിച്ചു കഴിയുകയാണ്.
മാന്നാർ പടിഞ്ഞാറൻ മേഖലയിൽപെട്ട ഇടയാടി വൈരപ്പുരം ഭാഗം, ചക്കിട്ടപാലം – കുരിശടി റോഡ്, അങ്കമാലി ഭാഗം, വൈരപ്പുരം– കോടാകേരിൽ– അഗ്രികൾചറൽ ബണ്ട് മൂന്നേത്തും പടി റോഡ്, വൈരപ്പുരം ചേറ്റാളപ്പറമ്പിൽ ഭാഗം, മുക്കാത്താരി മൂർത്തിട്ട
റോഡ്, ചിറമേൽപ്പടി– മുക്കാത്താരി ചിറമേൽപ്പടി– ചിറയിൽ കുളിക്കടവ് റോഡ്, തോലംപടവ് ഭാഗം, പാവുക്കര വൈദ്യൻ നഗർ, ബുധനൂർ പഞ്ചായത്തിലെ പൊണ്ണത്തറ– പിപ്പിലിത്തറ, എണ്ണയ്ക്കാട് പ്ലാക്കാത്തറ, തയ്യൂർ, കളത്തൂർകടവ്, ഉളുന്തി പുറന്തട, ചെന്നിത്തല പഞ്ചായത്തിലെ ചെറുകോൽ പറക്കടവ് കിഴക്കൻവേലി ഭാഗം, പ്രായിക്കര ലേലക്കടവ് ഭാഗം, കാരിക്കുഴി, മുണ്ടുവേലിക്കടവ്, കാങ്കേരി, ചിത്തിരപുരം, പറയങ്കേരി, ഇഞ്ചക്കത്തറ, പാമ്പനം ചിറ, വാഴക്കൂട്ടം കടവ്, സ്വാമിത്തറ, ചില്ലിത്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലായി 400ൽ അധികം വീട്ടുകാർ ഈ കാലവർഷക്കാലത്തുണ്ടായ 4 വെള്ളപ്പൊക്കത്തിന്റെയും ദുരിതം അനുഭവിച്ചു കഴിയുകയാണ്. മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിലെ 3 ദുരിതാശ്വാസ ക്യാംപുകളും ഇന്നലെയും പ്രവർത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]