
ആലപ്പുഴ ∙ പോക്സോ കേസിൽ വിചാരണത്തടവുകാരനായി 285 ദിവസം ജയിലിൽ കഴിയേണ്ടിവന്ന 75 വയസ്സുകാരനെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി വിട്ടയച്ചു. താൻ നേരത്തെ തെറ്റായ മൊഴിയാണു നൽകിയതെന്നു സ്കൂൾ വിദ്യാർഥിനിയായ അതിജീവിത കോടതിയിൽ പറഞ്ഞതിനെ തുടർന്നാണിത്.ആലപ്പുഴ നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ പോക്സോ കോടതി ജഡ്ജിയും അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജിയുമായ റോയ് വർഗീസ് ഇന്നലെ വിധി പറഞ്ഞത്.
കാമുകനെ രക്ഷിക്കാനാണു താൻ തെറ്റായ മൊഴി നൽകിയതെന്നു പെൺകുട്ടി പറഞ്ഞതോടെ കാമുകനെതിരെ കേസെടുത്തിട്ടുണ്ട്.
നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന വയോധികൻ പെൺകുട്ടിയുടെ വീട്ടിൽ സഹായങ്ങൾ ചെയ്തിരുന്നു. ആ കാലത്തു വയോധികൻ തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കൂട്ടുകാരോടു പറഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
അറസ്റ്റിലായ പ്രതിക്കു കോടതി ജാമ്യം നിഷേധിച്ചു. വിചാരണ സമയത്തു പെൺകുട്ടി, തനിക്കു തെറ്റു പറ്റിയെന്നും പ്രതി നിരപരാധിയാണെന്നും കോടതിയെ അറിയിച്ചു.
കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ വയോധികൻ തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണു തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.
ഇതോടെ കേസ് വീണ്ടും അന്വേഷിക്കാൻ നോർത്ത് പൊലീസിനു കോടതി നിർദേശം നൽകി. പുനരന്വേഷണത്തിൽ വയോധികൻ നിരപരാധിയാണെന്ന മൊഴിയിൽ പെൺകുട്ടി ഉറച്ചുനിന്നു.പ്രതിക്കു വേണ്ടി അഭിഭാഷകരായ പി.പി.ബൈജു, ഇ.ഡി.സഖറിയാസ് എന്നിവർ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]